Friday, September 29, 2006

ഒരു 'കൊല'പാതകം

എന്റെ ജനനത്തിനു ശെഷം ഭൂമി പതിനേഴു വട്ടം മാരത്തോണ്‍ നടത്തി പതിനെട്ടാമത്തേതിനു തയ്യറെടുകുന്ന സമയം. ഏഷ്യാനെറ്റില്‍ കടത്തനാട്ടുമാക്കവും കണ്ടു നാലുമണിയുടെ ചായക്കു സുഖമാണോ എന്നു അന്വേഷിച്ചതും അമ്മ മുന്നില്‍ പ്രത്യക്ഷ്യപ്പെട്ടു. "രാവിലെ മുതല്‍ ടീവീടെ മുന്‍പില്‍ തന്നെ ഇരുന്നോ, വെറെ ഒരു പണിയും ചെയ്യേണ്ട..നെനക്കു നിന്റെ മുടിയെങ്കിലും ഒന്നു വെട്ടിച്ചു കൂടേ..ചെകുത്താന്റെ പോലേണ്ട്..".

ദൈവമേ എന്റെ ഗ്ലാമര്‍...

കണ്ണാടിയില്‍ പോയി നോക്കി. അയ്യോ..! പേടിച്ചു പോയി...!

ശരിയാ മുടി വളര്‍ന്നു ഹെയര്‍ സ്റ്റെയില്‍ "മൗഗ്ലി"യുടെതു പോലെയായി..വെട്ടിച്ചേയ്ക്കാം. പേഴ്സു എടുത്തു ഒരു പോസ്റ്റുമോര്‍ട്ടം നടത്തി, പത്ത്‌ രൂപയുമെടുത്തു സന്തോഷിന്റെ ടിപ്പ്‌ ടോപ്പിലെക്കു പോകാന്‍ ഹെര്‍ക്കുലീസ്‌ സ്റ്റാര്‍ട്ടു ചെയ്തതും, പറമ്പില്‍ നാലു വാഴകളുമായി മല്‍പ്പിടിത്തം നടത്തിക്കൊണ്ടിരുന്ന പിതാശ്രീ എന്നെ പുറകില്‍ നിന്നു വിളിച്ചു. "ടാ നീ സൈക്ലും കൊണ്ടാണോ പോണെ..?". നശിപ്പിച്ചു ..., ഒരു നല്ലകാര്യത്തിനു ഇറങ്ങുമ്പൊഴാ പൊറകീന്നു വിളിക്കണെ എന്ന ഭാവത്തില്‍ ഞാന്‍ തിരിഞ്ഞു. "നീ ദേ ഇതുംകൂടി കൊണ്ടോക്കോ ആ ബാബൂന്റെ കടേലു കൊടുത്താല്‍ മതി". എന്തു പണ്ടാരാണോ എന്നു ഓര്‍ത്തു പറമ്പിലേക്കു ചെന്നപ്പോള്‍ അതാ അവിടെ...

സിസ്സേറിയന്‍ കഴിഞ്ഞിട്ടു അധികം നേരം ആവാത്ത ഒരു ഇളം പൈതല്‍.. ഒരു മുട്ടന്‍ "പാളയംകോടന്‍ വാഴക്കുല". കണ്ണീരോടെ ഇസട്‌ ആകൃതിയില്‍ നില്‍ക്കുന്ന വാഴയമ്മച്ചിയെ സക്ഷിയാക്കി പിതാശ്രീ ആ കുഞ്ഞിനെ എന്റെ കയ്യില്‍ ഏല്‍പ്പിച്ചു."10 കിലോയ്ക്കു മേലില്‍ തൂക്കോണ്ട്‌ , കിലോയ്ക്കു ഒരു നാലു രൂപ വച്ചു എങ്കിലും തരാന്‍ പറ" പിതാശ്രീ ഉവാച... റാന്‍ അടിയന്‍, ഓകെ ഡാഡീ.. തിരുവായ്ക്കു ഏതിര്‍വായില്ല..കേന്ദ്രസഹായം കൊണ്ടാണല്ലോ കഴിഞ്ഞു കൂടുന്നത്‌.

