Monday, October 23, 2006

ജപ്പാനിലെ വെള്ളപ്പൊക്കം

കഴിഞ്ഞ മഴക്കാലത്ത് എന്റെ അപ്പാറ്ട്ട്മെന്റിന്റെ ചുറ്റും ഒരു ദിവസം ചെറുതായി വെള്ളം കയറി, നാട്ടിലെ സ്ഥിതിയ്ക്ക് ഇതു ചെറിയ ഒരു വെള്ളക്കെട്ട്, പക്ഷേ ഇവിടെ ജപ്പാന്‍കാറ്ക്ക് അത് വലിയ ഒരു സംഭവമായി. ഹെലികോപ്റ്ററും മറ്റും കൊണ്ട് വന്ന് നല്ല മേളം ആയിരുന്നു. ഫോട്ടോ എടുക്കാന്‍ പോയ എന്നെ പല സ്ഥലത്തും ഇവിടുത്തെ വാളണ്ടിയേഴ്സ് തടഞ്ഞു. പിന്നെ അതിലെ ഇതിലെ ഒക്കെ പമ്മി നടന്ന് ക്ലിക്കിയ ചില പടങ്ങള്‍ ഇവിടെ ഇടുന്നു. കൊച്ചിയിലെ വെള്ളക്കെട്ട് കണ്ട് ശീലിച്ച ആ പച്ചാളം എങ്ങാനും ഇത് കണ്ടാല്‍ ഇതാണോ വെള്ളപ്പൊക്കം എന്നു ചോദിച്ച് ഇപ്പോ ചിരിക്കാന്‍ തുടങ്ങും...


ഒരു അപ്പൂപ്പന്‍ ദുരിത മേഖലയില്‍ നിരീക്ഷണം നടത്തുന്നു.



മലമുകളില്‍ നിന്ന് വരുന്ന പുഴയുടെ ഒരു കൈവഴി



ഞാന്‍ നിന്നോട് അപ്പോഴേ പറഞ്ഞതല്ലേ കാറ് ഷെഡില്‍ കയറ്റി ഇടാന്‍


മലമുകളില്‍ നിന്ന് വെള്ളത്തില്‍ ഒലിച്ചു വന്ന അമൂല്യവസ്തുക്കള്‍


തടാകത്തിലേയ്ക്കുള്ള നടപ്പാലം


ഇന്നത്തെ ആപ്പിസില്‍ പോക്ക് സ്വാഹാ...!


ഹെലിക്കോപ്റ്റര്‍ അഭ്യാസം



ഒരു വിദൂര ദൃശ്യം

നിറയെ പറ്വതങ്ങള്‍ അതിന്റെ ഒരു താഴ്വാരത്ത് ഒരു വലിയ തടാകത്തിന്റെ തീരത്തുള്ള ഒരു ചെറു പട്ടണത്തില്‍ ഞാന്‍ ഇവിടുത്തെ ഒരേയൊരു ഇന്ത്യാക്കാരനായി സസുഖം വാഴുന്നു...
ഇവിടെ വേനല്‍ക്കാലം എന്ന പരിപാടി ഇല്ല എന്ന് പറയാം പരമാവധി 28 ഡിഗ്രി ചൂട്‌ വരും. മഞ്ഞു കാലം -15 വരെ കിട്ടും.മലകള്‍ക്കു നടുവിലുള്ള പ്രദേശമായതിനാല്‍ പെട്ടെന്ന് മഴ പെയ്യും അങ്ങനെ പെയ്ത ഒരു മഴയാണ്‌ ഇവിടെ വെള്ളപ്പൊക്കം ഉണ്ടാക്കിയത്‌.

Saturday, October 14, 2006

ജയ് ജവാന്‍

കൈത്തോടുകള്‍, പാടങ്ങള്‍, അമ്പലക്കുളം,പൊട്ടക്കിണറുകള്‍,ഇഞ്ചക്കാടുകള്‍,,സര്‍പ്പക്കാവുകള്‍, ഗതകാല പ്രൗഢസ്മരണകള്‍ അയവിറക്കുന്ന രണ്ട്‌ അമ്പലങ്ങള്‍, ഒന്നു രണ്ടു ചായക്കടകള്‍, രാത്രികളെ സംഗീതസാന്ദ്രമാക്കുന്ന മാക്രികളുടെ കരച്ചില്‍,പന്തംകൊളുത്തി പ്രകടനങ്ങള്‍.. എന്റെ ബാല്യത്തിലെ എന്റെ നാടിനെ കുറിച്ചുള്ള പൊട്ടും
തരിയുമായുള്ള ഓര്‍മകളാണ്‌ ഇതൊക്കെ..വികസനം , പുരോഗമനം തുടങ്ങിയ വാക്കുകള്‍ കേള്‍ക്കാന്‍ തുടങ്ങിയതോടെ മുന്‍പേ പറഞ്ഞ പലതും നാട്ടില്‍ നിന്നു അപ്രത്യക്ഷമായിതുടങ്ങിയിരുന്നു...
ഇന്നു മേല്‍പ്പറഞ്ഞ എന്റെ ഓര്‍മ്മകളിലെ രണ്ട്‌ അമ്പലങ്ങള്‍ മാത്രമാണ്‌ നാട്ടില്‍ ആകെ അവശേഷിക്കുന്നത്‌. കൈത്തോടും പാടവും നികത്തി റബര്‍ വച്ചു, അമ്പലക്കുളം ഇടിഞ്ഞു നിരന്ന് ഒരു ചവറുകൂനയായി, ഇഞ്ചക്കാടൊക്കെ കത്തിച്ചു കളഞ്ഞ്‌ അവിടെ പുതിയ വീടുകള്‍ വന്നു, അഭയാര്‍ത്ഥികളെ ക്യമ്പുകളിലേക്കു കൊണ്ടു പോകും പോലെ സര്‍പ്പങ്ങളെ കൂട്ടത്തൊടെ ലോറിയില്‍ കയറ്റി മണ്ണാര്‍ശാലയിലേക്ക്‌ പാക്ക്‌ ചെയ്തു, ചായക്കടകള്‍ ബേക്കറി-കൂള്‍ബാറുകള്‍ക്കു വഴിമാറി,മാക്രികളുടെ സ്ഥാനം റബര്‍ത്തോട്ടങ്ങളിലെ ചീവീടുകള്‍ കയ്യടക്കി, പന്തംകൊളുത്തി പ്രകടനമെന്ന ആ കലാരൂപം മണ്‍മറഞ്ഞു...കാലക്രമത്തില്‍ ഇങ്ങനെ ചുറ്റുപാടുമുള്ള പലതിനേയും മാറ്റാനും, നിശേഷം തുടച്ചു നീക്കാനും നമുക്ക്‌ കഴിഞ്ഞേക്കാം പക്ഷേ ചില കാര്യങ്ങള്‍, നമ്മുടെ മനസില്‍ വരച്ചു ചേര്‍ത്ത ചില വിശ്വാസങ്ങളും, പഴംകഥകളും..നമ്മളെത്ര മാറി എന്നു പറഞ്ഞാലും അതൊന്നും നമ്മുടെ മനസില്‍ നിന്ന് അങ്ങനെ പെട്ടെന്നു മാറ്റാന്‍ കഴിയില്ല എന്നു തോന്നുന്നു...പ്രത്യേകിച്ചും വിശ്വാസങ്ങളെ വെല്ലുന്ന അന്ധവിശ്വാസങ്ങള്‍.പക്ഷേ ചിലതൊക്കെ സത്യമാകുമ്പോള്‍ വിശ്വസിക്കാതെ തരമില്ലല്ലോ...! അല്ലേ..?

ധാരാളം സ്വത്തും, സമ്പത്തും ഉണ്ടായിരുന്ന അമ്പലമായിരുന്നു നാട്ടിലെ നരസിംഹസ്വാമിക്ഷേത്രം.പില്‍ക്കാലത്ത്‌ അതു ചുരുങ്ങി,ചുരുങ്ങി, അമ്പലത്തിനു ചുറ്റും പുറവുമായി മൂന്നേക്കറോളം വരുന്ന ദേവസ്വം ഭൂമിയില്‍ ഒതുങ്ങി. അമ്പലം വിഴുങ്ങികളുടെ കൈകളില്‍ നിന്ന് തക്കസമയത്ത്‌ നാട്ടുകാരുടെ ട്രസ്റ്റ്‌ അമ്പലം എറ്റെടുത്തതു കൊണ്ടു മാത്രം അത്രയും ഭൂമി ബാക്കിയായി. ഇല്ലായിരുന്നെങ്കില്‍ സാക്ഷാല്‍ നരസിംഹമാണെന്നു പറഞ്ഞിട്ടൊന്നും കാര്യമില്ല ഈ വിഴുങ്ങികള്‍ ശ്രീകോവിലിനുള്ളില്‍ കയറി പുള്ളിയുടെ വിരല്‍ പിടിച്ചു സ്റ്റാമ്പ്‌ പേപ്പറില്‍ പതിച്ചു അതും അടിച്ചു മാറ്റിയേനെ.

ജീര്‍ണിച്ചു വീഴാറായ ഒരു രണ്ടുനില മാളിക, അതിന്റെ തൊട്ടു പിറകിലായി പണ്ടുകാലത്തെങ്ങോ മാളികയിലേക്കു വെള്ളം എടുത്തിരുന്ന, കാലങ്ങളായി ഉപയോഗിക്കാതെ കാടു പിടിച്ചു കിടക്കുന്ന ഒരു പൊട്ടക്കിണറും അതിനെ ചുറ്റിപ്പറ്റി ജീവിയ്ക്കുന്ന രണ്ട്‌ രക്ഷസ്‌, ഒരു മാടന്‍, ഒരു അറുകൊല, പിന്നെ പണ്ടെന്നോ ആ കിണറ്റില്‍ വീണു തട്ടിപ്പോയ ഒരു കഴകക്കാരന്‍ നമ്പീശന്റെ ആത്മാവ്‌, അടുത്തകാലത്ത്‌ നട്ടു പിടിപ്പിച്ച കുറച്ചു റബ്ബര്‍ മരങ്ങള്‍ ഇത്രയും പേരാണ്‌ ഈ മൂന്നേക്കറിന്റെ അവകാശികള്‍.

അമ്പലപ്പറമ്പിനോട്‌ ചേര്‍ന്ന് പണ്ടു ഒരു നമ്പൂരി കുടുംബം താമസിച്ചിരുന്ന വട്ടക്കായ്ട്ടു മഠം എന്നു വിളിക്കുന്ന ഒരു പ്രേതഭൂമിയുണ്ട്‌. ആ മനക്കാര്‍ കുലം മുടിഞ്ഞു നശിക്കുകയായിരുന്നത്രേ... ദൂരെയെവിടയോ ഉള്ള, ആ കുടുംബത്തിലെ എതോ അകന്ന ബന്ധത്തില്‍ പെട്ട ഒരു നമ്പൂതിരിയുടെ പേരില്‍ ആയിരുന്നു ആ സ്ഥലം. പ്രത്യേകിച്ചു ആദായമൊന്നും ആ പറമ്പില്‍ നിന്ന് ഇല്ലാത്തതിനാല്‍ അവരാരും ഇങ്ങോട്ട്‌ വരാറില്ലായിരുന്നു. എനിക്കു ഓര്‍മയുള്ളപ്പോള്‍ ആ പറമ്പില്‍ നിറയെ കാടും പടലും,പണ്ടെന്നോ പൊളിഞ്ഞു വീണ മനയുടെ കുറച്ച്‌ അവശേഷിപ്പുകളും മാത്രമായിരുന്നു. ശാപം കിട്ടിയ ഭൂമിയായി ഞങ്ങളുടെ നാട്ടുകാര്‍ അതിനെ കരുതിയിരുന്നു. ആരും ആ പറമ്പില്‍ അങ്ങനെ കയറി നടക്കാറില്ലയിരുന്നു. ചുരുക്കത്തില്‍ നമ്പീശനും ഫ്രെണ്ട്സിനും എല്ലാ വെള്ളിയാഴ്ച്ചയും രാത്രി സ്മാള്‍ അടിച്ചു പാട്ടു പാടി വാളുവച്ചു അര്‍മ്മാദിയ്ക്കാന്‍ ഈ പറമ്പ്‌ നാട്ടുകാര്‍ വിട്ട്‌ കൊടുത്തു.


