Wednesday, May 23, 2007

ചീനവല ഇന്‍ ജപ്പാന്‍ !

ചീനവല എന്നാല്‍ ലോകത്ത് കൊച്ചിയില്‍ മാത്രം കാണുന്ന, ഏത് സായിപ്പ് വന്നാലും "ദേ അങ്ങാട് നോക്ക്, കണ്ടാ..???" എന്ന് പറഞ്ഞ് കൊച്ചിക്കാര്‍ കാട്ടി കൊടുക്കുന്ന വസ്തു എന്നാണ്‍ ഞാന്‍ വിചാരിച്ചിരുന്നത്..പക്ഷേ എന്ത് ചെയ്യാന്‍ ഇവിടുത്തെ അണ്ണന്മാരെ കൊണ്ട് തോറ്റു. ചൈനയില്‍ നിന്ന് ജപ്പാന്‍കാര്‍ ചോപ്സ്റ്റിക്കും,നൂഡിത്സും,കാഞ്ചിയും മറ്റും പൊക്കിക്കൊണ്ടുവന്ന സമയത്ത് ഇതും അടിച്ചുമാറ്റി ഇവിടെ ഇറക്കുമതി ചെയ്തിരുന്നു എന്ന് അറിയില്ലായിരുന്നു..താഴെയുള്ള പടങ്ങള്‍ നോക്കിക്കോ "ജാപ്പനീസ് ചീനവല" കാണാം.


കൊച്ചിയിലെപ്പോലെ ഇത് കായലിലും കടലിലും ഒന്നുമല്ല ഇവനെ സെറ്റപ്പ് ചെയ്തിരിക്കുന്നത്. ഒരു തടാകത്തിന്റെ ഓരത്ത് നാലഞ്ച് മുട്ടുകള്‍ ഒക്കെ കൊടുത്ത് ചെറിയ ഒരു പരിപാടി അത്ര തന്നെ...

കൊച്ചിയിലെ വലകള്‍ പക്ഷേ ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ വലുതാണ്‍. വലിയ കല്ലുകള്‍ കെട്ടിയിട്ട കയറുകള്‍ അഞ്ചാറാളുകള്‍ ചേര്‍ന്ന് ആയാസപ്പെട്ട് വലിച്ചാണ്‍ കൊച്ചിയില്‍ ചീനവല പൊക്കുന്നത് കണ്ടിട്ടുള്ളത്. പക്ഷേ ഇവന്റെ ഒപ്പറേഷന്‍ സിമ്പിള്‍. പ്രത്യേകിച്ച് പണിയൊന്നും ഇല്ലാത്ത ഒരു അപ്പാപ്പന്‍ ഉച്ചകഴിയുമ്പോള്‍ വന്ന് ഈ വലയും താഴ്ത്തി ഒരു സിസ്സറൊക്കെ വലിച്ച് ഇരിയ്ക്കും. പത്തിരുപത് മിനുട്ട് കൂടുമ്പോള്‍ കക്ഷി താഴെക്കാണുന്ന ചിത്രത്തിലേപ്പോലെ ആ ലിവറ് പിടിച്ച് താഴ്ത്തി മീനുണ്ടോ എന്ന് നോക്കും.

കിട്ടുന്ന മീനുകളെ (വല്ലതും കിട്ടിയാല്‍)തത്സമയം ചാകാന്‍ അനുവദിയ്ക്കാതെ തടി പ്ലാറ്റ്ഫോമിന്റെ വശത്തുള്ള മൂന്ന് സ്റ്റോറേജ് വലകളില്‍ സൂക്ഷിക്കും. കിട്ടിയാല്‍ ഊട്ടി ഇല്ലേല്‍ ചട്ടി എന്ന മട്ടില്‍ കക്ഷി വൈകുന്നേരം വരെ ഈ പരിപാടി തുടരും. അഞ്ച് മണിയായാല്‍ അപ്പാപ്പന്‍ ഉള്ള് മീനും പെറുക്കി, വലയും പൊക്കി വച്ച് സാമ്പാറ്വണ്ടിയില്‍ കയറി പോകും.

ഈ വണ്മാന്‍ ഷോ ചീനവല എതായലും കൊള്ളാവുന്ന പണിയാണല്ലോ എന്ന് കരുതി നടന്നപ്പോഴാണ്‍ അതിലും വലിയ ഒരു ടീം‍ കൊറ്റിയേ പോലെ ധ്യനത്തിലിരുന്ന് മീന്‍ പിടിക്കുന്നത് കണ്ടത്. താഴെ നോക്കിയേ ഇരിക്കണ ഇരിപ്പ് കണ്ടോ..:-)

പതിനായിരങ്ങള്‍ വിലയുള്ള ചൂണ്ടയും, മീന്‍ പിടിയ്ക്കനുള്ള ലൈസന്‍സും ഉള്ള ചേട്ടന്മാര്‍ മീന്‍ പിടിയ്ക്കണ കാ‍ണാന്‍ല്ലേ നമുക്ക് പറ്റൂ, അത് കൊണ്ട് വെറുതെ അവിടെ അധികം സമയം ചുറ്റിത്തിരിഞ്ഞ് കാറ്റ് കൊണ്ട് പനി പിടിപ്പിക്കാതെ ഞാ‍ന്‍ വീട്ടിലേക്ക് പോന്നു.

