Saturday, September 23, 2006

മുല്ലപ്പെരിയാറും തമിഴരും പിന്നെ നമ്മളും..!

ഒരു അപ്പൂപ്പന്‍ നമ്മുടെ നാട്ടില്‍ പിടി വിട്ടു നില്‍ക്കുന്നു.. കക്ഷിയെ എല്ലാവരും അറിയും.

പേരു : മുല്ലപ്പെരിയാര്‍ ഡാം
പ്രായം : 111 വയസ്‌
ജനനം : 1895
മരണം : ഉടനെ ഉണ്ടാകും...

കേക്കു ഉണ്ടാക്കുന്ന പോലെ മുട്ട,മൈദ, ശര്‍ക്കര മുതലായവ കൊണ്ടു ഒരു ഡാം. കമ്പി സിമണ്റ്റ്‌ നഹി നഹി..! സായിപ്പ് ഉണ്ടാക്കിയതു കൊണ്ടാവാം 111 കൊല്ലമായി പിടിച്ചു നില്‍ക്കുന്നു. ഈ ഡാം അപ്പൂപ്പണ്റ്റെ പിടി വിട്ടാല്‍ താഴെയുള്ള ചെറുകിട ഡാമുകളും, ഇടുക്കി വല്യേട്ടന്‍ ഡാമും, ഇടുക്കി,കോട്ടയം,എറണാകുളം, ആലപ്പുഴ,പത്തനംത്തിട്ട ജില്ലകളിലെ ആബാലവൃദ്ധം ജനങ്ങള്‍,ആടുമാടുകള്‍,കോഴികള്‍,പട്ടി,പൂച്ച,ഉറുമ്പു,കൊതുകു തുടങ്ങി..കൃമികീടങ്ങള്‍ വരെ വിത്തിന്‍ 24 അവേഴ്സ്‌ അറബിക്കടലില്‍ മിക്സു ചെയ്യപ്പെടും. ചിത്രഗുപ്തന്‍ ബള്‍ക്കായിട്ടു അങ്ങോട്ടുള്ള വിസ അടിയ്ക്കാന്‍ ഓറ്‍ഡറ്‍ കൊടുത്തു കാണും. ഒന്നും രണ്ടും അല്ലല്ലൊ ലക്ഷങ്ങള്‍ അല്ലേ ..കമോണ്‍, സ്റ്റാര്‍ട്ട്‌ ആക്ഷന്‍, ക്യാമറാ, ഞങ്ങള്‍ പോകാന്‍ (ചാകാന്‍) റെഡി എന്നു പറഞ്ഞു നില്‍ക്കുന്നതു..മാത്രമല്ല യമലോകത്തേയ്ക്കു വരുന്നതോ..എല്ലാം മലയാളികള്‍ പോരേ പൂരം..! (അതും മദ്ധ്യ(ദ്യ)തിരുവിതാംകൂറുകാര്‍). അവിടെ കാലനും ചിത്രഗുപ്തനും കൂടി അന്തോണീസുപുണ്യാളണ്റ്റെ കുരിശുപള്ളിയില്‍ മുട്ടിപ്പായി പ്രാര്‍ത്ഥിക്കുന്നുണ്ടാകും, "പുണ്യാളാ, ഡാം പൊട്ടല്ലേ..ആ പടകളെ ഇങ്ങോട്ടു കൂട്ടത്തോടെ കെട്ടി എടുക്കല്ലേ..".