അങ്ങനെയിരിക്കെ ഒരു നാള്‍ ഈ വട്ടയ്ക്കാട്ടുമഠം വാങ്ങാനും, അവിടെ വീടു പണിയാനും ഒരു ചുള്ളന്‍ നാട്ടില്‍ വന്നു. പേര്‌ ഭാസ്ക്കരന്‍ (എക്സ്‌ മിലിട്ടറി). ഭാര്യ ഓമന, ഒറ്റ മകന്‍ മണിക്കുട്ടന്‍ എന്നു വിളിക്കുന്ന സന്തോഷും ചേര്‍ന്നാല്‍ അവരുടെ സന്തുഷ്ടകുടുംബമായി. ഭാസ്ക്കരേട്ടന്‍ ആളു നീറ്റാണ്‌,കുടുംബസ്നേഹിയാണ്‌, മദ്യപിക്കില്ല, യാതോരു അലമ്പുമില്ലാത്ത മനുഷ്യന്‍. പട്ടാളക്കാരുടെ സ്ഥിരം വെപ്പണ്‍ ആയ ലാത്തിയടി മാത്രമാണ്‌
ഇത്തിരി കുഴപ്പമായുള്ളത്‌. ഭാസ്ക്കരേട്ടനെ മുന്‍പില്‍ച്ചെന്ന് പെട്ടാല്‍ പിന്നെ അതിര്‍ത്തിയിലെ പത്തിരുപത്‌ പാക്കിസ്ഥാന്‍ പട്ടാളക്കാര്‍ക്കൊപ്പം നമ്മളും അരമണിക്കൂറിനകം പിടഞ്ഞു മരിക്കും. പക്ഷേ നാട്ടുകാര്‍ക്കിടയില്‍ ഭാസ്ക്കരേട്ടന്‍ പെട്ടെന്നു താരമായി മാറി. ഇറാക്കില്‍ പത്തു സെന്റ്‌ സ്ഥലം പത്തു ലക്ഷം രൂപയ്ക്കു വേണോ അതോ വട്ടക്കായ്ട്ടുമഠം ഫ്രീയായി വേണോ എന്നു ചോദിച്ചാല്‍ ഇറാക്കിലെ 10 സെന്റ്‌ മതി എന്നു പറയുന്ന ധീരന്മാരും, വിപ്ലവകാരികളും ഉള്ള ഞങ്ങടെ നാട്ടില്‍ കക്ഷി പിന്നെ എങ്ങനെ ഹിറ്റാകാതിരിക്കും. നാട്ടുകാരുടെ എല്ല വിധ ഉപദേശങ്ങളേയും അന്ധവിശ്വാസങ്ങള്‍ എന്നു തള്ളി പറഞ്ഞു അല്‍പ്പ നാളുകള്‍ക്കകം ഭാസ്ക്കരേട്ടന്‍ വട്ടയ്ക്കാട്ടു മഠത്തില്‍ പുതിയ വീട്‌ പണിതു താമസം തുടങ്ങി.

മണിക്കുട്ടനെ ഒരു ഐ ഏ എസു കാരന്‍ അല്ലെങ്കില്‍ കുറഞ്ഞത്‌ ഒരു ഐ പീ എസ്സുകാരന്‍ ആക്കണമെന്നായിരുന്നു ഭാസ്ക്കരേട്ടന്റെ ജീവിതാഭിലാഷം. ഐ ഏ എസ്സിനു അത്ര പറ്റില്ലെങ്കിലും ഐ പീ എസ്സിനു പറ്റിയ ഒരു മുട്ടനായിരുന്നു മണിക്കുട്ടന്‍. താമസം തുടങ്ങി മൂന്നം ദിവസം വിഷുവിനോ മറ്റോ വാങ്ങിയ പടക്കം നാടന്‍ ബോംബു മുഴുപ്പില്‍
കൂട്ടിക്കെട്ടി മാളികയുടെ പുറകിലുള്ള പൊട്ടക്കിണറില്‍ എറിഞ്ഞു പൊട്ടിച്ചു, നാട്ടുകാരുടേയും, ഉച്ചയൂണും കഴിഞ്ഞു കൊത്തങ്കല്ലു കളിച്ചു രസിച്ചിരുന്ന രക്ഷസിന്റേയും ചാത്തന്റേയും നമ്പീശന്റെയും അന്തക്രാണം കത്തിച്ച മിടുക്കനായിരുന്നു... എട്ടാം ക്ലാസ്സില്‍ സെക്കന്റിയറിനു പഠിയ്ക്കുന്ന അവന്റെ ഐ ഏ എസ്‌, ഇത്തിരി അതിമോഹമല്ലെ എന്നു സ്കൂളിലെ സാറ്‌മ്മാര്‌ ഭാസ്ക്കരേട്ടനെ വിളിച്ചു ഇടയ്ക്കിടയ്ക്കു ചോദിയ്ക്കാറുണ്ടായിരുന്നു. അതുകൊണ്ടു തന്നെ പ്രോഗ്രസ്സ്‌ റിപ്പോര്‍ട്ടുമായി വരുന്ന മണിക്കുട്ടനോട്‌ അതിര്‍ത്തി നുഴഞ്ഞു കയറി വരുന്ന ഭീകരരോടെന്ന പോലെ ഭാസ്കരേട്ടന്‍ പെരുമാറി.

ഭാസ്ക്കരേട്ടന്റെ പുതിയ വീട്ടിലെ ആദ്യത്തെ ഓണവും കടന്നു പോയി.ഓമനപ്പുത്രന്‍ ഇപ്രാവശ്യമെങ്കിലും എല്ലാ വിഷയങ്ങളും ജയിക്കാന്‍ വേണ്ടി ഓമനമമ്മി അമ്പലത്തില്‍ നേര്‍ന്ന വെടിവഴിപാടിന്റെ ഒച്ച കേട്ടാണ്‌ അതിര്‍ത്തിയിലെ ഓര്‍മ്മകളുമായി അന്നും ഭാസ്കരേട്ടന്‍ ഞെട്ടി ഉണര്‍ന്നത്‌. പതിവു ലൊട്ടിലൊടുക്കു പരിപാടികളും, കൃഷിഭവനില്‍ പോക്കും കഴിഞ്ഞു വീട്ടില്‍ വന്ന് ഊണു കഴിച്ചു നേരെ പശുവിനു പുല്ലരിയാന്‍ അമ്പലപ്പറമ്പിലേക്കു കേറി. കാടു പിടിച്ചു കിടക്കുന്ന പൊട്ടക്കിണറിന്റെ അരികില്‍ ഓരോ മനോവിചാരങ്ങളില്‍ മുഴുകി ഭാസ്കരേട്ടന്‍ പുല്ലരിയുകയായിരുന്നു..

ഉച്ച സമയം...
ചുറ്റും നിശബ്ദം..കാറ്റു പോലും വീശുന്നില്ല...
ഒരു മനുഷ്യക്കുഞ്ഞു പോലും ആ പരിസരത്തില്ല...
പെട്ടെന്ന് തന്റെ അരികില്‍ ഒരു ഇലവീണ പോലെ ഭാസ്ക്കരേട്ടന്‌ തോന്നി.. തിരിഞ്ഞു നോക്കി...
ഇലയല്ല..വേറെ എന്തോ..ഭാസ്ക്കരേട്ടന്‍ അരിവാളു കൊണ്ടു അതു തോണ്ടിയെടുത്തു. ഒരു മീന്‍മുള്ള്‌..! ഭാസ്ക്കരേട്ടന്‌ ചെറുതായി ഒന്നു ചങ്കിടിച്ചു... ആരും കയറാത്ത ഈ കാടു പിടിച്ചിടത്ത്‌ മീന്‍മുള്ളോ..? അതും ഇപ്പോ മുകളിന്നു വീഴാന്‍...ഇനി എല്ലാരും പറയണ പോലെ എന്തെങ്കിലും ...? പേടീണ്ടായിട്ടൊന്നുമല്ല എങ്കിലും.. അരിഞ്ഞ പുല്ലും എടുത്തു സ്കൂട്ടാവുന്നതയിരിക്കും ബുദ്ധി എന്നു ഭാസ്ക്കരേട്ടനു തോന്നി. പെട്ടെന്ന് ഭാസ്ക്കരേട്ടന്റെ ജവാന്‍ ബുദ്ധി ഉണര്‍ന്നു. ഛായ്‌.. ഭൂതം, പ്രേതം, കുന്തം , കൊടചക്രം, മാങ്ങാത്തൊലി..പാക്കരാ ഇതു വല്ല കാക്കയും കൊണ്ടിട്ടതായിരിക്കും..ഛേ.. വെറുതേ ഓരോന്ന് ആലോചിച്ച്‌...ഹും..നമ്മളോടാ കളി... ഭാസ്ക്കരേട്ടന്‍ മീന്‍മുള്ളു പൊട്ടക്കിണറ്റിലേക്ക്‌ വലിച്ചെറിഞ്ഞു...മുള്ള്‌ എവിടെന്നാ വന്നത്‌ എന്നറിയാന്‍ മുകളിലോട്ടു നോക്കി...

* * *

ഉച്ചകഴിഞ്ഞു തനിക്കു ഫുഡ്ഡ്‌ വാങ്ങാന്‍ പോയ ജവാനെ നാല്‌ മണി കഴിഞ്ഞിട്ടും കാണുന്നില്ലാ എന്നു കറമ്പിപശു നാലു വട്ടം അമറിയപ്പോഴാണ്‌ മനോരമ വായിച്ചു ടെന്‍ഷന്‍ അടിച്ചിരുന്ന ഓമനചേച്ചിയ്ക്കു ശരിയ്ക്കും ടെന്‍ഷന്‍ ആയത്‌. ശരിയാണല്ലോ.. "ഇതിപ്പോ ഒരു ലോറി പുല്ലു കൊണ്ടുവരാനുള്ള സമയമായി...അങ്ങേര്‍ക്ക്‌ ആരെയെങ്കിലും കൊല്ലാന്‍ കിട്ടിക്കാണും" എന്നു പിറുപിറുത്തു കൊണ്ടു ഓമനേച്ചി മുറ്റത്തോട്ടിറങ്ങി നീട്ടി വിളിച്ചു..."ഫാസ്ക്കരേട്ടാ...."

"പാക്കരന്‍ ബോധോല്ലാതെ കെടക്ക്വാരുന്നു, ദേ ഇപ്പൊ എടുത്തോണ്ട്‌ വന്നോള്ളൂ" മുറ്റത്തു കൂടിയവരോട്‌ പാറുവമ്മ വിശദീകരിച്ചു. അകത്തു നിന്നു ഓമനേച്ചിയുടെ കരച്ചിലും അതിലും ബാസ്സില്‍ വീടിന്റെ പുറകീന്നു കറമ്പിപശുവിന്റെ കരച്ചിലും കേള്‍ക്കാം. പച്ചവെള്ളം ചൂടുവെള്ളം മുതലായവ മാറി മാറി തളിച്ചും, കൈകാലുകല്‍ തിരുമ്മിയും, ഓമനേച്ചിയുടെ നെഞ്ചത്തടിയുടെ സൗണ്ട്‌ കേട്ടും അരമണിക്കൂര്‍ കൊണ്ട്‌ ഭാസ്ക്കരേട്ടന്‌ ബോധം വന്നു. "അല്ലേല്ലും ദൈര്യം ഉള്ളോര്‍ക്കു ബോധം പോയാല്‌ വരാന്‍ ഇത്തിരി സമയെടുക്കും". പാറുവമ്മ ഒരു നെടുവീര്‍പ്പോടെ താടിയ്ക്കു കൈ കൊടുത്ത്‌ പറഞ്ഞു. അല്‍പ്പനേരം കഴിഞ്ഞ്‌ ഭാസ്ക്കരേട്ടന്‍ നടന്ന സംഭവങ്ങള്‍ ഓരോന്നായി വിശദീകരിച്ചു, മീന്‍മുള്ള്‌ കണ്ടതും ,കിണറ്റിലിട്ടതും,അതു കഴിഞ്ഞു മുകളിലോട്ടു നോക്കിയതും ....


മുകളിലേക്കു നോക്കിയ ഭാസ്ക്കരേട്ടന്‍ കണ്ട കാഴ്ച്ച ഏതു ജവാന്റെയും സെന്റര്‍വാല്‍വിന്‌ ലീക്ക്‌ ഉണ്ടാക്കുന്നതായിരുന്നു. കിണറിനോടു ചേര്‍ന്നുള്ള മാളികയുടെ മുകളിലത്തെ നിലയിലെ ദ്രവിച്ചു പഴകിയ ജനല്‍പ്പാളി ഒരെണ്ണം പതിയെ തുറന്നു വന്നു.. അതു കണ്ട ഭാസ്ക്കരേട്ടന്റെ മേലാകെ പൂത്തു കയറി...ഒരു കൈപ്പത്തി തുറന്ന ജനല്‍പ്പാളിയുടെ പഴുതിലൂടെ ദൃശ്യമായി..സര്‍വ്വശക്തിയുമെടുത്ത്‌ ഭാസ്ക്കരേട്ടന്‍ ഒന്നു അലറി..സൈക്കളിന്റെ വാല്‍വ്റ്റ്യൂബ്‌ ഊരിയ പോലേ ഹൈ് പ്രഷറില്‍ കുറച്ചു എയര്‍ അല്ലാതെ മറ്റൊന്നും പുറത്തേയ്ക്കു വന്നില്ല... അടുത്ത നിമിഷം ഒരു കുടന്ന വെള്ളം ആ കയ്യില്‍ നിന്നും ഭാസ്ക്കരേട്ടന്റെ തല വഴി വീണു...ബ്ലക്‌..പണ്ടത്തെ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്‌ ടീവി ഓഫാകുന്ന പോലെ ഭാസ്ക്കരേട്ടന്റെ തലയില്‍ ഒരു ഫ്ലാഷും ശബ്ദവും മിന്നിമറഞ്ഞു..ആ ധീരജവാന്റെ ഫ്യൂസു പോയി...