ഒരു ചാക്കെടുത്തു ഡയപ്പര്‍ പോലെ കെട്ടി കുഞ്ഞിനെ സൈക്കളിന്റെ പിറകില്‍ പ്രതിഷ്ഠിച്ചു. ഈ മാരണവും ചുമന്നോണ്ടു പോയാല്‍ എന്റെ ഇമേജ്‌, ഗ്ലാമര്‍,അഭിമാനം ഇതിന്റെയൊക്കെ നിലവാരം ഓഹരിവില പോലെ ഇടിയും. പക്ഷേ അഭിമാനവും, കുല വിറ്റാല്‍ കിട്ടുന്ന 10 റുപ്പീസ്‌ കമ്മീഷനും തമ്മില്‍ തൂക്കിനോക്കിയപ്പോള്‍ 10 രൂപയുടെ സൈഡു താഴ്‌ന്നു ഇരിക്കുന്നതു കണ്ടു ഞാന്‍ സൈക്കിള്‍ സ്റ്റാര്‍ട്ട്‌ ചെയ്തു. ഈ കൊല ആദ്യം തലേന്ന് ഒഴിവാക്കണം, അതു കഴിഞ്ഞു മുടി വെട്ടാന്‍ പോകാം. സൈക്കിള്‍ നേരേ "മറിയ സ്റ്റോര്‍സ്‌"ന്റെ മുന്നില്‍ നിന്നു. കടേല്‍ കുറച്ചു പേരുണ്ട്‌. സൈക്കളില്‍ നിന്നു കൊല താഴെയിറക്കുന്നതിനു മുന്‍പു ആ പരിസരം എല്ലം എന്റെ റഡാറില്‍ ഒന്നു സെര്‍ച്ചു ചെയ്തു. യെസ്‌..! രണ്ടു മൂന്നു പെമ്പിള്ളേര്‍ കടയിലുണ്ട്‌. ഇനിയുള്ള നീക്കങ്ങള്‍ എല്ലാം കരുതലോടെ ആയിരിക്കണം... ഞാന്‍ തീരുമാനിച്ചു. വിചാരിച്ച പോലെ അല്ല, കൊല ഒരു പതിനഞ്ചു കിലോ എങ്കിലും ഉണ്ടെന്നു തോന്നുന്നു...ഒരു വിധത്തില്‍ അതു സൈക്കളില്‍ നിന്നും താഴെയിറക്കി വരാന്തയുടെ മൂലക്കു കുത്തി ചാരി നിര്‍ത്തി.

അല്‍പ്പസമയത്തിനകം വാഴക്കുലയുടെ തൂക്കം , കായ്കളുടെ എണ്ണം എന്നിവ സ്വര്‍ണ്ണം തൂക്കുന്നതു പോലെ കണക്കാക്കി. മോശമില്ല പതിമൂന്നര കിലോ.അതില്‍ ലവന്റെ സ്കെലിറ്റന്‍ കാളാമുണ്ടന്‍ 1 കെജി കുറച്ചു പന്ത്രണ്ടര കിലോയ്ക്കു നാലു രൂപാ വിലയിട്ടു കാശു തന്നു. മഹാപാപി.. കടയില്‍ വില്‍ക്കുന്നത് കിലോയ്ക്കു ഒന്‍പതു രൂപയ്ക്കും പത്തു രൂപയ്ക്കും. വാങ്ങുന്നതോ..? കര്‍ഷകര്‍ ആത്മഹത്യ അല്ലേ ചെയ്യുന്നുള്ളു , കൊലപാതകികള്‍ ആവുന്നില്ലല്ലോ..! എന്നു സമധാനിച്ചു ഞാന്‍ കടയില്‍ നിന്നു ഇറങ്ങി. 50 റുപ്പീസിനു തന്നെ വിറ്റിട്ടു പോകുന്ന കാഴ്ച കണ്ടു വാഴക്കുല കരഞ്ഞു കാണണം... ആ കരച്ചിലു കേട്ടിട്ടൊ എന്തോ ബാബുക്കുട്ടന്‍ എന്നെ വിളിച്ചു "ടാ.. നീ ആ അതു എടുത്തു ഒന്നു മോളില്‍ തൂക്കിയിട്ടു പോ, നിനക്കാകുമ്പോള്‍ പൊക്കമുണ്ടല്ലോ..". അവസാനം കോമ്പ്ലിമന്റ്‌ ആയി പറഞ്ഞ വാക്കുക്കള്‍ കേട്ടിട്ടാണെന്നു തോന്നുന്നു അവിടെ നിന്നിരുന്ന സുന്ദരിക്കോതകള്‍ എന്നെ ഒന്നു പാളി നോക്കി, പിന്നെ എന്തൊ കുശുകുശുത്തു ചിരിച്ചു...