പക്ഷേ ഇങ്ങോട്ടു ഒന്നു നോക്കു..അതേ കേരളത്തിലേക്കു തന്നെ.. രാവിലെ എഴുന്നേറ്റാല്‍ ഇറാക്കില്‍ ഇന്നും ബോംബു ഇടുമോ എന്നു തുടങ്ങി മമ്മൂട്ടിയുടെ അടുത്ത പടം പൊട്ടുമോ എന്നു വരെ വേണ്ടതിനും വേണ്ടാത്തതിനും ടെന്‍ഷന്‍ അടിയ്ക്കുന്ന മലയാളി ഈ ഒരു കാര്യത്തില്‍ യാതൊരു പ്രോബ്ളെവും ഇല്ലാതെ ഇരിയ്ക്കുന്ന കണ്ടോ.. അതാണു പാലം കുലുങ്ങിയാലും കേളന്‍ സ്ട്രോങ്ങ്‌ ആയിരിക്കും എന്നു പറയുന്നതു.ആഭാസാ, പൊതുജനത്തെ വിടൂ... പാവങ്ങള്‍,‍ എന്തു അറിയാം..ഒരു ഫ്ലാറ്റ്‌,ഒരു കാര്‍,പിള്ളേര്‍ക്കു രണ്ടിനും എഞ്ജിനീറിംഗ്‌ സീറ്റ്‌,ഛെ ഛെ ഇതൊക്കെ പഴയതല്ലേ.. വീട്ടിലെ എല്ലാവര്‍ക്കും ഓരോ ലേറ്റെസ്റ്റു മൊബൈല്‍,ഓരോരുത്തര്‍ക്കും ഒരൊ പിസി, ഓരോ ബ്ളോഗ്‌, ഡിന്നറിനു പിസ്സ ഇങ്ങനെ കൊച്ചു കൊച്ചു അ(ത്യാ)ഗ്രഹങ്ങള്‍ ഉള്ള നിഷ്ക്കളങ്കര്‍. ഇപ്പൊ ഒന്നു കൂടി ഉണ്ട്‌, കൂട്ടത്തോടെ അത്മഹത്യചെയ്താല്‍ ഒരു കുടുംബഫോട്ടോ എല്ലാ പത്രങ്ങളുടേയും ഫ്രണ്ടു പേജില്‍ വരണം .എന്താ ചെയ്യാ..ഈശ്വരാ!.... എണ്റ്റെ ഒരു സ്നേഹിതനോടു ഡാം പൊട്ടിയാല്‍ എന്തായിരിക്കും അവസ്ഥ എന്നു ചര്‍ച്ച ചെയ്തു , കുറച്ചു നേരത്തെ കണക്കുകൂട്ടലിനു ശേഷം ലവന്‍ പറഞ്ഞതു ഇങ്ങനെയാണു.."പൊട്ടിയാല്‍ കൂടി വന്നാല്‍ തൃശ്ശൂര്‍ക്കു വരെ, അതിനപ്പുറം വെള്ളം വരില്ല , സോ ഞങ്ങള്‍ രക്ഷപ്പെട്ടു. നിങ്ങളു ഒഴുകിപോകുന്നോരു എന്താന്നു വച്ചാ ചെയ്യാന്‍ നോക്കിക്കോ.." എപ്പടി..? ഞങ്ങള്‍.. നിങ്ങള്‍.. ഇതാണ്‌ടാ മലയാളി.. !