മീന്‍മുള്ളിട്ടു ആദ്യം ടെസ്റ്റ്‌ ചെയ്തതു മാടനാണെന്നും പിന്നെ മീന്‍മുള്ള്‌ കിണറ്റിലിട്ടപ്പോള്‍ മുകളീന്നു വെള്ളം തളിച്ചത്‌ ചെറുക്കന്‍ പടക്കം പൊട്ടിച്ചപ്പഴേ കണ്ട്രോള്‍ പോയ നമ്പീശനാണെന്നും പാറുവമ്മ നാട്ടുകാര്‍ക്ക്‌ എക്സ്‌പ്ലെയിന്‍ ചെയ്തു. ആ വെള്ളം വീണാല്‍ ചൊറി വരും, വസൂരി വരും, കുഷ്ഠം വരും , നമ്പീശന്‍ എസ്‌ എസ്‌ എല്‍ സി പാസ്സായിട്ടാണോ കിണറ്റില്‍ വീണത്‌ എന്നിങ്ങനെ നിരവധി ഇന്റര്‍നാഷണല്‍ സംശയങ്ങളും, അനുമാനങ്ങളും പരസ്പ്പരം ചോദിച്ചും പറഞ്ഞും നാട്ടുകാര്‍ പല വഴി പിരിഞ്ഞു. എന്തായാലും അന്നു സന്ധയായപ്പോഴേക്കും ഭാസ്ക്കരേട്ടനെ തുള്ളി വിറച്ചു പനിച്ചു തുടങ്ങി....

രണ്ട്‌ ദിവസം പനിച്ചു കിടന്ന ഭാസ്ക്കരേട്ടന്‍ മൂന്നാം പക്കം രാവിലെ ആദ്യത്തെ ബസ്‌ പിടിച്ച്‌ തുപ്‌ഫന്‍ നമ്പൂതിരിയെ കാണാന്‍ പോയി. തുപ്‌ഫന്‍ നമ്പൂതിരി വിസയ്ക്ക്‌ അപ്പ്ലൈ ചെയ്യ്ത ഒരു ഐ എസ്‌ ഐ മാര്‍ക്ക്‌ മന്ത്രവാദിയായിരുന്നു. നമ്പൂരി ആള്‌ മെഴുകുതിരി പോലെയാണിരിക്കുന്നതെങ്കിലും,ചാത്തന്‍, രക്ഷസ്‌, മാടന്‍ മുതലായ സകല ടീമുകളുടെയും കൊട്ടേഷന്‍ ഏറ്റെടുക്കും.നമ്പൂരി കേട്ട വിവരങ്ങള്‍ വച്ച്‌ അന്നേയ്ക്കു മൂന്നാം പക്കം നടത്തേണ്ട ആവാഹനം, ഈവാഹനം, മറ്റേവാഹനം തുടങ്ങിയ മൂന്നാന്മുറകള്‍ക്കു വേണ്ട സാധനങ്ങളുടെ ഒരു ലിസ്റ്റും, ഗ്യാപ്പുള്ള രണ്ട്‌ ദിവസം ചെയ്യാന്‍ വേണ്ടി 10-15 അമ്പലങ്ങളില്‍ കമിഴല്‍, ഉരുളല്‍ മുതലായ ചില എക്സര്‍സൈസുകളും ഭാസ്ക്കരേട്ടന്‌ പറഞ്ഞു കൊടുത്തു.

മൂന്നാം പക്കം സന്ധ്യായി..
വരുമെന്ന് പറഞ്ഞ സമയമായിട്ടും നമ്പൂരിയെ കാണുന്നില്ല....
പതിവില്ലാത്ത വിധം ഇരുട്ടിനു കട്ടി കൂടി..
ഒരു മഴയ്ക്കുള്ള ഭാവം പോലെ...ചെറുതായി ഇടിമുഴങ്ങി, ദേവസ്വം പറമ്പില്‍ നിന്നൊരു കാറ്റ്‌ ഭാസ്കരേട്ടന്റെ മുറ്റത്തിട്ട ചെറിയ പന്തലിനെ ഉലച്ചു കടന്നു പോയി...
"ഭഗവാനേ കാത്തോണേ" ആവാഹനക്രിയകള്‍ എല്ലം റെക്കോര്‍ഡെഡ്‌ ലൈവായി പിറ്റേന്നു സംപ്രേഷണം നടത്താന്‍ വേണ്ടി എത്തിയിരുന്ന പാറുവമ്മ കണ്ണടച്ചു വിളിച്ചു...ഓമനേച്ചി നാമം ജപിയ്ക്കാന്‍ തുടങ്ങി...

പടിയ്ക്കല്‍ ഒരു ഓട്ടോറിക്ഷ വന്നു നിന്നു. തുപ്‌ഫന്‍ നമ്പൂതിരി അതില്‍ നിന്നിറങ്ങി അവിടമെല്ലാം ഒന്നുഴിഞ്ഞു നോക്കിയിട്ട്‌ വീട്ടിലേക്കു കയറി വന്നു. അല്‍പ്പസമയത്തിനകം നിലവിളക്കു കൊളുത്തി, കളം വരച്ചു കവിടി നിരത്തി.പത്തേ പത്തു മിനുട്ട്‌..! നോര്‍ട്ടന്‍ വൈറസിനെ പിടിക്കുന്ന പോലെ സകല മാടനേം, നമ്പീശനെ അടക്കം കവടിയില്‍ ഐഡന്റിഫൈ ചെയ്തു...വെളുപ്പിനു 3 മണി വരെ നീണ്ടു നിന്ന ആവാഹന അക്രമത്തിനു ശേഷം, രണ്ട്‌ രണ്ടര കിലോ തൂക്കത്തിനു വേണ്ടുന്ന ആണികള്‍ പൊട്ടക്കിണറിന്റെ ചുട്ടുവട്ടത്തുള്ള സകല മരത്തിലും, കാഞ്ഞിരം, പ്ലാവ്‌ തുടങ്ങി റബര്‍മരത്തില്‍ വരെ അടിച്ചു കേറ്റി സകല പ്രശ്നങ്ങളും സോള്‍വാക്കി നമ്പൂരി വിട കൊണ്ടു.

തലേന്നത്തെ പരിപാടികളുടെ ക്ഷീണം കാരണം ഉച്ചായായപ്പോഴാണ്‌ ഭാസ്ക്കരേട്ടന്‍ എഴുന്നേറ്റത്‌. ഊണു കഴിഞ്ഞ്‌ ധൈര്യസമേതം ദേവസ്വം പറമ്പില്‍ കയറി, തലേന്ന് അടിച്ച ആണികള്‍ എല്ലാം യഥാസ്ഥാനങ്ങളില്‍ ഇല്ലേ എന്നു ഉറപ്പു വരുത്തി. തിരികെ വീട്ടില്‍ വന്ന് നമ്പീശന്‍ ആന്‍ഡ്‌ പാര്‍ട്ടിയെ ഓടിയ്ക്കാന്‍ ചെലവായ കാശ്‌ കണക്കു കൂട്ടി, ഉരുണ്ടും കമിഴ്‌ന്നും ദേഹത്തു പറ്റിയ ഏനക്കേടൊക്കെ നോക്കി ചിന്താധീനനായി. ആ ഇരിപ്പ്‌ കണ്ട ഓമനേച്ചി ഭാസ്കരേട്ടനെ ആശ്വസിപ്പിച്ചു"ഓ ഇത്തിരി കാശുപോയാലെന്താ ചേട്ടാ മനസമാധാനോണ്ടല്ലോ..". ബോഡിപെയിന്‍ ഉണ്ടെങ്കിലും അതു ശരിയാണെന്നുള്ള ഭാവേന ഭാസ്ക്കരേട്ടന്‍ ദേവസ്വം പറമ്പിലേക്കു നോക്കി യുദ്ധം ജയിച്ച മട്ടില്‍ ഒന്ന് ചിരിച്ചു.

മാളികയുടെ ചോട്ടിലെ ബഹളം കേട്ടാണ്‌ ഭാസ്ക്കരേട്ടനും,ഓമനേച്ചിയും അങ്ങോട്ട്‌ ഓടി ചെന്നത്‌. അമ്പലത്തിലെ അല്ലറ ചില്ലറ പുറം പണികള്‍ ഒക്കെ ചെയ്തു കൊടുക്കുന്ന കുഞ്ഞന്‍പിള്ളയും ഭാസ്ക്കരേട്ടന്റെ ഓമനസന്താനം മണിക്കുട്ടന്‍ ഐ എ എസും പിന്നെ ബഹളം കേട്ട്‌ വന്ന കുറച്ചു പേരും കൂടിനില്‍ക്കുന്നു. കുഞ്ഞന്‍പിള്ളയുടെ ശബ്ദം ഉയര്‍ന്നു കേള്‍ക്കാമായിരുന്നു.."ഞാനാദ്യം മരപ്പട്ടിയാന്നാ കരുതിയെ, ഇരുട്ടല്ലായിരുന്നോ.പിന്നെ പട്ടികക്കഷ്ണം എടുത്ത്‌ അടിച്ച്‌ താഴയിടാന്ന് കരുതി വീശീതും ഇവന്‍ തല്ലല്ലേന്നു പറഞ്ഞു മോങ്ങീത്‌. മനുഷനെ പേടിപ്പിക്കാന്‍.. തേവര്‌ കാത്തു, ല്ലേ..പ്പൊ എന്തായേനേ..". ഒന്നും മനസിലാവാതെ ഭാസ്ക്കരേട്ടനും ഓമനേച്ചിയും മിഴിച്ചു നിന്നു. കുഞ്ഞന്‍പിള്ള വരാന്തയില്‌ പെറുക്കിയിട്ടിരിക്കുന്ന പേപ്പര്‍ കഷ്ണങ്ങള്‍, ബീഡിക്കുറ്റി,മെഴുകുതിരി ഇത്യാദി സാധനങ്ങള്‍ ചൂണ്ടി പറഞ്ഞു, "നിങ്ങടെ ചെര്‍ക്കന്‍, ഇതിന്റെ മോളില്‍കേറി ഇരുന്ന് കഥയെഴുതാണ്‌, ഉസ്കൂളില്‍ പോണൂന്നും പറഞ്ഞ്‌ പിള്ളേരു എങ്ങോട്ടാ പോണേന്നു നിങ്ങള്‌ അറിയണീല്യേ..?.".

ഓമനേച്ചിയുടെ കെട്ടിപ്പിടിച്ചും പൊട്ടിക്കരഞ്ഞുമുള്ള ചോദ്യം ചെയ്യലിന്റെ അവസാനം മണിക്കുട്ടന്‍ കുറ്റസമ്മതം നടത്തി. ഓണപ്പരീക്ഷക്ക്‌ അഞ്ചാറ്‌ വിഷയങ്ങള്‍ക്കു ഉന്നതവിജയം കരസ്ഥമാക്കിയതിനാല്‍ ഇനി അച്ഛന്റെ ജാമ്യത്തില്‍ ക്ലാസ്സില്‍ കയറിയാല്‍ മതിയെന്ന് സ്കൂളില്‍ നിന്ന് പറഞ്ഞെന്നും. ഈ വിവരം വീട്ടില്‍ പറഞ്ഞാല്‍ നടക്കാന്‍ സാധ്യതുള്ള , ആഭ്യന്തരകാലപം മുന്നില്‍ കണ്ട്‌ ഭാവി കളക്ടരാകേണ്ട ആ സത്‌പുത്രന്‍ കലാപം ഒഴിവാക്കാന്‍ കഴിഞ്ഞ ഒരാഴ്ച്ച ഒളിവില്‍ ചിലവഴിച്ചുവെന്നും ഭാസ്ക്കരേട്ടന്റെ മുഖത്തു ഇടയ്ക്കിടെ ഏറുകണ്ണിട്ട്‌ നോക്കി വിക്കി, വിക്കി മൊഴിഞ്ഞു.

ഭാസ്ക്കരേട്ടന്‍ പെറുക്കിയിട്ടിരുന്ന കടലാസുകളില്‍ നിന്നു ഒരെണ്ണം എടുത്തു നോക്കി. "ഡിക്ടറ്റീവ്‌ ഡിക്ലൂസ്‌ വാഴേടെ പൊറകില്‍ പതുങ്ങി നിന്നു. റിവര്‍വാള്‍ എടുത്ത്‌ കക്കൂസിന്റെ സൈഡിലേക്ക്‌ ചൂണ്ടി..". കളക്ടറായി കോട്ടും സൂട്ടുമിട്ട്‌ വരേണ്ട മകന്‍ "റിവര്‍വാളും" പിടിച്ച്‌ "ഡിക്ലൂസായി" നില്‍ക്കുന്ന കാഴ്ച്ച ഭാസ്ക്കരേട്ടനെ അമരീഷ്‌പുരിയാക്കി. പെട്ടെന്ന് ഒരു നിമിഷം ഭാസ്ക്കരേട്ടന്റെ തലയ്ക്കകത്ത്‌ ഒരു പീരങ്കിവെടി മുഴങ്ങി..., ഓമനപ്പുത്രനെന്ന ചാത്തന്‍ ഊണ്‌ കഴിച്ച്‌ പുറത്തെയ്ക്കിട്ട മീന്മുള്ള്‌,പിന്നെ കൈകഴുകിയ വെള്ളം തന്റെ തലയില്‍ വീണത്‌, അതിന്റെ പേരില്‍ നാട്ടുകാരുടെ മുന്നില്‍ മാനം പോയത്‌,പനി,ഹോമം,കമിഴല്‍,ഉരുളല്‍,ഇതിനൊക്കെ പൊട്ടിച്ച കാശ്‌...!
ഒരു മനുഷ്യന്‍ സിംഹമായി മാറുന്ന ഇടവിട്ടുള്ള സീനുകള്‍ നരസിംഹം സിനിമയില്‍ ഷാജികൈലാസ്‌ കാണിച്ചു തരുന്നതിനുമൊക്കെ എത്രയോ മുന്‍പു, അന്ന് അവിടെ നിന്നിരുന്നവര്‍ കണ്ടു.ഓമനേച്ചിയുടെ പുറകില്‍ പതുങ്ങി നിന്ന മണിക്കുട്ടന്റെ ഷര്‍ട്ടിനു പിടിച്ചു കറക്കി മുന്നിലോട്ട്‌ നിര്‍ത്തി സ്വയം മറന്ന് ഭാസ്ക്കരേട്ടന്‍ വിളിച്ചു
കഴുവേര്‍ട മോനേ..!