എന്താന്നു അറിയില്ല, സമുദ്രനിരപ്പില്‍ നിന്നു 6 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്നതു കൊണ്ടാവാം അവിടെ നിന്നിരുന്ന പൊക്കസാക്ഷരത ഇല്ലാത്ത എല്ലവരെയും നോക്കി ഒരു ഗൂഡമന്ദസ്മിതം പൊഴിച്ചു കൊണ്ടു, ആ വെല്ലുവിളി ഏറ്റെടുത്തു ഞാന്‍ വാഴക്കുലയുടെ അടുത്തേക്കു നടന്നു. ഉപ്പുചാക്കിന്റെ മുകളില്‍ കുത്തിയിരുന്ന പരമുവാശാന്‍ എന്തോ ഒരു കാഴ്ച കാണാന്‍ പോകുന്ന പോലെ ഒന്നു കൂടി ഇളകിയിരുന്ന്, ഒരു ബീഡിയ്ക്കു തീപ്പിടിപ്പിച്ചു. ഇതിനോടകം ഞാന്‍ ലവനെ തൂക്കേണ്ട ഇടം ഐഡെന്റിഫൈ ചെയ്തു, കൊളുത്തില്‍ കിടന്നിരുന്ന കയറ് അഴിച്ചു. രണ്ടു പുകയെടുത്ത ശേഷം പരമുവാശാന്‍ എന്നെ ഒന്നു നോക്കി ചോദിച്ചു

"ടാ നീ തന്നെത്താനേ ഇതു എടുത്തു പൊക്കുമോ..താഴേന്നു തന്നെ തൂക്കാന്‍ പറ്റ്വോ...?"

ഹും..പുവര്‍ ഓള്‍ഡ്‌ ഫെല്ലോ..6 അടി പൊക്കത്തില്‍ നില്‍ക്കുന്ന എന്നോടൂ..പുല്ലാന്നിപ്പുറത്തു ഓന്തിരിക്കുന്ന പോലത്തെ അയള്‍ടെ ഒരു ചോദ്യം.."ഹേയ്‌ കൊഴപ്പോല്ല പരമുവേട്ടാ.. ", ഞാന്‍ വാഴക്കുലയുടെ കൊരവള്ളിയ്ക്കു പിടിച്ചു , അവന്റെ കഴുത്തില്‍ കാലപാശം ഇട്ടു. ദുശ്ശാസനന്‍ പാഞ്ചാലിയെ മുടിയ്ക്കു പിടിച്ചു വലിച്ചു കൊണ്ടു വന്ന പോലെ , ലവനെ കടയുടെ ഉമ്മറത്തെയ്ക്കു കൊണ്ടു വന്നു.പതിമൂന്നര കിലോ എന്നു പറയുന്നതിന്റെ വൈയ്റ്റ്‌ ഇപ്പൊ കൂടിയൊ എന്ന സംശയം എന്റെ ഹെല്‍ത്തി മസില്‍സിനു തോന്നിയിരുന്നു, അതു കൊണ്ടാണ്‌ ആദ്യത്തെ രണ്ടു സെക്കന്റ്‌ മാത്രം എന്റെ കയ്യില്‍ ഇരുന്ന ലവന്‍ പിന്നെ നെഞ്ഞത്തും പിന്നെ കാലിലും പിന്നെ പാഞ്ചാലി മോഡലില്‍ നിലത്തുമായത്‌. മസില്‍സിന്റെ സംശയം വിയര്‍പ്പുതുള്ളികള്‍ ആയി എന്റെ നെറ്റിയില്‍ പ്രത്യക്ഷപ്പെട്ടു...