മേല്‍പ്പറഞ്ഞതു പൊതുജനത്തിണ്റ്റെ കാര്യം.. പക്ഷേ ഒരു സമൂഹത്തിണ്റ്റെ പ്രശ്നങ്ങള്‍ക്കു വേണ്ടി സദാ വാപൊളിയ്ക്കുന്നു എന്നു പറയുന്ന (നാട്ടില്‍ കിട്ടാന്‍ ഒരു പഞ്ഞവും ഇല്ലാത്ത)സാമൂഹ്യകലാസാംസ്കാരിക നായകര്‍,രാഷ്ട്രീയാ നേതാക്കള്‍,ശാസ്ത്രഞ്ജര്‍,ബുദ്ധിജീവികള്‍..എവിടെ ഇവരെല്ലാവരും എവിടെപ്പോയീ..?. ഹ ഹ ഹ നല്ല ചൊദ്യം..ഡേയ്‌ പയ്യന്‍സ്‌..ഇവിടെ വേറെ എന്തെല്ലാം തീ പിടിച്ച വിഷയങ്ങള്‍ കിടക്കുന്നു.. പി കുഞ്ഞിരാമന്‍ നായര്‍ സവര്‍ണ്ണനൊ അവര്‍ണ്ണനൊ..? ഓണം സവര്‍ണ്ണ ആഘോഷമോ അവര്‍ണ്ണ ആഘോഷമോ...? പറയൂ.., മന്ത്രി പ്ളെയിനില്‍ പോക്രിത്തരം കാട്ടിയോ ഇല്ലയോ..?, സ്വാശ്രയ കോളേജു പ്രശ്നത്തില്‍ പള്ളിയ്ക്കു ബോംബു വയ്ക്കണൊ, നിയമസഭയ്ക്കു ബോംബു വയ്ക്കണൊ.., അതോ സധാരണക്കാരണ്റ്റെ ട്രൌസറിനു ബോംബു വയ്ക്കണൊ..? പറയൂ മിസ്റ്ററ്‍ ആഭാസന്‍.. "അയ്യോ എണ്റ്റെ പൊന്നു സാറന്‍മാരെ ആഭാസന്‍ തോറ്റു..എനിക്കു ഇതിനൊന്നും ഉത്തരം അറിയില്ല", പക്ഷേ ഈ പിഞ്ചു മനസ്സില്‍ ഒരു ആഭാസ സംശയം ..ഈ ഡാം അങ്ങു പൊട്ടിയാല്‍ ഇപ്പൊ ഇവിടെ കിടന്നു കാശു താടാ ഫീസു താടാ എന്നു ഗുണ്ടായിസം കാട്ടുന്ന മാര്‍ തെമ്മാടിയോസും, മാര്‍ പീലാത്തിയോസും, പള്ളിയും, പട്ടക്കടയും അടക്കം ഒലിച്ചു കടലില്‍ ചെല്ലും. പിന്നെ കോളേജുമില്ല , കള്ളുഷാപ്പും ഇല്ല സ്വസ്ഥം സമാധാനം ആയി ഭരിയ്ക്കാം. ഇങ്ങനത്തെ എന്തെങ്കിലും അവസാനത്തെ അടവിനു വേണ്ടിയാണോ സറ്‍ക്കാരേ ഈ അപ്പൂപ്പനെ "ഇപ്പൊ ശര്യാക്കിത്തരാം" എന്നു പറഞ്ഞു നിര്‍ത്തിയിരിക്കുന്നേ. ഇപ്പോഴത്തെ അവസ്ഥ വച്ചു ഒരു കുസൃതി ചോദ്യം ചോദിച്ചതാ, അല്ല ഞാന്‍ എന്തിനാ ഇപ്പോ ഇവരോടു മാത്രം ഇങ്ങനെ ചോദിയ്ക്കണേ..പത്തു മുപ്പതു കൊല്ലം മുന്‍പേ "ഇങ്ങെരുടെ വെടി തീറ്‍ന്നു" എന്നു നമ്മുടെ അപ്പൂപ്പനു ആരോ സര്‍ട്ടിറ്റു കൊടുത്തതാ..പക്ഷെ എന്നിട്ടു ആരു മൈണ്റ്റു ചെയ്തു.. ? ജാതി , മതം ,രാഷ്ട്രീയം, നിറം, ഗുണം, മണം,പണം,ഫാന്‍സ്‌ ക്ലബ്‌,അമ്മായിയമ്മ ,മരുമകള്‍ വേര്‍ തിരിവില്ലാതെ,സംസ്ഥാനത്തെ മുഴുവനായി ബാധിയ്ക്കുന്ന പ്രശ്നം ആയ ഒരു കാര്യത്തില്‍ മുപ്പതു കൊല്ലമായിട്ടും കക്ഷി ഭേദമന്യെ ആറ്‍ക്കും ഒന്നും ചെയ്യന്‍ കഴിഞ്ഞില്ല എന്നു പറയുമ്പോള്‍ ആണു നാം നമ്മുടെ ഭരണവര്‍ഗ്ഗത്തിണ്റ്റെ കഴിവു(കേടു) കാണുന്നത്‌. പരസ്പ്പരം ചെളി വാരിയെറിയാന്‍ വേണ്ടി, മുല്ലപ്പെരിയാര്‍ എന്നു കെള്‍ക്കുമ്പോള്‍ രാഷ്ട്രീയക്കാര്‍ വാ തുറക്കും, വണ്ടിയും വിളിച്ചു പരിവാരങ്ങളുമായി ഡാം കാണാന്‍ പോകും, അവിടെ കാവല്‍ നില്‍ക്കുന്ന തമിഴണ്റ്റെ തെറി കേട്ടു തിരികെ പോരും. എന്നിട്ടു നിനക്കു ചെയ്യാമായിരുന്നില്ലെ..?, നിനക്കു ചെയ്യാമായിരുന്നില്ലെ..? എന്നു 5 വര്‍ഷം മാറി മാറി ഭരിച്ചവര്‍ അങ്ങോട്ടും ഇങ്ങോട്ടും കുരയ്ക്കും... വെണ്ടക്ക മുഴുപ്പില്‍ ഹെഡ്ഡിങ്ങും വച്ചു മാധ്യമകാളകൂടങ്ങള്‍ ഈ കടിപിടികള്‍ പൊതുജനക്കഴുതകള്‍ക്കു വിളമ്പി കൊടുക്കും.ജനം ഹാപ്പി.. !