മാളികയുടെ പുറകിലെ പൊട്ടക്കിണറില്‍ നിന്നുയര്‍ന്ന ഒരു പൊട്ടിച്ചിരി അതിന്റെ വക്കുകളില്‍ തട്ടി ചിലമ്പിച്ച്‌ വട്ടം കറങ്ങി പതിയെ പതിയെ അലിഞ്ഞലിഞ്ഞ്‌ ഇല്ലാതെയായി...

Friday, September 29, 2006

ഒരു 'കൊല'പാതകം

എന്റെ ജനനത്തിനു ശെഷം ഭൂമി പതിനേഴു വട്ടം മാരത്തോണ്‍ നടത്തി പതിനെട്ടാമത്തേതിനു തയ്യറെടുകുന്ന സമയം. ഏഷ്യാനെറ്റില്‍ കടത്തനാട്ടുമാക്കവും കണ്ടു നാലുമണിയുടെ ചായക്കു സുഖമാണോ എന്നു അന്വേഷിച്ചതും അമ്മ മുന്നില്‍ പ്രത്യക്ഷ്യപ്പെട്ടു. "രാവിലെ മുതല്‍ ടീവീടെ മുന്‍പില്‍ തന്നെ ഇരുന്നോ, വെറെ ഒരു പണിയും ചെയ്യേണ്ട..നെനക്കു നിന്റെ മുടിയെങ്കിലും ഒന്നു വെട്ടിച്ചു കൂടേ..ചെകുത്താന്റെ പോലേണ്ട്..".

ദൈവമേ എന്റെ ഗ്ലാമര്‍...

കണ്ണാടിയില്‍ പോയി നോക്കി. അയ്യോ..! പേടിച്ചു പോയി...!

ശരിയാ മുടി വളര്‍ന്നു ഹെയര്‍ സ്റ്റെയില്‍ "മൗഗ്ലി"യുടെതു പോലെയായി..വെട്ടിച്ചേയ്ക്കാം. പേഴ്സു എടുത്തു ഒരു പോസ്റ്റുമോര്‍ട്ടം നടത്തി, പത്ത്‌ രൂപയുമെടുത്തു സന്തോഷിന്റെ ടിപ്പ്‌ ടോപ്പിലെക്കു പോകാന്‍ ഹെര്‍ക്കുലീസ്‌ സ്റ്റാര്‍ട്ടു ചെയ്തതും, പറമ്പില്‍ നാലു വാഴകളുമായി മല്‍പ്പിടിത്തം നടത്തിക്കൊണ്ടിരുന്ന പിതാശ്രീ എന്നെ പുറകില്‍ നിന്നു വിളിച്ചു. "ടാ നീ സൈക്ലും കൊണ്ടാണോ പോണെ..?". നശിപ്പിച്ചു ..., ഒരു നല്ലകാര്യത്തിനു ഇറങ്ങുമ്പൊഴാ പൊറകീന്നു വിളിക്കണെ എന്ന ഭാവത്തില്‍ ഞാന്‍ തിരിഞ്ഞു. "നീ ദേ ഇതുംകൂടി കൊണ്ടോക്കോ ആ ബാബൂന്റെ കടേലു കൊടുത്താല്‍ മതി". എന്തു പണ്ടാരാണോ എന്നു ഓര്‍ത്തു പറമ്പിലേക്കു ചെന്നപ്പോള്‍ അതാ അവിടെ...

സിസ്സേറിയന്‍ കഴിഞ്ഞിട്ടു അധികം നേരം ആവാത്ത ഒരു ഇളം പൈതല്‍.. ഒരു മുട്ടന്‍ "പാളയംകോടന്‍ വാഴക്കുല". കണ്ണീരോടെ ഇസട്‌ ആകൃതിയില്‍ നില്‍ക്കുന്ന വാഴയമ്മച്ചിയെ സക്ഷിയാക്കി പിതാശ്രീ ആ കുഞ്ഞിനെ എന്റെ കയ്യില്‍ ഏല്‍പ്പിച്ചു."10 കിലോയ്ക്കു മേലില്‍ തൂക്കോണ്ട്‌ , കിലോയ്ക്കു ഒരു നാലു രൂപ വച്ചു എങ്കിലും തരാന്‍ പറ" പിതാശ്രീ ഉവാച... റാന്‍ അടിയന്‍, ഓകെ ഡാഡീ.. തിരുവായ്ക്കു ഏതിര്‍വായില്ല..കേന്ദ്രസഹായം കൊണ്ടാണല്ലോ കഴിഞ്ഞു കൂടുന്നത്‌.

ഒരു ചാക്കെടുത്തു ഡയപ്പര്‍ പോലെ കെട്ടി കുഞ്ഞിനെ സൈക്കളിന്റെ പിറകില്‍ പ്രതിഷ്ഠിച്ചു. ഈ മാരണവും ചുമന്നോണ്ടു പോയാല്‍ എന്റെ ഇമേജ്‌, ഗ്ലാമര്‍,അഭിമാനം ഇതിന്റെയൊക്കെ നിലവാരം ഓഹരിവില പോലെ ഇടിയും. പക്ഷേ അഭിമാനവും, കുല വിറ്റാല്‍ കിട്ടുന്ന 10 റുപ്പീസ്‌ കമ്മീഷനും തമ്മില്‍ തൂക്കിനോക്കിയപ്പോള്‍ 10 രൂപയുടെ സൈഡു താഴ്‌ന്നു ഇരിക്കുന്നതു കണ്ടു ഞാന്‍ സൈക്കിള്‍ സ്റ്റാര്‍ട്ട്‌ ചെയ്തു. ഈ കൊല ആദ്യം തലേന്ന് ഒഴിവാക്കണം, അതു കഴിഞ്ഞു മുടി വെട്ടാന്‍ പോകാം. സൈക്കിള്‍ നേരേ "മറിയ സ്റ്റോര്‍സ്‌"ന്റെ മുന്നില്‍ നിന്നു. കടേല്‍ കുറച്ചു പേരുണ്ട്‌. സൈക്കളില്‍ നിന്നു കൊല താഴെയിറക്കുന്നതിനു മുന്‍പു ആ പരിസരം എല്ലം എന്റെ റഡാറില്‍ ഒന്നു സെര്‍ച്ചു ചെയ്തു. യെസ്‌..! രണ്ടു മൂന്നു പെമ്പിള്ളേര്‍ കടയിലുണ്ട്‌. ഇനിയുള്ള നീക്കങ്ങള്‍ എല്ലാം കരുതലോടെ ആയിരിക്കണം... ഞാന്‍ തീരുമാനിച്ചു. വിചാരിച്ച പോലെ അല്ല, കൊല ഒരു പതിനഞ്ചു കിലോ എങ്കിലും ഉണ്ടെന്നു തോന്നുന്നു...ഒരു വിധത്തില്‍ അതു സൈക്കളില്‍ നിന്നും താഴെയിറക്കി വരാന്തയുടെ മൂലക്കു കുത്തി ചാരി നിര്‍ത്തി.

അല്‍പ്പസമയത്തിനകം വാഴക്കുലയുടെ തൂക്കം , കായ്കളുടെ എണ്ണം എന്നിവ സ്വര്‍ണ്ണം തൂക്കുന്നതു പോലെ കണക്കാക്കി. മോശമില്ല പതിമൂന്നര കിലോ.അതില്‍ ലവന്റെ സ്കെലിറ്റന്‍ കാളാമുണ്ടന്‍ 1 കെജി കുറച്ചു പന്ത്രണ്ടര കിലോയ്ക്കു നാലു രൂപാ വിലയിട്ടു കാശു തന്നു. മഹാപാപി.. കടയില്‍ വില്‍ക്കുന്നത് കിലോയ്ക്കു ഒന്‍പതു രൂപയ്ക്കും പത്തു രൂപയ്ക്കും. വാങ്ങുന്നതോ..? കര്‍ഷകര്‍ ആത്മഹത്യ അല്ലേ ചെയ്യുന്നുള്ളു , കൊലപാതകികള്‍ ആവുന്നില്ലല്ലോ..! എന്നു സമധാനിച്ചു ഞാന്‍ കടയില്‍ നിന്നു ഇറങ്ങി. 50 റുപ്പീസിനു തന്നെ വിറ്റിട്ടു പോകുന്ന കാഴ്ച കണ്ടു വാഴക്കുല കരഞ്ഞു കാണണം... ആ കരച്ചിലു കേട്ടിട്ടൊ എന്തോ ബാബുക്കുട്ടന്‍ എന്നെ വിളിച്ചു "ടാ.. നീ ആ അതു എടുത്തു ഒന്നു മോളില്‍ തൂക്കിയിട്ടു പോ, നിനക്കാകുമ്പോള്‍ പൊക്കമുണ്ടല്ലോ..". അവസാനം കോമ്പ്ലിമന്റ്‌ ആയി പറഞ്ഞ വാക്കുക്കള്‍ കേട്ടിട്ടാണെന്നു തോന്നുന്നു അവിടെ നിന്നിരുന്ന സുന്ദരിക്കോതകള്‍ എന്നെ ഒന്നു പാളി നോക്കി, പിന്നെ എന്തൊ കുശുകുശുത്തു ചിരിച്ചു...

എന്താന്നു അറിയില്ല, സമുദ്രനിരപ്പില്‍ നിന്നു 6 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്നതു കൊണ്ടാവാം അവിടെ നിന്നിരുന്ന പൊക്കസാക്ഷരത ഇല്ലാത്ത എല്ലവരെയും നോക്കി ഒരു ഗൂഡമന്ദസ്മിതം പൊഴിച്ചു കൊണ്ടു, ആ വെല്ലുവിളി ഏറ്റെടുത്തു ഞാന്‍ വാഴക്കുലയുടെ അടുത്തേക്കു നടന്നു. ഉപ്പുചാക്കിന്റെ മുകളില്‍ കുത്തിയിരുന്ന പരമുവാശാന്‍ എന്തോ ഒരു കാഴ്ച കാണാന്‍ പോകുന്ന പോലെ ഒന്നു കൂടി ഇളകിയിരുന്ന്, ഒരു ബീഡിയ്ക്കു തീപ്പിടിപ്പിച്ചു. ഇതിനോടകം ഞാന്‍ ലവനെ തൂക്കേണ്ട ഇടം ഐഡെന്റിഫൈ ചെയ്തു, കൊളുത്തില്‍ കിടന്നിരുന്ന കയറ് അഴിച്ചു. രണ്ടു പുകയെടുത്ത ശേഷം പരമുവാശാന്‍ എന്നെ ഒന്നു നോക്കി ചോദിച്ചു

"ടാ നീ തന്നെത്താനേ ഇതു എടുത്തു പൊക്കുമോ..താഴേന്നു തന്നെ തൂക്കാന്‍ പറ്റ്വോ...?"

ഹും..പുവര്‍ ഓള്‍ഡ്‌ ഫെല്ലോ..6 അടി പൊക്കത്തില്‍ നില്‍ക്കുന്ന എന്നോടൂ..പുല്ലാന്നിപ്പുറത്തു ഓന്തിരിക്കുന്ന പോലത്തെ അയള്‍ടെ ഒരു ചോദ്യം.."ഹേയ്‌ കൊഴപ്പോല്ല പരമുവേട്ടാ.. ", ഞാന്‍ വാഴക്കുലയുടെ കൊരവള്ളിയ്ക്കു പിടിച്ചു , അവന്റെ കഴുത്തില്‍ കാലപാശം ഇട്ടു. ദുശ്ശാസനന്‍ പാഞ്ചാലിയെ മുടിയ്ക്കു പിടിച്ചു വലിച്ചു കൊണ്ടു വന്ന പോലെ , ലവനെ കടയുടെ ഉമ്മറത്തെയ്ക്കു കൊണ്ടു വന്നു.പതിമൂന്നര കിലോ എന്നു പറയുന്നതിന്റെ വൈയ്റ്റ്‌ ഇപ്പൊ കൂടിയൊ എന്ന സംശയം എന്റെ ഹെല്‍ത്തി മസില്‍സിനു തോന്നിയിരുന്നു, അതു കൊണ്ടാണ്‌ ആദ്യത്തെ രണ്ടു സെക്കന്റ്‌ മാത്രം എന്റെ കയ്യില്‍ ഇരുന്ന ലവന്‍ പിന്നെ നെഞ്ഞത്തും പിന്നെ കാലിലും പിന്നെ പാഞ്ചാലി മോഡലില്‍ നിലത്തുമായത്‌. മസില്‍സിന്റെ സംശയം വിയര്‍പ്പുതുള്ളികള്‍ ആയി എന്റെ നെറ്റിയില്‍ പ്രത്യക്ഷപ്പെട്ടു...