ഒരു ആരാച്ചാരെ പോലെ കുലയുടെ കഴുത്തിലെ കയര്‍ ശരിയാണെന്നു ഉറപ്പു വരുത്തി, മുകളില്‍ അവനെ തൂക്കാനുള്ള കൊളുത്തിനെ മനസില്‍ ആവഹിച്ചു,ഇടത്തെ കൈ മുകളിലുംവലത്തെ കൈ കീഴെയും പിടിച്ചു ലവനെ എടുത്തു പൊക്കി.ഒറ്റ ടേക്കില്‍ സംഭവം തലയ്ക്കു ഒപ്പം എത്തി, പക്ഷേ കൊളുത്തു ഫീല്‍ഡില്‍ നിന്നു മറഞ്ഞു...

....സെക്കന്റുകള്‍ കടന്നു പോകുന്നു...

കയ്യിലെ മസില്‍സ്‌ ഓവര്‍ ഹീറ്റ്‌ ആകാന്‍ തുടങ്ങി.... ഹാര്‍ട്‌ ബീറ്റ്‌ ഇപ്പൊള്‍ 550 പെര്‍ സെക്കന്റ്‌, കാലുകളുടെ ട്രെംബ്ലിങ്ങു 50 വൈബ്രേഷന്‍ പെര്‍ സെക്കന്റ്‌, ആദ്യത്തെ 10 സെക്കന്റ്‌ ഇപ്പ്രകാരം കൊളുത്തു അന്വേഷിച്ചു കടന്നു പോയി...

പെട്ടെന്ന്, മിഷന്‍ അബോര്‍ട്ടു ചെയ്തില്ലങ്കില്‍ ഓയെസ്‌ അടിച്ചു പൊയേക്കും എന്ന സിസ്റ്റം അലെര്‍ട്ട്‌ എനിക്കു കിട്ടി....അതേ... മുണ്ടിന്റെ കുത്തഴിയുന്നു..പതിയെ പതിയെ കക്ഷി ബോഡിയില്‍ നിന്നു സ്ലിപ്പ്‌ ആകുന്നു.. വാഴക്കുലയും പിടിച്ചു സ്റ്റാച്യു ഓഫ്‌ ലിബേര്‍ട്ടി പോലെ പലചരക്കു കടയുടെ മുന്‍പില്‍ മുണ്ടില്ലതെ നിന്നാല്‍...

...ഈശ്വരാ...!

ദൈവം എന്റെ പ്രാര്‍ഥന കേട്ടു....! കൊളുത്തു കണ്ടു..ഉടനേ ലവനെ തൂക്കി..മിഷന്‍ കമ്പ്ലീറ്റെട്‌..!. അഴിഞ്ഞ മുണ്ടു മുറുക്കി കുത്തി ഞാന്‍ മോളിലോട്ടു നോക്കി. ഇന്‍സാറ്റ്‌ ഭ്രമണപഥത്തില്‍ എത്തുമ്പോള്‍ ശാസ്ത്രജ്ഞര്‍ നോക്കി നിന്നു അഭിമാനം കൊള്ളുന്നതു പോലെ, സുരക്ഷിതമായി ഭ്രമണപഥത്തില്‍ എത്തിയ ആ വഴക്കുലയെ കണ്ടു ഞാന്‍ അഭിമാനം കൊണ്ടു ..എന്റെ മസില്‍സ്‌ കോരിത്തരിച്ചു....!

ധിം..!
...............
.......
ആദ്യം സര്‍വത്ര ഇരുട്ട്‌...
പിന്നെ ആദിയില്‍ വചനം ഉണ്ടായി....."എന്താ..എന്താ പറ്റിയെ..ടാ..മിണ്ടനില്യാല്ലോ .."
പതുക്കെ പതുക്കെ എന്തൊക്കെയോ ദൃശ്യമാകുന്നു..നിഴലു പോലെ...
ലോകം ഉണ്ടായ കാര്യം ഒന്നും അല്ല..എനിക്കു ബോധം വരുന്നതാ..
യെസ്‌ ഇപ്പോള്‍ എല്ലാം ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റു കളറില്‍ കാണാം...ചുറ്റിനും നിറയെ ആളുകള്‍..