ഇതു പറഞ്ഞപ്പോള്‍ ആണ്‌ ഓര്‍ത്തത്‌, എന്നും രാവിലെ ലോട്ടറി വില്‍പ്പനക്കാരെ പോലെ ഇന്നലെ രണ്ടു ഓട്ട വീണു, മിനിഞ്ഞാന്നു മൂന്ന് എണ്ണം, നാളെ പത്ത്‌ എണ്ണം വീണേയ്ക്കാം, ആരായിരിക്കും ഇതൊക്കെ അനുഭവിക്കന്‍ യോഗമുള്ള ഭാഗ്യവാന്‍മാര്‍ എന്നുള്ള സ്റ്റൈലില്‍ വാര്‍ത്തകള്‍ പടച്ചു വിടുന്ന പത്രമാധ്യമങ്ങള്‍..അവരെ നമിയ്ക്കണം. ഡാം എങ്ങാനും പൊട്ടിയാല്‍ കൊടുക്കേണ്ട എഡിറ്റോറിയലും,അനുശോചനവും വരെ എല്ല പത്രങ്ങളും ഓള്‍റെഡി തയ്യാറാക്കിക്കാണണം. വാര്‍ത്താ പ്രസിദ്ധീകരണങ്ങള്‍ എന്നതില്‍നിന്നും വാര്‍ത്താവ്യവസായ പ്രസിദ്ധീകരണങ്ങള്‍ എന്ന നിലയിലേക്കു പോയ ഇവറ്റകളെ എന്തു പറയാന്‍. അല്ല ഇങ്ങനെയുള്ള വാര്‍ത്തകള്‍ക്കു പത്രങ്ങളെ മാത്രം കുറ്റം പറയേണ്ട, ഇതൊക്കെ ഒരു സാഹസിക നോവല്‍ വായിക്കുന്ന രസത്തിനു ആസ്വദിയ്ക്കാന്‍ നമ്മള്‍ പഠിച്ചു കഴിഞ്ഞു. മുല്ലപ്പെരിയാറ്‍ ഡാമിനു അടുത്തു കിടക്കുന്ന വല്ല പത്തു പേരേ ഇമ്മാതിരി വാര്‍ത്തകള്‍ കണ്ടു ഞെട്ടാന്‍ തരമുള്ളു..ബാക്കി ഉള്ളവര്‍ക്കു എന്തു ഓട്ട..? എന്തു വിള്ളല്‍..? എന്തു ഡാം..? ലെറ്റ്സ്‌ അര്‍മഡൈസ്‌ ലൈഫ്‌...