ഒരു ആരാച്ചാരെ പോലെ കുലയുടെ കഴുത്തിലെ കയര്‍ ശരിയാണെന്നു ഉറപ്പു വരുത്തി, മുകളില്‍ അവനെ തൂക്കാനുള്ള കൊളുത്തിനെ മനസില്‍ ആവഹിച്ചു,ഇടത്തെ കൈ മുകളിലുംവലത്തെ കൈ കീഴെയും പിടിച്ചു ലവനെ എടുത്തു പൊക്കി.ഒറ്റ ടേക്കില്‍ സംഭവം തലയ്ക്കു ഒപ്പം എത്തി, പക്ഷേ കൊളുത്തു ഫീല്‍ഡില്‍ നിന്നു മറഞ്ഞു...

....സെക്കന്റുകള്‍ കടന്നു പോകുന്നു...

കയ്യിലെ മസില്‍സ്‌ ഓവര്‍ ഹീറ്റ്‌ ആകാന്‍ തുടങ്ങി.... ഹാര്‍ട്‌ ബീറ്റ്‌ ഇപ്പൊള്‍ 550 പെര്‍ സെക്കന്റ്‌, കാലുകളുടെ ട്രെംബ്ലിങ്ങു 50 വൈബ്രേഷന്‍ പെര്‍ സെക്കന്റ്‌, ആദ്യത്തെ 10 സെക്കന്റ്‌ ഇപ്പ്രകാരം കൊളുത്തു അന്വേഷിച്ചു കടന്നു പോയി...

പെട്ടെന്ന്, മിഷന്‍ അബോര്‍ട്ടു ചെയ്തില്ലങ്കില്‍ ഓയെസ്‌ അടിച്ചു പൊയേക്കും എന്ന സിസ്റ്റം അലെര്‍ട്ട്‌ എനിക്കു കിട്ടി....അതേ... മുണ്ടിന്റെ കുത്തഴിയുന്നു..പതിയെ പതിയെ കക്ഷി ബോഡിയില്‍ നിന്നു സ്ലിപ്പ്‌ ആകുന്നു.. വാഴക്കുലയും പിടിച്ചു സ്റ്റാച്യു ഓഫ്‌ ലിബേര്‍ട്ടി പോലെ പലചരക്കു കടയുടെ മുന്‍പില്‍ മുണ്ടില്ലതെ നിന്നാല്‍...

...ഈശ്വരാ...!

ദൈവം എന്റെ പ്രാര്‍ഥന കേട്ടു....! കൊളുത്തു കണ്ടു..ഉടനേ ലവനെ തൂക്കി..മിഷന്‍ കമ്പ്ലീറ്റെട്‌..!. അഴിഞ്ഞ മുണ്ടു മുറുക്കി കുത്തി ഞാന്‍ മോളിലോട്ടു നോക്കി. ഇന്‍സാറ്റ്‌ ഭ്രമണപഥത്തില്‍ എത്തുമ്പോള്‍ ശാസ്ത്രജ്ഞര്‍ നോക്കി നിന്നു അഭിമാനം കൊള്ളുന്നതു പോലെ, സുരക്ഷിതമായി ഭ്രമണപഥത്തില്‍ എത്തിയ ആ വഴക്കുലയെ കണ്ടു ഞാന്‍ അഭിമാനം കൊണ്ടു ..എന്റെ മസില്‍സ്‌ കോരിത്തരിച്ചു....!

ധിം..!
...............
.......
ആദ്യം സര്‍വത്ര ഇരുട്ട്‌...
പിന്നെ ആദിയില്‍ വചനം ഉണ്ടായി....."എന്താ..എന്താ പറ്റിയെ..ടാ..മിണ്ടനില്യാല്ലോ .."
പതുക്കെ പതുക്കെ എന്തൊക്കെയോ ദൃശ്യമാകുന്നു..നിഴലു പോലെ...
ലോകം ഉണ്ടായ കാര്യം ഒന്നും അല്ല..എനിക്കു ബോധം വരുന്നതാ..
യെസ്‌ ഇപ്പോള്‍ എല്ലാം ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റു കളറില്‍ കാണാം...ചുറ്റിനും നിറയെ ആളുകള്‍..

മൊത്തം വേദന..കോരിത്തരിച്ച മസില്‍സ്‌ എല്ലാം കോച്ചിപ്പിടിച്ച പോലെ..വാരിയെല്ലുകള്‍ സേമിയ പൊടിച്ച പോലെ... ഉപ്പുചാക്കിന്റെ സൈഡിലോട്ടു ഞാന്‍ ചാരിയിരുന്നു. ഇന്നാ ഇതു കുടിക്ക്‌ എന്നു പറഞ്ഞു ആരോ ഒരു സോഡ എന്റെ കയ്യില്‍ തന്നു..ഒരിറക്കു കുടിച്ചു, ങേഹേ.. അതു ചെസ്റ്റിനു മുകളിലായി എവിടെയോ ബ്ലോക്ക്‌ ആയി..

അര മണിക്കൂര്‍ കൊണ്ടു ഞാന്‍ നോര്‍മല്‍ ആയി..അപ്പൊഴേക്കും അതു വരെ എന്റെ ബോഡിയില്‍ ഇല്ലാതിരുന്ന ചില മസില്‍സ്‌ അവിടിവിടെയായി പ്രത്യക്ഷപ്പെട്ടിരുന്നു..സംഭവിച്ചതു മറ്റൊന്നും ആയിരുന്നില്ല..ഭ്രമണപഥത്തില്‍ നിന്നു സിഗ്നലുകള്‍ അയച്ചു തുടങ്ങിയ വാഴക്കുല ഞാന്‍ തൂക്കിയ കയറിന്റെ ഗുണനിലവാരം ഇഷ്ടപ്പെടാതെ നേരെ റിട്ടേണ്‍ ടിക്കറ്റ്‌ എടുത്തു എന്റെ നെഞ്ചത്തു ലാന്റു ചെയ്തു. പിന്നെ എനിക്കു ഓര്‍മ്മയുള്ള കാര്യങ്ങളാണു മുകളില്‍ പറഞ്ഞത്‌.

ടിപ്പര്‍ ഇടിച്ച ഓട്ടോറിക്ഷാ പരുവത്തില്‍ വാഴക്കുല നിലത്തു ഡെഡ് ബോഡിയായി കിടപ്പുണ്ട്‌. ബാബുക്കുട്ടന്‍ കോപക്കുട്ടനായി എന്നേയും ലവനേയും മാറി മാറി നോക്കി." എവടെ നോക്കിയാടാ കയറെടുത്തു കെട്ടിയേ..ഓരോന്നു ഒപ്പിച്ചോളും ..ഇതീന്നു കിട്ടണ വിറ്റേച്ചു കൊറൊവൊള്ളതു അടുത്ത പറ്റില്‍ എഴുതിയെക്കാം" എന്നു പറഞ്ഞു അകത്തോട്ടു പോയി.

ആറ്റംബോംബു വീണ ഇഫക്ടില്‍ ഇരിക്കുന്ന എന്നെ നോക്കി മാധവിച്ചേച്ചി ചോദിച്ചു "മോനേ, വേദനേണ്ടോ..? വിക്സോ വല്ലോം ഇട്ടു തിരുമ്മണോ..?" വേണ്ടാ എന്നു പറയാന്‍ എനിക്കു വാ തുറക്കേണ്ടി വന്നില്ലാ, അതിനു മുന്‍പേ പരമുവാശാന്‍ ചാമ്പി.. "വേണ്ടടി മാധവി... ഇവന്റെ നെഞ്ഞത്തു വിക്സിട്ടാ മുതുകത്തു വരും...".

ഇത്രേം പ്രായമായിട്ടും ഈ പുണ്യാത്മാവിനൊന്നും അങ്ങോട്ടുള്ള വിസയടിക്കറായില്ലെ എന്നോര്‍ത്തു,നാലഞ്ച് "സംസ്കൃത പദങ്ങള്‍" മനസാ ഉരുവിട്ട് ഞാന്‍ പതുക്കെ എഴുന്നേറ്റു പ്രാഞ്ചി പ്രാഞ്ചി പുറത്തേയ്ക്കു നടന്നു...
അപ്പോഴും പുറകീന്നു കള്ളിയങ്കാട്ടു നീലിമാരുടെ ചിരി എനിക്കു കേള്‍ക്കമായിരുന്നു.....

Saturday, September 23, 2006

മുല്ലപ്പെരിയാറും തമിഴരും പിന്നെ നമ്മളും..!

ഒരു അപ്പൂപ്പന്‍ നമ്മുടെ നാട്ടില്‍ പിടി വിട്ടു നില്‍ക്കുന്നു.. കക്ഷിയെ എല്ലാവരും അറിയും.

പേരു : മുല്ലപ്പെരിയാര്‍ ഡാം
പ്രായം : 111 വയസ്‌
ജനനം : 1895
മരണം : ഉടനെ ഉണ്ടാകും...

കേക്കു ഉണ്ടാക്കുന്ന പോലെ മുട്ട,മൈദ, ശര്‍ക്കര മുതലായവ കൊണ്ടു ഒരു ഡാം. കമ്പി സിമണ്റ്റ്‌ നഹി നഹി..! സായിപ്പ് ഉണ്ടാക്കിയതു കൊണ്ടാവാം 111 കൊല്ലമായി പിടിച്ചു നില്‍ക്കുന്നു. ഈ ഡാം അപ്പൂപ്പണ്റ്റെ പിടി വിട്ടാല്‍ താഴെയുള്ള ചെറുകിട ഡാമുകളും, ഇടുക്കി വല്യേട്ടന്‍ ഡാമും, ഇടുക്കി,കോട്ടയം,എറണാകുളം, ആലപ്പുഴ,പത്തനംത്തിട്ട ജില്ലകളിലെ ആബാലവൃദ്ധം ജനങ്ങള്‍,ആടുമാടുകള്‍,കോഴികള്‍,പട്ടി,പൂച്ച,ഉറുമ്പു,കൊതുകു തുടങ്ങി..കൃമികീടങ്ങള്‍ വരെ വിത്തിന്‍ 24 അവേഴ്സ്‌ അറബിക്കടലില്‍ മിക്സു ചെയ്യപ്പെടും. ചിത്രഗുപ്തന്‍ ബള്‍ക്കായിട്ടു അങ്ങോട്ടുള്ള വിസ അടിയ്ക്കാന്‍ ഓറ്‍ഡറ്‍ കൊടുത്തു കാണും. ഒന്നും രണ്ടും അല്ലല്ലൊ ലക്ഷങ്ങള്‍ അല്ലേ ..കമോണ്‍, സ്റ്റാര്‍ട്ട്‌ ആക്ഷന്‍, ക്യാമറാ, ഞങ്ങള്‍ പോകാന്‍ (ചാകാന്‍) റെഡി എന്നു പറഞ്ഞു നില്‍ക്കുന്നതു..മാത്രമല്ല യമലോകത്തേയ്ക്കു വരുന്നതോ..എല്ലാം മലയാളികള്‍ പോരേ പൂരം..! (അതും മദ്ധ്യ(ദ്യ)തിരുവിതാംകൂറുകാര്‍). അവിടെ കാലനും ചിത്രഗുപ്തനും കൂടി അന്തോണീസുപുണ്യാളണ്റ്റെ കുരിശുപള്ളിയില്‍ മുട്ടിപ്പായി പ്രാര്‍ത്ഥിക്കുന്നുണ്ടാകും, "പുണ്യാളാ, ഡാം പൊട്ടല്ലേ..ആ പടകളെ ഇങ്ങോട്ടു കൂട്ടത്തോടെ കെട്ടി എടുക്കല്ലേ..".

പക്ഷേ ഇങ്ങോട്ടു ഒന്നു നോക്കു..അതേ കേരളത്തിലേക്കു തന്നെ.. രാവിലെ എഴുന്നേറ്റാല്‍ ഇറാക്കില്‍ ഇന്നും ബോംബു ഇടുമോ എന്നു തുടങ്ങി മമ്മൂട്ടിയുടെ അടുത്ത പടം പൊട്ടുമോ എന്നു വരെ വേണ്ടതിനും വേണ്ടാത്തതിനും ടെന്‍ഷന്‍ അടിയ്ക്കുന്ന മലയാളി ഈ ഒരു കാര്യത്തില്‍ യാതൊരു പ്രോബ്ളെവും ഇല്ലാതെ ഇരിയ്ക്കുന്ന കണ്ടോ.. അതാണു പാലം കുലുങ്ങിയാലും കേളന്‍ സ്ട്രോങ്ങ്‌ ആയിരിക്കും എന്നു പറയുന്നതു.ആഭാസാ, പൊതുജനത്തെ വിടൂ... പാവങ്ങള്‍,‍ എന്തു അറിയാം..ഒരു ഫ്ലാറ്റ്‌,ഒരു കാര്‍,പിള്ളേര്‍ക്കു രണ്ടിനും എഞ്ജിനീറിംഗ്‌ സീറ്റ്‌,ഛെ ഛെ ഇതൊക്കെ പഴയതല്ലേ.. വീട്ടിലെ എല്ലാവര്‍ക്കും ഓരോ ലേറ്റെസ്റ്റു മൊബൈല്‍,ഓരോരുത്തര്‍ക്കും ഒരൊ പിസി, ഓരോ ബ്ളോഗ്‌, ഡിന്നറിനു പിസ്സ ഇങ്ങനെ കൊച്ചു കൊച്ചു അ(ത്യാ)ഗ്രഹങ്ങള്‍ ഉള്ള നിഷ്ക്കളങ്കര്‍. ഇപ്പൊ ഒന്നു കൂടി ഉണ്ട്‌, കൂട്ടത്തോടെ അത്മഹത്യചെയ്താല്‍ ഒരു കുടുംബഫോട്ടോ എല്ലാ പത്രങ്ങളുടേയും ഫ്രണ്ടു പേജില്‍ വരണം .എന്താ ചെയ്യാ..ഈശ്വരാ!.... എണ്റ്റെ ഒരു സ്നേഹിതനോടു ഡാം പൊട്ടിയാല്‍ എന്തായിരിക്കും അവസ്ഥ എന്നു ചര്‍ച്ച ചെയ്തു , കുറച്ചു നേരത്തെ കണക്കുകൂട്ടലിനു ശേഷം ലവന്‍ പറഞ്ഞതു ഇങ്ങനെയാണു.."പൊട്ടിയാല്‍ കൂടി വന്നാല്‍ തൃശ്ശൂര്‍ക്കു വരെ, അതിനപ്പുറം വെള്ളം വരില്ല , സോ ഞങ്ങള്‍ രക്ഷപ്പെട്ടു. നിങ്ങളു ഒഴുകിപോകുന്നോരു എന്താന്നു വച്ചാ ചെയ്യാന്‍ നോക്കിക്കോ.." എപ്പടി..? ഞങ്ങള്‍.. നിങ്ങള്‍.. ഇതാണ്‌ടാ മലയാളി.. !