മൊത്തം വേദന..കോരിത്തരിച്ച മസില്‍സ്‌ എല്ലാം കോച്ചിപ്പിടിച്ച പോലെ..വാരിയെല്ലുകള്‍ സേമിയ പൊടിച്ച പോലെ... ഉപ്പുചാക്കിന്റെ സൈഡിലോട്ടു ഞാന്‍ ചാരിയിരുന്നു. ഇന്നാ ഇതു കുടിക്ക്‌ എന്നു പറഞ്ഞു ആരോ ഒരു സോഡ എന്റെ കയ്യില്‍ തന്നു..ഒരിറക്കു കുടിച്ചു, ങേഹേ.. അതു ചെസ്റ്റിനു മുകളിലായി എവിടെയോ ബ്ലോക്ക്‌ ആയി..

അര മണിക്കൂര്‍ കൊണ്ടു ഞാന്‍ നോര്‍മല്‍ ആയി..അപ്പൊഴേക്കും അതു വരെ എന്റെ ബോഡിയില്‍ ഇല്ലാതിരുന്ന ചില മസില്‍സ്‌ അവിടിവിടെയായി പ്രത്യക്ഷപ്പെട്ടിരുന്നു..സംഭവിച്ചതു മറ്റൊന്നും ആയിരുന്നില്ല..ഭ്രമണപഥത്തില്‍ നിന്നു സിഗ്നലുകള്‍ അയച്ചു തുടങ്ങിയ വാഴക്കുല ഞാന്‍ തൂക്കിയ കയറിന്റെ ഗുണനിലവാരം ഇഷ്ടപ്പെടാതെ നേരെ റിട്ടേണ്‍ ടിക്കറ്റ്‌ എടുത്തു എന്റെ നെഞ്ചത്തു ലാന്റു ചെയ്തു. പിന്നെ എനിക്കു ഓര്‍മ്മയുള്ള കാര്യങ്ങളാണു മുകളില്‍ പറഞ്ഞത്‌.

ടിപ്പര്‍ ഇടിച്ച ഓട്ടോറിക്ഷാ പരുവത്തില്‍ വാഴക്കുല നിലത്തു ഡെഡ് ബോഡിയായി കിടപ്പുണ്ട്‌. ബാബുക്കുട്ടന്‍ കോപക്കുട്ടനായി എന്നേയും ലവനേയും മാറി മാറി നോക്കി." എവടെ നോക്കിയാടാ കയറെടുത്തു കെട്ടിയേ..ഓരോന്നു ഒപ്പിച്ചോളും ..ഇതീന്നു കിട്ടണ വിറ്റേച്ചു കൊറൊവൊള്ളതു അടുത്ത പറ്റില്‍ എഴുതിയെക്കാം" എന്നു പറഞ്ഞു അകത്തോട്ടു പോയി.

ആറ്റംബോംബു വീണ ഇഫക്ടില്‍ ഇരിക്കുന്ന എന്നെ നോക്കി മാധവിച്ചേച്ചി ചോദിച്ചു "മോനേ, വേദനേണ്ടോ..? വിക്സോ വല്ലോം ഇട്ടു തിരുമ്മണോ..?" വേണ്ടാ എന്നു പറയാന്‍ എനിക്കു വാ തുറക്കേണ്ടി വന്നില്ലാ, അതിനു മുന്‍പേ പരമുവാശാന്‍ ചാമ്പി.. "വേണ്ടടി മാധവി... ഇവന്റെ നെഞ്ഞത്തു വിക്സിട്ടാ മുതുകത്തു വരും...".

ഇത്രേം പ്രായമായിട്ടും ഈ പുണ്യാത്മാവിനൊന്നും അങ്ങോട്ടുള്ള വിസയടിക്കറായില്ലെ എന്നോര്‍ത്തു,നാലഞ്ച് "സംസ്കൃത പദങ്ങള്‍" മനസാ ഉരുവിട്ട് ഞാന്‍ പതുക്കെ എഴുന്നേറ്റു പ്രാഞ്ചി പ്രാഞ്ചി പുറത്തേയ്ക്കു നടന്നു...
അപ്പോഴും പുറകീന്നു കള്ളിയങ്കാട്ടു നീലിമാരുടെ ചിരി എനിക്കു കേള്‍ക്കമായിരുന്നു.....