നമ്മുടെ നാട്ടുകാരെ കുറിച്ചു ഇത്രയും കുറ്റം പറഞ്ഞ സ്ഥിതിക്കു തമിഴരെ കുറിച്ചും.."ഛെ എടാ ആഭാസാ നിര്‍ത്തു നിര്‍ത്ത്‌..എന്താ പറഞ്ഞേ തമിഴന്‍മാരൊ പാണ്ടികള്‍ എന്നു പറയെടാ". സ്വാറി, പാണ്ടിതമിഴരെ കുറിച്ചും പറയണെമല്ലൊ.വിദ്യാഭ്യാസം, വൃത്തി,ബുദ്ധി,ഗ്ളാമറ്‍ ഇതിനൊക്കെ മോഡറേഷന്‍ കൊടുത്താലും നമ്മുടെ അടുത്തു എത്തില്ലാ എന്നു നമ്മള്‍ പറയുന്ന,നമ്മുടെ നാട്ടില്‍ വന്നു കുഴി കുത്തിയും, മണ്ണു ചുമന്നും അരി വാങ്ങുന്ന പാവങ്ങള്‍ ആയിരിക്കാം തമിഴ്സ്‌.... ബട്ട്‌.....ഒരു തമിഴനെ എങ്ങാനും തൊട്ടാല്‍..."ഡേയ്‌ #$@&$ ഉന്നെ സീവിടുവേന്‍...!", തമിഴണ്റ്റെ വെള്ളം കുടി മുട്ടിച്ചാല്‍ "$%$@%$&&% പാപി ഉന്നെ ശുട്ടിടുവേന്‍...!". അണ്ണന്‍മാര്‍ തകര്‍ത്തു കളയും...! തമിഴന്‍മാര്‍ക്കു തണ്ണി കൊടുക്കുന്നതിനു ആഭാസന്‍ എതിരല്ല പക്ഷെ മോന്‍ ചത്താലും വേണ്ടില്ലാ മരുമോളുടെ കണ്ണീരു കാണണം... ആ ലൈന്‍ പറ്റില്ല. കഴിഞ്ഞ ദിവസം അവിടുത്തെ ഒരു മന്ത്രി പറഞ്ഞതു തമിഴര്‍ കേരളത്തിനു പച്ചക്കറി കൊടുക്കുന്നു അതിനു പകരം കേരളം തമിഴനു തണ്ണി തരണം എന്നാണ്‌. ഇതു കേട്ടപ്പോള്‍ ഇത്രയും നാള്‍ തമിഴന്‍ നമുക്കു ഫ്രീ ആയിട്ടാണോ പച്ചക്കറി തന്നതു എന്നു ആഭാസനു ഒരു സംശയം തോന്നി. അവിടെ തമിഴരെക്കാള്‍ വിവരം കുറഞ്ഞ തമിഴരുടെ നേതാക്കള്‍ കാര്യങ്ങള്‍ കയ്യാളി തുടങ്ങി. അപ്പൂപ്പണ്റ്റെ തലമണ്ടയില്‍ തേങ്ങ അടിച്ചു പൂജ കഴിച്ചു, അരിവാളും മൂര്‍ച്ചകൂട്ടി അണ്ണന്‍മാര്‍ അവിടെ പട തുടങ്ങി കഴിഞ്ഞു. പ്ളാച്ചിമടയിലെ ന്യായമായ സമരത്തിനു പാവം മയിലമ്മയും കൂട്ടരും പത്തായിരം ദിവസം വെള്ളം കുടിയ്ക്കാതെ വെയിലും മഴയും അതിലുപരി സ്വന്തം നാട്ടുകാരുടെ ആട്ടും തുപ്പും ചവിട്ടും പാരവെപ്പും കൊണ്ടു കിടന്ന പോലെ ആയിരിക്കില്ല അണ്ണന്‍മാരുടെ സമരം. അവിടെ നിന്നു ഇറച്ചിക്കോഴി ലോഡ്‌ വരുന്ന പോലെ അണ്ണന്‍മാര്‍ എത്തും.പിന്നെ ഡാം പോയിട്ടു അതിണ്റ്റെ ഏഴയലത്തു ചെല്ലാന്‍ സാക്ഷാല്‍ വേലുത്തമ്പി അങ്ങുന്നു ഉണ്ടായിരുന്നെങ്കില്‍ പോലും ഒന്നു ശങ്കിക്കും!.

സോ ഇപ്പോള്‍ നമുക്കു ചെയ്യാവുന്നതു, മേല്‍ പറഞ്ഞ പ്രശ്ന ബാധിത ജില്ലക്കാര്‍ എല്ലാവരും സ്വന്തം വീടുകളില്‍ ഓരോ ബോട്ട്‌ അല്ലെങ്കില്‍ വള്ളം വാങ്ങി ഇടുക. വെള്ളം വന്നാല്‍ അതില്‍ കയറി ഇരുന്നു ഫ്രീയായി അറബിക്കടല്‍ കണ്ടു മൂന്നാം ദിവസം (ജീവനോടെയോ അല്ലതെയോ) തിരികെ വരാം. ബാക്കിയുള്ള ജില്ലക്കാര്‍ക്കു പവര്‍കട്ട്‌,ലോഡ്ഷെഡിംഗ്‌ എന്നിങ്ങനെ മനോഹരങ്ങളായ പല പല കലാപരിപാടികളും ശിഷ്ടകാലം അനുഭവിച്ചു തീര്‍ക്കാം. ഇന്‍ഫോപാര്‍ക്കിണ്റ്റെയോ മറ്റോ അവശിഷ്ടം കിട്ടുന്നവര്‍ അതു സര്‍ക്കാരിനു തിരിച്ചു ഏല്‍പ്പിക്കുക. വെള്ളം ഇറങ്ങി കഴിയുമ്പോള്‍ കൊച്ചിയില്‍ സ്മാരകം പണിയാം.