മേല്‍പ്പറഞ്ഞതു പൊതുജനത്തിണ്റ്റെ കാര്യം.. പക്ഷേ ഒരു സമൂഹത്തിണ്റ്റെ പ്രശ്നങ്ങള്‍ക്കു വേണ്ടി സദാ വാപൊളിയ്ക്കുന്നു എന്നു പറയുന്ന (നാട്ടില്‍ കിട്ടാന്‍ ഒരു പഞ്ഞവും ഇല്ലാത്ത)സാമൂഹ്യകലാസാംസ്കാരിക നായകര്‍,രാഷ്ട്രീയാ നേതാക്കള്‍,ശാസ്ത്രഞ്ജര്‍,ബുദ്ധിജീവികള്‍..എവിടെ ഇവരെല്ലാവരും എവിടെപ്പോയീ..?. ഹ ഹ ഹ നല്ല ചൊദ്യം..ഡേയ്‌ പയ്യന്‍സ്‌..ഇവിടെ വേറെ എന്തെല്ലാം തീ പിടിച്ച വിഷയങ്ങള്‍ കിടക്കുന്നു.. പി കുഞ്ഞിരാമന്‍ നായര്‍ സവര്‍ണ്ണനൊ അവര്‍ണ്ണനൊ..? ഓണം സവര്‍ണ്ണ ആഘോഷമോ അവര്‍ണ്ണ ആഘോഷമോ...? പറയൂ.., മന്ത്രി പ്ളെയിനില്‍ പോക്രിത്തരം കാട്ടിയോ ഇല്ലയോ..?, സ്വാശ്രയ കോളേജു പ്രശ്നത്തില്‍ പള്ളിയ്ക്കു ബോംബു വയ്ക്കണൊ, നിയമസഭയ്ക്കു ബോംബു വയ്ക്കണൊ.., അതോ സധാരണക്കാരണ്റ്റെ ട്രൌസറിനു ബോംബു വയ്ക്കണൊ..? പറയൂ മിസ്റ്ററ്‍ ആഭാസന്‍.. "അയ്യോ എണ്റ്റെ പൊന്നു സാറന്‍മാരെ ആഭാസന്‍ തോറ്റു..എനിക്കു ഇതിനൊന്നും ഉത്തരം അറിയില്ല", പക്ഷേ ഈ പിഞ്ചു മനസ്സില്‍ ഒരു ആഭാസ സംശയം ..ഈ ഡാം അങ്ങു പൊട്ടിയാല്‍ ഇപ്പൊ ഇവിടെ കിടന്നു കാശു താടാ ഫീസു താടാ എന്നു ഗുണ്ടായിസം കാട്ടുന്ന മാര്‍ തെമ്മാടിയോസും, മാര്‍ പീലാത്തിയോസും, പള്ളിയും, പട്ടക്കടയും അടക്കം ഒലിച്ചു കടലില്‍ ചെല്ലും. പിന്നെ കോളേജുമില്ല , കള്ളുഷാപ്പും ഇല്ല സ്വസ്ഥം സമാധാനം ആയി ഭരിയ്ക്കാം. ഇങ്ങനത്തെ എന്തെങ്കിലും അവസാനത്തെ അടവിനു വേണ്ടിയാണോ സറ്‍ക്കാരേ ഈ അപ്പൂപ്പനെ "ഇപ്പൊ ശര്യാക്കിത്തരാം" എന്നു പറഞ്ഞു നിര്‍ത്തിയിരിക്കുന്നേ. ഇപ്പോഴത്തെ അവസ്ഥ വച്ചു ഒരു കുസൃതി ചോദ്യം ചോദിച്ചതാ, അല്ല ഞാന്‍ എന്തിനാ ഇപ്പോ ഇവരോടു മാത്രം ഇങ്ങനെ ചോദിയ്ക്കണേ..പത്തു മുപ്പതു കൊല്ലം മുന്‍പേ "ഇങ്ങെരുടെ വെടി തീറ്‍ന്നു" എന്നു നമ്മുടെ അപ്പൂപ്പനു ആരോ സര്‍ട്ടിറ്റു കൊടുത്തതാ..പക്ഷെ എന്നിട്ടു ആരു മൈണ്റ്റു ചെയ്തു.. ? ജാതി , മതം ,രാഷ്ട്രീയം, നിറം, ഗുണം, മണം,പണം,ഫാന്‍സ്‌ ക്ലബ്‌,അമ്മായിയമ്മ ,മരുമകള്‍ വേര്‍ തിരിവില്ലാതെ,സംസ്ഥാനത്തെ മുഴുവനായി ബാധിയ്ക്കുന്ന പ്രശ്നം ആയ ഒരു കാര്യത്തില്‍ മുപ്പതു കൊല്ലമായിട്ടും കക്ഷി ഭേദമന്യെ ആറ്‍ക്കും ഒന്നും ചെയ്യന്‍ കഴിഞ്ഞില്ല എന്നു പറയുമ്പോള്‍ ആണു നാം നമ്മുടെ ഭരണവര്‍ഗ്ഗത്തിണ്റ്റെ കഴിവു(കേടു) കാണുന്നത്‌. പരസ്പ്പരം ചെളി വാരിയെറിയാന്‍ വേണ്ടി, മുല്ലപ്പെരിയാര്‍ എന്നു കെള്‍ക്കുമ്പോള്‍ രാഷ്ട്രീയക്കാര്‍ വാ തുറക്കും, വണ്ടിയും വിളിച്ചു പരിവാരങ്ങളുമായി ഡാം കാണാന്‍ പോകും, അവിടെ കാവല്‍ നില്‍ക്കുന്ന തമിഴണ്റ്റെ തെറി കേട്ടു തിരികെ പോരും. എന്നിട്ടു നിനക്കു ചെയ്യാമായിരുന്നില്ലെ..?, നിനക്കു ചെയ്യാമായിരുന്നില്ലെ..? എന്നു 5 വര്‍ഷം മാറി മാറി ഭരിച്ചവര്‍ അങ്ങോട്ടും ഇങ്ങോട്ടും കുരയ്ക്കും... വെണ്ടക്ക മുഴുപ്പില്‍ ഹെഡ്ഡിങ്ങും വച്ചു മാധ്യമകാളകൂടങ്ങള്‍ ഈ കടിപിടികള്‍ പൊതുജനക്കഴുതകള്‍ക്കു വിളമ്പി കൊടുക്കും.ജനം ഹാപ്പി.. !

ഇതു പറഞ്ഞപ്പോള്‍ ആണ്‌ ഓര്‍ത്തത്‌, എന്നും രാവിലെ ലോട്ടറി വില്‍പ്പനക്കാരെ പോലെ ഇന്നലെ രണ്ടു ഓട്ട വീണു, മിനിഞ്ഞാന്നു മൂന്ന് എണ്ണം, നാളെ പത്ത്‌ എണ്ണം വീണേയ്ക്കാം, ആരായിരിക്കും ഇതൊക്കെ അനുഭവിക്കന്‍ യോഗമുള്ള ഭാഗ്യവാന്‍മാര്‍ എന്നുള്ള സ്റ്റൈലില്‍ വാര്‍ത്തകള്‍ പടച്ചു വിടുന്ന പത്രമാധ്യമങ്ങള്‍..അവരെ നമിയ്ക്കണം. ഡാം എങ്ങാനും പൊട്ടിയാല്‍ കൊടുക്കേണ്ട എഡിറ്റോറിയലും,അനുശോചനവും വരെ എല്ല പത്രങ്ങളും ഓള്‍റെഡി തയ്യാറാക്കിക്കാണണം. വാര്‍ത്താ പ്രസിദ്ധീകരണങ്ങള്‍ എന്നതില്‍നിന്നും വാര്‍ത്താവ്യവസായ പ്രസിദ്ധീകരണങ്ങള്‍ എന്ന നിലയിലേക്കു പോയ ഇവറ്റകളെ എന്തു പറയാന്‍. അല്ല ഇങ്ങനെയുള്ള വാര്‍ത്തകള്‍ക്കു പത്രങ്ങളെ മാത്രം കുറ്റം പറയേണ്ട, ഇതൊക്കെ ഒരു സാഹസിക നോവല്‍ വായിക്കുന്ന രസത്തിനു ആസ്വദിയ്ക്കാന്‍ നമ്മള്‍ പഠിച്ചു കഴിഞ്ഞു. മുല്ലപ്പെരിയാറ്‍ ഡാമിനു അടുത്തു കിടക്കുന്ന വല്ല പത്തു പേരേ ഇമ്മാതിരി വാര്‍ത്തകള്‍ കണ്ടു ഞെട്ടാന്‍ തരമുള്ളു..ബാക്കി ഉള്ളവര്‍ക്കു എന്തു ഓട്ട..? എന്തു വിള്ളല്‍..? എന്തു ഡാം..? ലെറ്റ്സ്‌ അര്‍മഡൈസ്‌ ലൈഫ്‌...

നമ്മുടെ നാട്ടുകാരെ കുറിച്ചു ഇത്രയും കുറ്റം പറഞ്ഞ സ്ഥിതിക്കു തമിഴരെ കുറിച്ചും.."ഛെ എടാ ആഭാസാ നിര്‍ത്തു നിര്‍ത്ത്‌..എന്താ പറഞ്ഞേ തമിഴന്‍മാരൊ പാണ്ടികള്‍ എന്നു പറയെടാ". സ്വാറി, പാണ്ടിതമിഴരെ കുറിച്ചും പറയണെമല്ലൊ.വിദ്യാഭ്യാസം, വൃത്തി,ബുദ്ധി,ഗ്ളാമറ്‍ ഇതിനൊക്കെ മോഡറേഷന്‍ കൊടുത്താലും നമ്മുടെ അടുത്തു എത്തില്ലാ എന്നു നമ്മള്‍ പറയുന്ന,നമ്മുടെ നാട്ടില്‍ വന്നു കുഴി കുത്തിയും, മണ്ണു ചുമന്നും അരി വാങ്ങുന്ന പാവങ്ങള്‍ ആയിരിക്കാം തമിഴ്സ്‌.... ബട്ട്‌.....ഒരു തമിഴനെ എങ്ങാനും തൊട്ടാല്‍..."ഡേയ്‌ #$@&$ ഉന്നെ സീവിടുവേന്‍...!", തമിഴണ്റ്റെ വെള്ളം കുടി മുട്ടിച്ചാല്‍ "$%$@%$&&% പാപി ഉന്നെ ശുട്ടിടുവേന്‍...!". അണ്ണന്‍മാര്‍ തകര്‍ത്തു കളയും...! തമിഴന്‍മാര്‍ക്കു തണ്ണി കൊടുക്കുന്നതിനു ആഭാസന്‍ എതിരല്ല പക്ഷെ മോന്‍ ചത്താലും വേണ്ടില്ലാ മരുമോളുടെ കണ്ണീരു കാണണം... ആ ലൈന്‍ പറ്റില്ല. കഴിഞ്ഞ ദിവസം അവിടുത്തെ ഒരു മന്ത്രി പറഞ്ഞതു തമിഴര്‍ കേരളത്തിനു പച്ചക്കറി കൊടുക്കുന്നു അതിനു പകരം കേരളം തമിഴനു തണ്ണി തരണം എന്നാണ്‌. ഇതു കേട്ടപ്പോള്‍ ഇത്രയും നാള്‍ തമിഴന്‍ നമുക്കു ഫ്രീ ആയിട്ടാണോ പച്ചക്കറി തന്നതു എന്നു ആഭാസനു ഒരു സംശയം തോന്നി. അവിടെ തമിഴരെക്കാള്‍ വിവരം കുറഞ്ഞ തമിഴരുടെ നേതാക്കള്‍ കാര്യങ്ങള്‍ കയ്യാളി തുടങ്ങി. അപ്പൂപ്പണ്റ്റെ തലമണ്ടയില്‍ തേങ്ങ അടിച്ചു പൂജ കഴിച്ചു, അരിവാളും മൂര്‍ച്ചകൂട്ടി അണ്ണന്‍മാര്‍ അവിടെ പട തുടങ്ങി കഴിഞ്ഞു. പ്ളാച്ചിമടയിലെ ന്യായമായ സമരത്തിനു പാവം മയിലമ്മയും കൂട്ടരും പത്തായിരം ദിവസം വെള്ളം കുടിയ്ക്കാതെ വെയിലും മഴയും അതിലുപരി സ്വന്തം നാട്ടുകാരുടെ ആട്ടും തുപ്പും ചവിട്ടും പാരവെപ്പും കൊണ്ടു കിടന്ന പോലെ ആയിരിക്കില്ല അണ്ണന്‍മാരുടെ സമരം. അവിടെ നിന്നു ഇറച്ചിക്കോഴി ലോഡ്‌ വരുന്ന പോലെ അണ്ണന്‍മാര്‍ എത്തും.പിന്നെ ഡാം പോയിട്ടു അതിണ്റ്റെ ഏഴയലത്തു ചെല്ലാന്‍ സാക്ഷാല്‍ വേലുത്തമ്പി അങ്ങുന്നു ഉണ്ടായിരുന്നെങ്കില്‍ പോലും ഒന്നു ശങ്കിക്കും!.