29 comments:

ഉത്സവം : Ulsavam said...

ഒരു 'കൊല'പാതകം

അനുഭവകഥ..
....

ഇത്രേം പ്രായമായിട്ടും ഈ പുണ്യാത്മാവിനൊന്നും അങ്ങോട്ടുള്ള വിസയടിക്കറായില്ലെ എന്നോര്‍ത്തു,നാലഞ്ച് "സംസ്കൃത പദങ്ങള്‍" മനസാ ഉരുവിട്ട് ഞാന്‍ പതുക്കെ എഴുന്നേറ്റു പ്രാഞ്ചി പ്രാഞ്ചി പുറത്തേയ്ക്കു നടന്നു...
അപ്പോഴും പുറകീന്നു കള്ളിയങ്കാട്ടു നീലിമാരുടെ ചിരി എനിക്കു കേള്‍ക്കമായിരുന്നു.....

Visala Manaskan said...

എനിക്ക് വയ്യായേ... ചിരിച്ചെന്റെ വന്‍കുടല് ചെറുകുടകലും കെട്ടുപിണഞ്ഞേ..

ബൂളോരേ മാളോരേ....ഇത് കൊലപാതകം തന്നെ. തനി കൊലപാതകം. സൂപ്പര്‍ ഡ്യൂപ്പറ് പോസ്റ്റ്!

എന്തൊരു കലക്കാ കലക്ക്യേക്കണേ..!

Kalesh Kumar said...

പുലിവര്യാ, കലക്കി!
ചിരിച്ച് മണ്ണുകപ്പി!

ഉഗ്രന്‍ പോസ്റ്റ്!!!

Mubarak Merchant said...

ദിതിനക്കേണ് തമാശക്കത തമാശക്കത എന്ന് പറയണത്. അല്ലാതെ ഞാനെഴുതണ ചവറുകള്‍ക്കല്ല എന്നെനിക്ക് പിടികിട്ടി!

ദിവാസ്വപ്നം said...

ഹ ഹ ഹ ഹ ഹ ഹ


കിടിലോല്‍ക്കിടിലോല്‍ക്കിടിലോല്‍ക്കിടിലം !!

എന്താ സാധനം... അലക്കിപ്പൊളിച്ചൂന്ന് പറഞ്ഞാല്‍ മതിയല്ലോ !

ഇതാരും കണ്ടില്ലേ, വിശാലേട്ടനും കലേഷ്ഭായിയും ഒഴിച്ച്.

പെട്ടെന്ന് എഴുതിത്തീര്‍ത്തതുപോലെ. ഞങ്ങളെ ഇത്തിരികൂടി ചിരിപ്പിക്കാമായിരുന്നു ഉത്സവം...

:-)

അരവിന്ദ് :: aravind said...

മൈ ഡിയര്‍!!!!!
ബൂലോഗത്തില്‍ പുലിയിറക്കം ഇപ്പോള്‍ വരളെ വിളരം..അല്ല, വളരെ വിരളം.

ഈ പോസ്റ്റ് സൂപ്പര്‍ ഡ്യൂപ്പര്‍..അടുത്തകാലത്ത് എറങ്ങിയ മെഗാഹിറ്റുകളില്‍ ഒന്ന്!!!
ചിരിച്ചിട്ടെന്റെ ചെസ്റ്റിനു മുകളിലും ഒരു ബ്ലോക്ക് !

ബൂലോഗത്തിലെ കൂട്ടയിടികാരണം പുലിപ്പോസ്റ്റുകള്‍ കാണാതെ പോകുന്നു.
ഈ ബ്ലോഗ് ഞാന്‍ അടയാളം വച്ചു. :-))

സൂപ്പര്‍!

Unknown said...

അമ്മോ......
അടിച്ച് പൊളിച്ച് ‘ന്നാ മ്വോനേ’ എന്നും പറഞ്ഞ് കയ്യില്‍ തന്നല്ലോ മാഷേ..