ഇനി ബൂലോകര്‍ക്കു ചെയ്യാന്‍ കഴിയുന്നത്‌,
1. മലയാളികള്‍ക്കു പിന്തുണ പ്രഖ്യാപിക്കുക.
2. ഒരു ദിവസം മൌന ദിനം ആചരിക്കുക,എന്നു വച്ചല്‍ ബ്ളോഗോ കമണ്റ്റോ പോസ്റ്റാതിരിക്കുക.
3. ഒരു കൂട്ട ഹര്‍ജി ബ്ളോഗ്‌ ഉണ്ടാക്കി പ്രധാനമന്ത്രി പ്രസിഡണ്റ്റ്‌ എന്നിവര്‍ക്കു ഹര്‍ജി പോസ്റ്റു ചെയ്യുക.
4. തമിഴന്‍മാരുടെ ബ്ളോഗ്‌ ,സൈറ്റുകള്‍ എന്നിവ വൈറസ്‌ വിട്ടു ശുട്ടു കളയുക.
5. ഡാം പൊട്ടിയാല്‍ രക്ഷപെടേണ്ട വഴികള്‍ ബ്ളോഗുകളില്‍ പ്രസിദ്ധപെടുത്തുക.
6. ഡാം പൊട്ടിയാല്‍ ഉള്ള അവസ്ഥ എന്നതിനെ കുറിച്ചു ഒരു കഥയെഴുത്തു മത്സരം സംഘടിപ്പിക്കുക.

മികച്ച കഥകള്‍ക്കു സമ്മാനം ഉണ്ടായിരിക്കും. അതു ആഭാസന്‍ സ്പോണ്‍സര്‍ ചെയ്യുന്നു. സമ്മാനങ്ങള്‍ ധൈര്യം ഉള്ളവര്‍ക്കു കൈപ്പറ്റാം.
ഒന്നാം സമ്മാനം മുല്ലപ്പെരിയാര്‍ ഡാമിനു താഴെ പത്ത്‌ സെണ്റ്റ്‌ സ്ഥലം.
രണ്ടാം സമ്മാനം മുല്ലപ്പെരിയാര്‍ ഡാമിലെ പത്തു ബക്കറ്റു വെള്ളം.
മൂന്നാം സമ്മാനം മുല്ലപ്പെരിയാര്‍ ഡാമിണ്റ്റെ ഒരു ഫുള്‌ സൈസു ഫോട്ടോ.

വാല്‍ക്കഷ്ണം:ഈ വര്‍ഷം കേരളത്തിനു 50 വയസു തികയുന്നു ഭൂപരിഷ്ക്കരണ നിയമത്തിനും. കേരളം എന്ന ജന്‍മി തമിഴ്നാട്‌ എന്ന കുടിയാനു പാട്ടത്തിനു കൊടുത്ത ഡാമും സ്ഥലവും ഇന്നു കുടിയാന്‍ സ്വന്തമാക്കാന്‍ ചോദിയ്ക്കുന്നു, അതും ഒരു കമ്മ്യുണിസ്റ്റു സര്‍ക്കാര്‍ അധികാരത്തില്‍ ഇരിയ്കുമ്പോള്‍. അന്‍പതാം വര്‍ഷവും ചരിത്രം ആവര്‍ത്തിയ്ക്കേണ്ടി വരുമോ.. ?

14 comments:

ഉത്സവം : Ulsavam said...

മുല്ലപ്പെരിയാറും തമിഴരും പിന്നെ നമ്മളും..!

ആരെയും മനപ്പൂറ്വം ആക്ഷെപിക്കല്‍ അല്ല..ചില ആഭാസ ചിന്തകള്‍..അത്ര മാത്രം..

രാജ് said...

വാല്‍ക്കഷ്ണത്തില്‍ എന്തോ ഒരു അച്ചടി പിശകുണ്ടല്ലോ മാഷേ. ജന്മി-കുടിയാന്‍ എന്നൊക്കെ ആവര്‍ത്തിച്ചപ്പോള്‍ ഒരു തെറ്റ് വന്നിട്ടുണ്ടെന്ന് തോന്നുന്നു.

Radheyan said...

തകര്‍പ്പന്‍ സാധനം, എല്ല ചവറിനും കമന്റുന്നവര്‍ എന്താണൊ ഇതിനു ഒരു കൈയ്യടി കൊടുക്കാത്തത്.പൈങ്കിളി മാത്രമേ ഇവിടെയും ചിലവാകൂ എന്നുള്ളൊ

സു | Su said...

ഡാം തകരുമോ? ഏയ്... അങ്ങനെ ഒന്നും സംഭവിക്കില്ല. പാവം തമിഴന്മാര്‍. അവര്‍ വെള്ളം കൊണ്ടുപോട്ടേ.

ഇടിവാള്‍ said...

