കൊച്ചിയിലെപ്പോലെ ഇത് കായലിലും കടലിലും ഒന്നുമല്ല ഇവനെ സെറ്റപ്പ് ചെയ്തിരിക്കുന്നത്. ഒരു തടാകത്തിന്റെ ഓരത്ത് നാലഞ്ച് മുട്ടുകള്‍ ഒക്കെ കൊടുത്ത് ചെറിയ ഒരു പരിപാടി അത്ര തന്നെ...
കൊച്ചിയിലെ വലകള്‍ പക്ഷേ ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ വലുതാണ്. വലിയ കല്ലുകള്‍ കെട്ടിയിട്ട കയറുകള്‍ അഞ്ചാറാളുകള്‍ ചേര്‍ന്ന് ആയാസപ്പെട്ട് വലിച്ചാണ് കൊച്ചിയില്‍ ചീനവല പൊക്കുന്നത് കണ്ടിട്ടുള്ളത്. പക്ഷേ ഇവന്റെ ഒപ്പറേഷന് സിമ്പിള്‍. പ്രത്യേകിച്ച് പണിയൊന്നും ഇല്ലാത്ത ഒരു അപ്പാപ്പന് ഉച്ചകഴിയുമ്പോള്‍ വന്ന് ഈ വലയും താഴ്ത്തി ഒരു സിസ്സറൊക്കെ വലിച്ച് ഇരിയ്ക്കും. പത്തിരുപത് മിനുട്ട് കൂടുമ്പോള്‍ കക്ഷി താഴെക്കാണുന്ന ചിത്രത്തിലേപ്പോലെ ആ ലിവറ് പിടിച്ച് താഴ്ത്തി മീനുണ്ടോ എന്ന് നോക്കും.
കിട്ടുന്ന മീനുകളെ (വല്ലതും കിട്ടിയാല്‍)തത്സമയം ചാകാന്‍ അനുവദിയ്ക്കാതെ തടി പ്ലാറ്റ്ഫോമിന്റെ വശത്തുള്ള മൂന്ന് സ്റ്റോറേജ് വലകളില്‍ സൂക്ഷിക്കും. കിട്ടിയാല്‍ ഊട്ടി ഇല്ലേല് ചട്ടി എന്ന മട്ടില്‍ കക്ഷി വൈകുന്നേരം വരെ ഈ പരിപാടി തുടരും. അഞ്ച് മണിയായാല്‍ അപ്പാപ്പന് ഉള്ള് മീനും പെറുക്കി, വലയും പൊക്കി വച്ച് സാമ്പാറ്വണ്ടിയില്‍ കയറി പോകും.
ഈ വണ്മാന് ഷോ ചീനവല എതായലും കൊള്ളാവുന്ന പണിയാണല്ലോ എന്ന് കരുതി നടന്നപ്പോഴാണ് അതിലും വലിയ ഒരു ടീം കൊറ്റിയേ പോലെ ധ്യനത്തിലിരുന്ന് മീന്‍ പിടിക്കുന്നത് കണ്ടത്. താഴെ നോക്കിയേ ഇരിക്കണ ഇരിപ്പ് കണ്ടോ..:-)
പതിനായിരങ്ങള്‍ വിലയുള്ള ചൂണ്ടയും, മീന്‍ പിടിയ്ക്കനുള്ള ലൈസന്‍സും ഉള്ള ചേട്ടന്മാര് മീന്‍ പിടിയ്ക്കണ കാണാന്‍ല്ലേ നമുക്ക് പറ്റൂ, അത് കൊണ്ട് വെറുതെ അവിടെ അധികം സമയം ചുറ്റിത്തിരിഞ്ഞ് കാറ്റ് കൊണ്ട് പനി പിടിപ്പിക്കാതെ ഞാന്‍ വീട്ടിലേക്ക് പോന്നു.
ജാമ്യം: കൊച്ചിയിലെ ഓപ്പറേഷന് ചീനവല എതാണ്ട് 8-9 കൊല്ലം മുന്‍പ് കണ്ടതാണ്. മുകളില്‍ പറഞ്ഞിരിക്കുന്നതില്‍ എന്തെങ്കിലും പിശകുണ്ടെങ്കില്‍ പറയണേ..എപ്പോ തിരുത്തി എന്ന് ചോദിച്ചാല്‍ മതി.:-)