സൂപ്പര്‍, കിടിലന്‍, ഭയങ്കരം. :-)

അലിഫ് /alif said...

ചിരിയുടെ ഉത്സവം തന്നെ. ഒരുപാടിഷ്ടമായി, പ്രത്യേകിച്ചും “വാഴക്കുലയും പിടിച്ചു സ്റ്റാച്യു ഓഫ്‌ ലിബേര്‍ട്ടി പോലെ പലചരക്കു കടയുടെ മുന്‍പില്‍ മുണ്ടില്ലാതെ നിന്നാല്‍‘ എന്നുള്ളതും, അവസാനത്തെ സംസ്കൃതവും കിടിലന്‍.

Adithyan said...

ആഡംബരം... :)

സുന്ദരിക്കോതകളില്‍ നിന്ന് കള്ളിയങ്കാട്ടു നീലിമാരിലേക്കുള്ള പരിണാമം മനോഹരമായി വരച്ചു കാട്ടിയിരിക്കുന്നു ;)

ശെഫി said...

ശ്യൊ മനം കളഞ്ഞല്ലൊ ചെക്കന്‍

ഇടിവാള്‍ said...

ഉഗ്രന്‍ മാഷേ.. ഈ പോസ്റ്റിപ്പഴാ കണ്ടത് കേട്ടോ ! രസിച്ചു വായിച്ചു !

മുസാഫിര്‍ said...

നല്ല അനുഭവ കഥ,രസകരമായ വിവരണം.ഇനിയും പോരട്ടെ !

Satheesh said...

അപാരം! ചിരിച്ച് കുത്തി മറിഞ്ഞു!
ഒരെതിരില്ലാത്ത ഉപമകള്‍! :-)

ഉത്സവം : Ulsavam said...

സന്തോഷായി..
ബൂലോകപുലികള്‍ എന്റെ പോസ്റ്റിനു കമന്റ് ഇട്ടു എന്ന് കണ്ട് വിശ്വസിക്കാ‍ന്‍ പറ്റിയില്ല
വിശലേട്ടന്‍,
കലേഷ്ജി,
ഇക്കാസ്,
ദിവാ,
അരവിന്ദേട്ടന്‍,
ദില്‍ബു,
ചെണ്ടക്കാരന്‍,
ആദി,
ഷെഫി,
ഇടിവാള്‍,
മുസാഫിര്‍,
സതീഷ്
എല്ല്ലാവര്‍ക്കും ഒത്തിരി ഒത്തിരി നന്ദി.

മുല്ലപ്പൂ said...

ചിരിച്ചു വയ്യായേ.

സൂപ്പര്‍. ഒന്നാന്തരം.

പെട്ടെന്ന്, മിഷന്‍ അബോര്‍ട്ടു ചെയ്തില്ലങ്കില്‍ ഓയെസ്‌ അടിച്ചു പൊയേക്കും എന്ന സിസ്റ്റം അലെര്‍ട്ട്‌ എനിക്കു കിട്ടി

Sreejith K. said...

അമറന്‍ പോസ്റ്റ്.

കണ്ണാടിയില്‍ പോയി നോക്കി. അയ്യോ..! പേടിച്ചു പോയി...!

എന്താ ചുള്ളാ അലക്ക്. ഇഷ്ടായീട്ടോ

mydailypassiveincome said...

ഹഹഹ.... ആ സ്റ്റാച്യു ഓഫ്‌ ലിബേര്‍ട്ടി പ്രയോഗം എനിക്കും ഇഷ്ടപ്പെട്ടു.

sreeni sreedharan said...

ഉത്സവം ഇത് സൂപ്പറായി...
അന്നാലും കമ്പ്ലീറ്റ് ഇമേജും ലവളുമാരുടെ മുന്‍പില്‍ പ്ഓയല്ലൊ!!

Rasheed Chalil said...

ഇന്‍സാറ്റ്‌ ഭ്രമണപഥത്തില്‍ എത്തുമ്പോള്‍ ശാസ്ത്രജ്ഞര്‍ നോക്കി നിന്നു അഭിമാനം കൊള്ളുന്നതു പോലെ, സുരക്ഷിതമായി ഭ്രമണപഥത്തില്‍ എത്തിയ ആ വഴക്കുലയെ കണ്ടു ഞാന്‍ അഭിമാനം കൊണ്ടു ..