സോ ഇപ്പോള്‍ നമുക്കു ചെയ്യാവുന്നതു, മേല്‍ പറഞ്ഞ പ്രശ്ന ബാധിത ജില്ലക്കാര്‍ എല്ലാവരും സ്വന്തം വീടുകളില്‍ ഓരോ ബോട്ട്‌ അല്ലെങ്കില്‍ വള്ളം വാങ്ങി ഇടുക. വെള്ളം വന്നാല്‍ അതില്‍ കയറി ഇരുന്നു ഫ്രീയായി അറബിക്കടല്‍ കണ്ടു മൂന്നാം ദിവസം (ജീവനോടെയോ അല്ലതെയോ) തിരികെ വരാം. ബാക്കിയുള്ള ജില്ലക്കാര്‍ക്കു പവര്‍കട്ട്‌,ലോഡ്ഷെഡിംഗ്‌ എന്നിങ്ങനെ മനോഹരങ്ങളായ പല പല കലാപരിപാടികളും ശിഷ്ടകാലം അനുഭവിച്ചു തീര്‍ക്കാം. ഇന്‍ഫോപാര്‍ക്കിണ്റ്റെയോ മറ്റോ അവശിഷ്ടം കിട്ടുന്നവര്‍ അതു സര്‍ക്കാരിനു തിരിച്ചു ഏല്‍പ്പിക്കുക. വെള്ളം ഇറങ്ങി കഴിയുമ്പോള്‍ കൊച്ചിയില്‍ സ്മാരകം പണിയാം.

ഇനി ബൂലോകര്‍ക്കു ചെയ്യാന്‍ കഴിയുന്നത്‌,
1. മലയാളികള്‍ക്കു പിന്തുണ പ്രഖ്യാപിക്കുക.
2. ഒരു ദിവസം മൌന ദിനം ആചരിക്കുക,എന്നു വച്ചല്‍ ബ്ളോഗോ കമണ്റ്റോ പോസ്റ്റാതിരിക്കുക.
3. ഒരു കൂട്ട ഹര്‍ജി ബ്ളോഗ്‌ ഉണ്ടാക്കി പ്രധാനമന്ത്രി പ്രസിഡണ്റ്റ്‌ എന്നിവര്‍ക്കു ഹര്‍ജി പോസ്റ്റു ചെയ്യുക.
4. തമിഴന്‍മാരുടെ ബ്ളോഗ്‌ ,സൈറ്റുകള്‍ എന്നിവ വൈറസ്‌ വിട്ടു ശുട്ടു കളയുക.
5. ഡാം പൊട്ടിയാല്‍ രക്ഷപെടേണ്ട വഴികള്‍ ബ്ളോഗുകളില്‍ പ്രസിദ്ധപെടുത്തുക.
6. ഡാം പൊട്ടിയാല്‍ ഉള്ള അവസ്ഥ എന്നതിനെ കുറിച്ചു ഒരു കഥയെഴുത്തു മത്സരം സംഘടിപ്പിക്കുക.

മികച്ച കഥകള്‍ക്കു സമ്മാനം ഉണ്ടായിരിക്കും. അതു ആഭാസന്‍ സ്പോണ്‍സര്‍ ചെയ്യുന്നു. സമ്മാനങ്ങള്‍ ധൈര്യം ഉള്ളവര്‍ക്കു കൈപ്പറ്റാം.
ഒന്നാം സമ്മാനം മുല്ലപ്പെരിയാര്‍ ഡാമിനു താഴെ പത്ത്‌ സെണ്റ്റ്‌ സ്ഥലം.
രണ്ടാം സമ്മാനം മുല്ലപ്പെരിയാര്‍ ഡാമിലെ പത്തു ബക്കറ്റു വെള്ളം.
മൂന്നാം സമ്മാനം മുല്ലപ്പെരിയാര്‍ ഡാമിണ്റ്റെ ഒരു ഫുള്‌ സൈസു ഫോട്ടോ.

വാല്‍ക്കഷ്ണം:ഈ വര്‍ഷം കേരളത്തിനു 50 വയസു തികയുന്നു ഭൂപരിഷ്ക്കരണ നിയമത്തിനും. കേരളം എന്ന ജന്‍മി തമിഴ്നാട്‌ എന്ന കുടിയാനു പാട്ടത്തിനു കൊടുത്ത ഡാമും സ്ഥലവും ഇന്നു കുടിയാന്‍ സ്വന്തമാക്കാന്‍ ചോദിയ്ക്കുന്നു, അതും ഒരു കമ്മ്യുണിസ്റ്റു സര്‍ക്കാര്‍ അധികാരത്തില്‍ ഇരിയ്കുമ്പോള്‍. അന്‍പതാം വര്‍ഷവും ചരിത്രം ആവര്‍ത്തിയ്ക്കേണ്ടി വരുമോ.. ?

Saturday, August 26, 2006

പാണ്ടിമേളം

ഒരു ഉത്സവകാല സംഭവം തന്നെ ആകാം.

ഈ സംഭവം നടക്കുന്നതു എകദേശം പതിനെട്ടു, വര്‍ഷങ്ങള്‍ക്കു മുന്‍പു ആണ്‌. സ്ഥലം എണ്റ്റെ കൊച്ചു ഗ്രാമം...ചെറിയ ചെറിയ പിണക്കങ്ങളും ഇണക്കങ്ങളുമായി കഴിയുന്ന എണ്റ്റെ പ്രിയപ്പെട്ട നാട്ടുകാര്‍.ആ കാലത്തു ഞങ്ങളുടെ നാട്ടിലെ സുന്ദരനും സുമുഖനും സത്സ്വഭാവിയും സര്‍വോപരി പരോപകരിയും അവിവാഹിതനും ആയിരുന്ന ബാലേട്ടന്‍ നടത്തിയ ഒരു പരോപകാരം ആണു സംഭവം..ബാലേട്ടന്‍ നാട്ടിലെ അറിയപ്പെടുന്ന ഒരു താളവാദ്യകലാകാരന്‍ ആണ്‌. പണ്ടിമേളം ആണു ബലേട്ടണ്റ്റെ മാസ്റ്റര്‍ പീസ്‌. ത്രിശ്ശുര്‍ പൂരത്തിനു ബാലേട്ടന്‍ പാണ്ടി കൊട്ടാന്‍ പോകുന്നു എന്നതു എല്ലാ വര്‍ഷവും ഞങ്ങളുടെ നാട്ടില്‍ കേള്‍ക്കുന്ന ഒരു വാര്‍ത്തയാണ്‌.ബലേട്ടന്‍ എല്ലാ പൂരത്തിനും ത്രിശ്ശുരു പോകും എന്നതു നേരാണു പക്ഷെ അവിടെ പാണ്ടിമേളത്തിനു വേറെ ആണുങ്ങള്‍ ആയിരിക്കും എന്നു മാത്രം. അന്നു ഇന്നത്തെ പോലെ പൂരത്തിണ്റ്റെ ലൈവു റ്റെലികാസ്റ്റ്‌ പോയിട്ടു ടിവി പോലും ഇല്ലാത്തതു കൊണ്ടു പാവം ബാലേട്ടന്‍ ഞങ്ങലുടെ നാട്ടില്‍ ഒരു "പാണ്ടിസ്റ്റാര്‍" ആയി വിലസി...

ഞങ്ങളുടെ നാട്ടിലെ ഒരു ഉത്സവക്കാലം.ഒരു ഞായറാഴ്ച്ച ഉച്ച കഴിഞ്ഞ നേരം.തലേന്നത്തേ ഉത്സവപരിപാടികളുടെ ക്ഷീണം കൊണ്ടു നമ്മുടെ കഥാനായകന്‍ നല്ല ഉറക്കമാണ്‌. ബാലേട്ടണ്റ്റെ അമ്മ പാറുവമ്മയും ഇറയത്തു ഉച്ചമയക്കത്തില്‍. ആ പ്രദേശത്താകെ ആ സമയം ഉണര്‍ന്നു ഇരിക്കുന്നതു എണ്റ്റെ വല്യമ്മയുടെ വീട്ടിലെ സൂപ്പര്‍ സ്റ്റാര്‍ ആയ "അകായി" റേഡിയോ മാത്രമാണു..ലവന്‍ ദാസേട്ടണ്റ്റെ നകഷ്കതങ്ങല്‍ അയ്യോ സാറി നഖക്ഷതങ്ങള്‍ സിനിമയിലെ പാട്ടൊക്കെ പാടി ജോര്‍ ആയി ഇരിക്കുന്ന സമയം..പെട്ടെന്നാണു പാറുവമ്മയുടെ വീട്ടുപടിയ്ക്കല്‍ നിന്നു വലിയമ്മയുടെ അകായിയെ പോലും പേടിപ്പിച്ച രീതിയില്‍ ഒരു സൈറന്‍ മുഴങ്ങിയതു.അമ്മാാാ.....അമ്മാാാ....ഡി ടി എസ്‌ സൌണ്ടില്‍ ഒരു വിളിയാണൂ..പാറുവമ്മ ഞെട്ടി എണീറ്റു. എന്താ സംഭവം..? പാറുവമ്മയുടെ ഭാഷയില്‍ ഒരു പാണ്ടിച്ചി, കുപ്പി, പാട്ട അമ്മിക്കല്ലു.. എന്നു വേണ്ട വേണമെങ്കില്‍ അകത്തു കിടന്നുറങ്ങുന്ന ബാലേട്ടനെ വരെ ഇരുപത്തിയഞ്ചു പൈസയ്ക്കു വാങ്ങിക്കൊണ്ടു പോകാന്‍ റെഡിയായി പടിയ്ക്കല്‍ നില്‍കുന്നു.ഉറക്കം കളഞ്ഞ ദേഷ്യത്തില്‍ പാറുവമ്മ പാണ്ടിച്ചിയെ പറപ്പിച്ചു.."ഇവിടെ ഒരു കുന്തവുമില്ല .. നാശം ഉറക്കം കളയാന്‍ ഓരോന്നു വരും" എന്നു പിറുപിറുത്തു കൊണ്ടു പാറുവമ്മ വീണ്ടും ഇറയത്തു പഴയപടി പടിയായി...