നല്ല പോസ്റ്റ് മാഷേ !

Santhosh said...

എന്തെങ്കിലും പോം‍വഴിയുണ്ടോ? പൊട്ടലും ചീറ്റലും അരക്കിട്ടടച്ചാലും എത്രകാലം? പെട്ടെന്നൊരുനാള്‍ ഡാം ഉപേക്ഷിക്കുക എന്നത് മുന്നിലുള്ള മാര്‍ഗമാണോ?

എന്‍റെ ചെറുബുദ്ധിയില്‍ ഒരു വഴിയും തോന്നുന്നില്ല. ഉല്‍ക്കണ്ഠപ്പെടുകയല്ലാതെ, ബോധവല്‍ക്കരിക്കുകയല്ലാതെ എന്തെങ്കിലും ഉപദേശമുണ്ടോ നമ്മുടെ കയ്യില്‍?

രാധേയന്‍റെ ചോദ്യം മനസ്സിലായില്ല. ബഹുജനം പലവിധമല്ലേ? ഇന്ന് ബൂലോഗത്തിലുള്ള പലരുടെയും റ്റേയ്സ്റ്റ് രാഷ്ട്രീയ/സാമൂഹിക കാര്യങ്ങളല്ലാത്തതാവാം കയ്യടി വൈകുന്നത്. അതോര്‍ത്ത് ബേജാറാവണ്ട. വായിക്കാനുള്ളവര്‍ വായിക്കും:)

Santhosh said...

ഒന്നു പറയാന്‍ വിട്ടു: നല്ല പോസ്റ്റ്.

മുസാഫിര്‍ said...

നന്നായി മാഷെ,ഇതു പോലെ നമ്മുടെ ഏതെന്കിലും മന്ത്രിമാര്‍ക്കു (ഇപ്പോഴത്തെതും പഴയതും)കലൈന്‍‌ജറോടോ അമ്മാവോടോ പറയാനുള്ള ചങ്കുറപ്പു ഉണ്ടായിരുന്നെങ്കില്‍ !

വേണു venu said...

നല്ല പോസ്റ്റു്.ഏതു നിമിഷങ്ങളിലും അറബിക്കടലില്‍ മിക്സു് ചെയ്യപ്പെടാന്‍ വിധിക്കപ്പെട്ടവര്‍.സന്തോഷ്ജി പറഞ്ഞതു ശ്രധിച്ചു.എന്തെങ്കിലും പോം‍വഴിയുണ്ടോ?
വേണു

Kumar Neelakandan © (Kumar NM) said...

വളരെ നല്ല പോസ്റ്റ്

ആനക്കൂടന്‍ said...

മുല്ലപ്പെരിയാര്‍ ഇപ്പോള്‍ ശരിക്കും ഒരു രാഷ്ട്രീയ വിഷയമായി മാറിയിട്ടുണ്ട്. ഡാമിന്‍റെ തകര്‍ച്ചയോ അതുണ്ടാക്കാവുന്ന പ്രത്യാഘാതങ്ങളെയോ അല്ല ഇപ്പോള്‍ പരിഗണിക്കപ്പെടുന്നത്. അതുണ്ടാക്കി നല്‍കുന്ന പൊളിറ്റിക്കല്‍ മൈലേജാണ്.

തമിഴ്നാട്ടിലെ ആരോ ഇത്തിരി മണ്ണു കൊണ്ടിട്ടു എന്നു പറഞ്ഞാല്‍ മന്ത്രിയും പരിവാരങ്ങളും മാധ്യമപ്പടയെയും കൂട്ടി ഓടുന്നു. ഇത്തിരി കഴിയുമ്പോള്‍ ജനം മറക്കും. ഇതൊക്കെ വീണ്ടും ആവര്‍ത്തിക്കും.

അല്പമെങ്കിലും ധീരതയുള്ള ഒരു നേതൃത്വത്തിനു മാത്രമേ ഈ പ്രശ്നം പരിഹരിക്കാനാവൂ. അതില്ലാത്ത കാലത്തോളം നമുക്കീ കലാപരിപാടികള്‍ തുടര്‍ന്നു കാണാം.

ലിഡിയ said...