ചുള്ളാ... ഇത് സൂപ്പര്‍

Sudhir KK said...

കലക്കന്‍ ഹാസ്യം. സമുദ്ര നിരപ്പില്‍ നിന്ന് 6 അടി ഉയരം, പൊക്കസാക്ഷരത തുടങ്ങിയ പ്രയോഗങ്ങള്‍ക്ക് നല്ല തനിമ. സ്റ്റാച്യു ഓഫ് ലിബര്‍ട്ടി ചിത്രം കലക്കി.

Santhosh said...

ഉത്സവം, അടിപൊളി!
നല്ല ആഖ്യാനം.

ഉത്സവം : Ulsavam said...

അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ
പുല്ലൂരാന്‍,
മുല്ലപ്പൂ,
ശ്രീജിത്ത്,
മഴത്തുള്ളി,
പച്ചാളം,
ഇത്തിരിവെട്ടം,
കൂമന്‍സ്,
സന്തോഷ് എല്ലവര്‍ക്കും നന്ദി..

പച്ചാളം, ഞാന്‍ ചമ്മി വശകേടായെന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ, ..ഇപ്പോള്‍ ആലോചിക്കുമ്പോള്‍ എനിക്കും ചിരി വരാറുണ്ട്.

അമല്‍ | Amal (വാവക്കാടന്‍) said...

രസികന്‍!!!

ഇഷ്ടായി...ച്ചാ....ഒരുപാട്‌....

ഇയാള്‍ക്ക്‌ ഇതൊക്കെ എവിട്ന്നാ കിട്ടണേ ?

നന്നാവും...
നല്ല് മൗലികതേണ്ട്‌, പല പ്രയോഗങ്ങള്‍ക്കും..

കം
തകം
പാതകം
കൊലപാതകം
വാഴക്കൊലപാതകം

ഈ പോസ്റ്റ്‌ അയ്യപ്പപ്പണിക്കര്‍ക്ക്‌

വല്യമ്മായി said...

നല്ല കഥ,രസകരമായ വിവരണം

മുസ്തഫ|musthapha said...

വല്യമ്മായിയാണിങ്ങോട്ട് വഴി കാണിച്ചു തന്നത്...

എന്താ കലക്ക്... കിടിലന്‍...
ചിരിച്ച് ചിരിച്ചൊരു പരുവമായി :)))

ഇത് മിസ്സായിരുന്നെങ്കില്‍ അതൊരു നഷ്ടമാകുമായിരുന്നു.

ഇനി ഞാനും ഇവിടുത്തെ പതിവുകുറ്റിക്കാരന്‍ :)

അഭിനന്ദനങ്ങള്‍ മാഷേ :)

asdfasdf asfdasdf said...

അടിപൊളി. വക്കാരിയുടെ അനിയന്‍ തന്നെ..

ഉത്സവം : Ulsavam said...

വാവക്കാടന്‍,
വല്യമ്മായി,
അഗ്രജന്‍,
കുട്ടന്‍മേനോന്‍,
കമന്റിയ എല്ലാവര്‍ക്കും നന്ദി.:-)

neermathalam said...

chirichu..jhan chattu poooyenthe mashe...
kalakki nu paranga.. kalakalakki...
mougliyum..samudranirappil ninnum 6 ft pokkavum..adipoli..

തറവാടി said...

ഉത്സവം,

പലതും ഞാന്‍ വായിച്ചിട്ടുണ്ട് , സത്യം ശരിക്കും കലക്കി , പിന്നെ എനിക്ക് തൊന്നുന്നു പെട്ടെന്നെഴുതിയതാണെന്ന് , ഒന്ന് കൂടി വായിച്ച് , ഒന്ന് പോളീഷ് ചെയ്തിരുന്നെങ്കില്‍ , ഇന്ന് ബൂലോകത്തുള്ള തമാശ പൊസ്റ്റുകളില്‍ മികച്ചതായെനെ !!

ന്നാലും കലക്കീട്ടൊ