പാണ്ടിച്ചി വധം കഴിഞ്ഞു ഒരു അരമുക്കാല്‍ മണിക്കൂറ്‍ കഴിഞ്ഞു കാണും വലിയ ഒരു ബഹളം കേട്ടാണു പാറുവമ്മ ഉണര്‍ന്നതു. ഇത്തവണ സൈറന്‍ അല്ല ചുട്ടുവട്ടത്തുള്ള അമ്മിണിയേച്ചി,വിശാലേച്ചി,സീതേച്ചി എണ്റ്റെ വലിയമ്മ മുതലയാവരുടെ കോറസ്‌ നിലവിളിയാണു പാറുവമ്മയെ എണീല്‍പിച്ചതു.എന്താ സംഭവം..? അമ്മിണിയേച്ചിയുടെ "ഹീമാന്‍" പശുവിനു വെള്ളം കൊടുക്കുന്ന വലിയ അലുമിനിയം ചരുവം, വിശാലേച്ചിയുടെ വീട്ടിലെ ഡാകിനി മുത്തശ്ശിയുടെ കോളാംബി,വല്യമ്മയുടെ വീട്ടില്‍ നിന്നും ചട്ടുകം ഇത്യാതി കുറച്ചു അടുക്കള ഐറ്റംസ്‌ മുതലായവ അപ്രത്യക്ഷം ആയിരിക്കുന്നു. എങ്ങനെ സംഭവിച്ചു എന്നു ആര്‍ക്കും അറിയില്ല. ആകാശവാണിയുദെ ഞങ്ങളുടെ പഞ്ചായത്തു തല പ്രക്ഷേപണ കേന്ദ്രവും അത്യാവശ്യം സി ഐ ഡി പണിയും അറിയവുന്ന പാറുവമ്മ അല്‍പ്പ നേരത്തെ തെളിവെടുപ്പിനു ശേഷം ഈ പ്രതിഭാസത്തിന്നു പിന്നില്‍ നേരത്തെ അതു വഴി വന്ന പാണ്ടിച്ചി ആണു എന്നു ഉറക്കെ പ്രഖ്യാപിച്ചു.ഇനി എന്തു ചെയ്യും എന്നു തരുണീമണികള്‍ ആലോചിച്ചു നില്‍ക്കുന്ന നേരത്താണു, ഒരഞ്ചു മിനിട്ടു വൈകിയാണെങ്കിലും ഡിങ്കാാാ എന്ന വിളികേട്ടു ഡിങ്കന്‍ പാഞ്ഞു വരുന്ന പോലെ ബാലേട്ടന്‍ അവിടെ അവതരിച്ചതു.നിറകണ്ണുകളോടെ നില്‍കുന്ന അമ്മിണിയേച്ചി, സീതേച്ചി, തണ്റ്റെ ബൂസ്റ്റു കുടിക്കുന്ന പാത്രം പോയ സങ്കടത്താല്‍ മൂക്കു പിഴിഞ്ഞു നില്‍ക്കുന്ന "ഹീമാന്‍" പശു ഇവരെ കണ്ടിട്ടു ഡിങ്കനു സോറി ബാലേട്ടനു സഹിച്ചില്ല...ഈ പഞ്ചായത്തു കടന്നു പോയിട്ടില്ലെങ്കില്‍ പാണ്ടിച്ചിയെ കണ്ടു പിടിച്ചു സകല സധനങ്ങലും തിരികെ വാങ്ങിയിട്ടെ വരൂ എന്നു അലറി...,എല്ലാ തല്ലുകൊള്ളിത്തരത്തിനും ബലേട്ടണ്റ്റെ കൂട്ടായ നാരായണന്‍കുട്ടിചേട്ടനെയും വിളിച്ചു അമ്മിണിയേച്ചിയുടെ വേലി ചാടിക്കടന്നു പടിഞ്ഞാട്ടു പാഞ്ഞു...... തച്ചോളി ഓതേനന്‍ സിനിമയിലു സത്യന്‍ പാലമില്ലത്ത തോടു ചാടിക്കടന്നു അങ്കത്തിനു പോകുന്ന പോലെ തണ്റ്റെ മകന്‍ പോകുന്നതു കണ്ടു കുളിരു കോരി പാറുവമ്മ അവിടെ കൂടിയവരോടയി പറഞ്ഞു "ബാലന്‍ ഇവ്ടെ ഇണ്ടായതു നിങ്ങ്ടെ ബാഗ്യം"


ഏകദേശം അരമണിക്കൂറ്‍ കഴിഞ്ഞപ്പോള്‍ ആകാശവാണിയുടെ പാറുവമ്മ നിലയത്തില്‍ ഒരു ഫ്ളാഷ്‌ ന്യൂസ്‌ കിട്ടി തണ്റ്റെ മകന്‍ ബാലന്‍ കാവിനടുത്തുള്ള വാര്യര്‍ സാറിണ്റ്റെ വീട്ടു പടിയ്ക്കല്‍ വച്ചു ഒന്നല്ലാ രണ്ടു പാണ്ടിച്ചികളെ തൊണ്ടി സഹിതം പിടികൂടിയിരിക്കുന്നു.പാറുവമ്മയുടെ ലീഡെര്‍ഷിപ്പില്‍ ഒരു ബറ്റാലിയന്‍ ആള്‍ക്കാര്‍ റയട്ട്‌ സ്പോട്ടിലെക്കു ഓടി..വാര്യര്‍ സാരിണ്റ്റെ വീടും പരിസരവും ഒരു യുധ്ദക്കളത്തിനു സമാനമായി കഴിഞ്ഞിരുന്നു.ലാലേട്ടണ്റ്റെ പടം റിലീസു ചെയ്യുന്ന ദിവസം തീയറ്റരിണ്റ്റെ മുന്‍പില്‍ കണുന്ന പോലെ വലിയ ഒരു ജനക്കൂട്ടം ഉണ്ട്‌ അവിടെ. ബാലേട്ടനും നാരായണന്‍ കുട്ടി ചേട്ടനും കൂടി ഇതിണ്റ്റെ എല്ലം നടുവില്‍ നിന്നു രണ്ട്‌ പാണ്ടിച്ചികളുടെ പുറത്തു പാണ്ടിമേളം തീര്‍ക്കുകയാണു. അവശരായ പാണ്ടിച്ചികള്‍ തങ്ങലുടെ ഭാണ്ഡകെട്ടുകള്‍ ബലേട്ടനു സമര്‍പ്പിച്ചു അടിയറവു പറഞ്ഞു.ഒരു ലോറിയില്‍ കയറ്റനുള്ള്‌ അത്ര സധനങ്ങള്‍ ... കിണ്ടി, ചരുവം, കുപ്പി, പാട്ട എന്നു വെണ്ടാ മീന്‍ ചട്ടി വരെ പാണ്ടിച്ചികല്‍ അടിച്ചു മാറ്റിയിരുന്നതു ഭണ്ഡത്തില്‍ ഉണ്ടായിരുന്നു. ബലേട്ടന്‍ ഇടി നിര്‍ത്തി പാണ്ടിച്ചികളുടെ കൊളാബറേറ്റെട്‌ മോഷണ വിദ്യയെക്കുറിച്ചും ഇതു തടയന്‍ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചും അവിടെ കൂടിയവര്‍ക്കു ഒരു സ്റ്റഡി ക്ളാസ്സ്‌ തന്നെ എടുത്തു. മാത്രമല്ല വീട്ടു സധനങ്ങല്‍ വീടിനു ചുറ്റും അലക്ഷ്യമയിട്ടു പകല്‍ സമയം കിടന്നു ഉറങ്ങി ഇങ്ങനെയുള്ള മോഷണങ്ങള്‍ക്കു വഴിയൊരുക്കുന്ന നാട്ടുകാരെ ബാലേട്ടന്‍ നിശിതമായി വിമര്‍ശിച്ചു..ശേഷം എല്ലവരുടേയും ആശീര്‍വാദത്തോടെ "സമ്മാനദാനം" ആരംഭിച്ചു. ഭാണ്ഡത്തില്‍ നിന്നും ഒരൊ സധനങ്ങള്‍ ആയി ബാലേട്ടന്‍ എടുത്തു അവരവരുടെ സാധനങ്ങല്‍ തിരിച്ചു കൊടുക്കാന്‍ തുടങ്ങി.മുത്തശ്ശിയുടെ കോളാമ്പി, വല്യമ്മയുടെ അടുക്കള സാധനങ്ങള്‍,"ഹീമാന്‍" പശുവിണ്റ്റെ ചരുവം (അതു അടിച്ചു മടക്കി ഫോട്ടൊ ഫ്രയിം പോലെ ആക്കിയെങ്കിലും) എല്ലം തിരികെ കിട്ടി. അവസാനം ഒരു പോണ്ഡ്സിണ്റ്റെ പൌഡര്‍ ടിന്‍ മാത്രം ബാക്കിയായി.അതിനു മാത്രം അവകാശികള്‍ ഇല്ല.ആരുടേതാണെന്നു ആര്‍ക്കും അറിയില്ല. ഇതിനിടയില്‍ പാണ്ടിച്ചികളെ പോലിസില്‍ എല്‍പ്പിക്കണം എന്നു പറഞ്ഞു ചിലര്‍ ബഹളം തുടങ്ങി.ഉടനെ ബാലേട്ടന്‍ ഇടപെട്ടു പ്രശ്നം ഒതുക്കി തീര്‍ത്തു. കട്ടമുതല്‍ എല്ലം തിരിച്ചു കിട്ടിയതു കൊണ്ടു (മാത്രമല്ലാ ബാലേട്ടനു ഒന്നു ഷൈന്‍ ചെയ്യ്തു പബ്ളിസിറ്റി കൂട്ടാന്‍ അവസരം ഉണ്ടാക്കി കൊടുതതു കൊണ്ടും) പാണ്ടിച്ചികളോടു "ബാലേട്ടന്‍ ക്ഷമിച്ചു" എന്നു പറഞ്ഞു, ഇത്രയും നല്ല ഇടി വാങ്ങന്‍ സഹകരിച്ച പാണ്ടിച്ചികള്‍ക്കു അവകാശികള്‍ ഇല്ലത്ത പോണ്ഡ്സ്‌ പൌഡര്‍ ടിന്‍ സമ്മാനമായി കൊടുത്തു ഇനി ഈ പഞ്ചായത്തില്‍ കാലു കുത്തരുത്‌ എന്ന ഉഗ്ര ശസനവും കൊടുത്തു അവിടെ നിന്നു ഓടിച്ചു...

നാട്ടുകരുടേയും വീട്ടുകാരുടേയും രണ്ടു മണിക്കൂറ്‍ നീണ്ട അനുമോദനങ്ങള്‍ എല്ലാം ഏറ്റു വാങ്ങി ബാലേട്ടന്‍ നരസിംഹം സിനിമയില്‍ മോഹന്‍ലാലു വരുന്ന പോലെ സ്വന്തം വീട്ടില്‍ തിരിച്ചെത്തി.പാറുവമ്മയാണെങ്കില്‍ സന്തോഷം കൊണ്ടെനിക്കിരിയ്കാന്‍ വയ്യെ എന്ന അവസ്ഥയില്‍ ഓടി നടക്കുന്നു...മേളത്തിനു അമ്പലത്തില്‍ പോകാന്‍ നേരമായതിനാല്‍ ബാലേട്ടന്‍ ഒരു കുളി ഒക്കെ പാസ്സാക്കി പതിവിലും സന്തോഷവാനായി കണ്ണാടിയ്ക്കു മുന്‍പില്‍ എത്തി മുടി ചീകാന്‍ തുടങ്ങി.ബാലേട്ടണ്റ്റെ വീരശൂര പരക്രമങ്ങളെ പറ്റിയും തണ്റ്റെ ഡിക്ടറ്റീവ്‌ നിഗമനങ്ങളെ കുറിച്ചുമുള്ള പാറുവമ്മയുടെ റെക്കോടട്‌ ലൈവ്‌ കമണ്റ്ററി കെട്ടു കൊണ്ടു മുറ്റത്തു നില്‍ക്കുന്ന തരുണീമണികള്‍, ഇറയത്തു നിന്നു ഹോ.. ഇതൊക്കെയാണോ ഇത്ര കാര്യം എന്നു വിചാരിച്ചു മുടി ചീകുന്ന ബാലേട്ടനെ ആരാധനയോടെ ഒളികണ്ണിട്ടു നോക്കി.മുടി ചീകി കഴിഞ്ഞു കണ്ണാടി സ്റ്റാന്‍ഡിലേക്കു നോക്കിയ ബാലേട്ടണ്റ്റെ കണ്ണില്‍ ഇരുട്ടു കയറി..നെഞ്ചില്‍ ഒരു ഇടിവാളു മിന്നി..വലിയമ്മയുടെ വീട്ടിലെ മാസ്റ്ററ്‍ ടിപ്പു എന്ന പട്ടി കരയുന്ന സൌണ്ടില്‍ അമ്മേ... എന്നു ഒരു കരച്ചില്‍ അവിടെ കൂടി നിന്നിരുന്നവരെ നടുക്കി....!ഉത്സവം പ്രമാണിച്ചു തണ്റ്റെ ഗ്ളാമര്‍ കൂട്ടാനായി, ബാലേട്ടന്‍ കടം വങ്ങിയ കാശിനു രണ്ട്‌ ദിവസം മുന്‍പു വാങ്ങിയ, ബാലേട്ടണ്റ്റെ ഒരേയൊരു സൌന്ദര്യസംവര്‍ധക വസ്തുവായിരുന്ന പുതിയ പോണ്ഡ്സ്‌ പൌഡര്‍ അപ്രത്യക്ഷമായിരിക്കുന്നു........!!!
............................

ആയിടക്കു നാടോടിക്കാറ്റു സിനിമ കണ്ട ആരോ അവിടെ നിന്നു പറഞ്ഞു ...എന്തൊക്കെയായിരുന്നു ബാലാ..അടി,ഇടി,സ്റ്റഡി ക്ളാസ്സ്‌,ഉപദേശം..അവസാനം പവനായി (ബാലേട്ടന്‍) ശവമായി....

പാവം ബാലേട്ടന്‍.... അപ്പോഴും പാണ്ടിച്ചികള്‍ക്കു സ്വന്തം പോണ്ഡ്സ്‌ പൌഡറ്‍ കൊടുത്തു ഓടിച്ചു വിട്ട സീന്‍ ആലോചിച്ചു തളര്‍ന്നു ഇരിക്കുകയായിരുന്നു.


വാല്‍കഷ്ണം: അന്നു തൊട്ടു ഇന്നു വരെ ആരെങ്കിലും ബാലേട്ടനോടു കളിയായിട്ടോ കാര്യമായിട്ടോ പാണ്ടിമേളം എന്നു പോയിട്ടു പാ.. എന്നു പറഞ്ഞല്‍ , വക്കാരി സ്റ്റൈലില്‍ പറയുകയാണെങ്കില്‍, ബാലേട്ടണ്റ്റെ ബീപ്പി കൂടും,നെഞ്ചിടിപ്പു പതിന്‍മടങ്ങാകും,കണ്ണുകള്‍ പതിയെ അടയും,ഞരമ്പുകള്‍ വലിഞ്ഞു മുറുകും എന്നിട്ടു ഉള്ള ദേഷ്യത്തോടെ പറയും "എനിക്കിഷ്ടം ബ്രേക്കു ഡാന്‍സാ.... "