കേരളം ഒന്നും ചെയ്യാന്‍ പോകുന്നില്ല,തിരോന്തോരത്തിരിക്കുന്ന നമ്മുടെ നേതാക്കന്മാര്‍ അണച്ചു കുത്തി കുന്ന് കയറി ഇങ്ങെത്തുമ്പോഴേയ്ക്കും അണ്ണന്മാര്‍ അതിന്റെ പരിപ്പിളക്കിയിട്ടുണ്ടാവും,അല്ലെങ്കില്‍ ഇപ്പോള്‍ എന്ത് ഭേദമാണെന്നാണ്,പത്രങ്ങളില്‍ വായിക്കുന്ന വാര്‍ത്ത വച്ച് എഴുതുന്ന ലേഖനങ്ങള്‍ക്ക് ബലം കുറവല്ലേ..

നല്ല വേനക്കാലത്ത് ഇപ്പോ തേക്കടിയില്‍ ബോട്ടിറങ്ങുന്നില്ല,ഇടുക്കിയുടെയോ,പെരിയാറിന്റെ ഏതെങ്കിലും കൈവഴിയില്‍ കേരളത്തിന്റെ സ്ഥലത്ത് ഒരു ചെറു ബണ്ടു കെട്ടി,വെള്ളമിറങ്ങിയ നേരം നോക്കി ഒരു തോട്ടാ വച്ചാല്‍ പൊട്ടാനുള്ളതേ ഉള്ളൂ ഇത്.അതിന് 5 വര്‍ഷം കൊണ്ട് ഇതൊന്നും ആലോചിക്കാനുള്ള സമയമില്ലല്ലൊ..

അനുഭവിക്കാം,എന്തായാലും കുന്നിന്‍ മുകളില്‍ വെള്ളം കണ്ട് കൊതിതീര്‍ന്നിട്ടില്ലാത്ത ഞങ്ങള്‍ വള്ളം വാങ്ങാന്‍ തന്നെ തീരുമാനിച്ചു.
വരുന്നത് വരട്ടെ..

പണ്ട് ഒന്നും ഇല്ലായ്മയില്‍ നിന്ന് കാടിനോടും കാറ്റിനോടും മലമ്പനിയോടും കാട്ടാനയോടും മല്ലടിക്കാന്‍ മലകയറിയവരാണ് ഞങ്ങളുടെ പിതൃക്കള്‍,അവരില്‍ ഭൂരിപക്ഷവും ജീവനോടെ തന്നെ ഇരിക്കുന്നു.വിത്ത് ഗുണം ഞങ്ങള്‍ക്കും ഉണ്ടാവും.

:-)

-പാര്‍വതി

ദിവാസ്വപ്നം said...

കൊള്ളാം...

തീര്‍ച്ചയായും ചിന്തിക്കേണ്ട വിഷയം തന്നെ...

ഉത്സവം : Ulsavam said...

അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ എല്ലാവര്‍ക്കും നന്ദി.

പ്രതികരണശേഷി നഷ്ടപ്പെടാത്ത പത്തു പേരെങ്കിലും ഉണ്ട് എന്നു കമന്റുകള്‍ വയിച്ചപ്പോള്‍ ഒരു സമാധാനം തോന്നി..പക്ഷേ ചിന്തിയ്ക്കേണ്ട സമയം പണ്ടേ അതിക്രമിച്ചിരിക്കുന്നു..ഇനി പ്രവര്‍ത്തിയ്ക്കേണ്ട സമയമാണ്.
തലയ്ക്കു മീതേ വെള്ളം വന്നതിനു ശേഷം പ്രതിഷേധവും അക്രമവും അഴിച്ചു വിട്ടിട്ടു കാര്യമില്ല.
ഇപ്പൊഴത്തെ ജലനിരപ്പു 136 അടി നിലനിര്‍ത്തി കൊണ്ടുള്ള പരിഹാര നടപടികള്‍ ആണ്‍ ഉചിതം , അല്ലെങ്കില്‍ അതു ആത്മഹത്യാപരം ആയിരിക്കും.പക്ഷേ ഈ വിഷയം ഒരു ആഭ്യന്തരകലഹത്തിലേക്കു നീങ്ങാത്ത രീതിയില്‍ കൈകാര്യം ചെയ്യന്‍ ചങ്കൂറ്റം ഉള്ള നേതാക്കള്‍ നമുക്കുമില്ല,വിവേകബുദ്ധിയുള്ള നേതാക്കള്‍ അവര്‍ക്കും ഇല്ല.

ബോട്ടോ, വള്ളമൊ വാങ്ങിയ്ക്കേണ്ട ഗതി ആര്‍ക്കും വരാതിരിക്കട്ടെ...