ജാമ്യം: കൊച്ചിയിലെ ഓപ്പറേഷന്‍ ചീനവല എതാണ്ട് 8-9 കൊല്ലം മുന്‍പ് കണ്ടതാണ്‍. മുകളില്‍ പറഞ്ഞിരിക്കുന്നതില്‍ എന്തെങ്കിലും പിശകുണ്ടെങ്കില്‍ പറയണേ..എപ്പോ തിരുത്തി എന്ന് ചോദിച്ചാല്‍ മതി.:-)

Tuesday, May 08, 2007

ഹിരോഷിമ

ഹിരോഷിമ!
അധികം നിര്‍വചനങ്ങള്‍ ഒന്നും ഇല്ലാതെ തന്നെ ഏവരും അറിയുന്ന സ്ഥലം. സോ നേരിട്ട് കാര്യത്തിലേക്ക്, ഇവിടെ വന്ന നാള്‍ മുതല് ഉള്ള ഒരാഗ്രഹം ആയിരുന്നു ഹിരോഷിമ സന്ദറ്ശനം. അങ്ങനെ കാത്തിരുന്ന് കാത്തിരുന്ന് കഴിഞ്ഞ ആഴ്ച്ച ഒരു പോക്ക് പോയി (ഒരുപ്പോക്ക്പോയി എന്നല്ലാ). അവിടെ നിന്നെടുത്ത ചില ചിത്രങ്ങള്‍ ഇവിടെ തൂക്കുന്നു.

ചിത്രം: 1 ആറ്റമിക് ബോംബ് ഡോം(Atomic Bomb Dome)
ഈ കെട്ടിടം 1945ല്‍ ബോംബ് വീഴുന്നത് വരെ ഒരു ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന്‍ ഹാള്‍ ആയിരുന്നു, അതിന്‍ ശേഷം ദേ മുകളില്‍ കാണുന്ന പോലെ... ഈ കെട്ടിടത്തിന്‍ ഏകദേശം 150 മീറ്റര്‍ മാറിയാണ്‍ എപ്പിക്ക് സെന്ററ് അഥവാ അണുബോംബ് പൊട്ടിയ സ്ഥലം. അണുബോംബ് സ്ഫോടനത്തിന്‍ ശേഷം ബാക്കി അവശേഷിച്ച ചുരുക്കം ചില കെട്ടിടങ്ങളില്‍ ഒന്നാണ്‍ ഇത്. അന്ന് അവശേഷിച്ച ഈ കെട്ടിടത്തിന്റെ രൂപം അതേപടി നിലനിര്‍ത്തി സ്മാരകമാക്കുകയാണ്‍ ചെയ്തത്.ചിത്രം: 2 ആറ്റമിക് ബോംബ് ഡോമിന്‍ മുന്‍പിലൂടെ ഒഴുകുന്ന ഐയോയി നദി (Aioi River). ഒന്ന് കാതോര്‍ത്താല്‍ ഒരു പാട് ആത്മാക്കളുടെ നിലവിളി കേള്‍ക്കാം ഈ പുഴയുടെ മടിത്തട്ടില്‍ നിന്ന്. പൊള്ളിയടര്‍ന്ന ദേഹവും, ഉരുകിപ്പിടിച്ച വിരലുകളും, ചീറ്ത്ത തലയും, അടങ്ങാത്ത് ദാഹവുമായി നൂറ് കണക്കിന്‍ ജീവനുകള്‍ ചാടി മരിച്ച പുഴ! ഒന്ന് കണ്‍ചിമ്മി തുറക്കുന്നതിന്‍ മുന്‍പേ ഭസ്മമായവര്‍ എത്ര ഭാഗ്യവാന്മാര്‍, ഭാഗ്യവതികള്‍!ചിത്രം:3 ഇത് ടിവിയിലും മറ്റും ഹിരോഷിമ ദിനത്തില്‍ കാണിക്കുന്ന സ്മാരകം. അന്ന് പൊലിഞ്ഞ ജീവനുകള്‍ക്ക് ആദരാജ്ഞലികള്‍ അറ്പ്പിക്കാന്‍ ഇന്നും ദിനം പ്രതി ആളുകളെത്തുന്നു. ചിത്രത്തില്‍ പിന്നിലായി ആറ്റമിക് ബോംബ് ഡോം കാണാം.

ചിത്രം: 4 ഇതും പ്രസിദ്ധമാണ്‍, അണുബോംബ് സ്ഫോടനത്തില്‍ നിലച്ച് പോയ വാച്ച് (സമയം 8:15). ഹിരോഷിമ മ്യൂസിയത്തില്‍ നിന്ന്.ചിത്രം:5 ബോംബ് സ്ഫോടനം നടന്നതിന്റെ മാതൃക. ചുവന്ന ഗോളമാണ്‍ ബോംബ്. സ്ഫോടനത്തിന്‍ ശേഷമുള്ള ഹിരോഷിമയുടെ മണ്ണോട് മണ്ണായ രൂപമാണ്‍ കീഴെ...ചിത്രം:6 പൊള്ളലേറ്റ് മരിച്ച ഒരു മനുഷ്യന്‍. മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നത്.


ചിത്രം:7 ദൃക്സാക്ഷികള്‍ ആരുടേയോ വാചകങ്ങള്‍!

തദ്ദേശീയരും വിദേശികളുമായ ഒട്ടേറെ സന്ദറ്ശകര്‍ അന്നുണ്ടായിരുന്നു. ജപ്പാന്‍കാരേക്കാളും അവിടം സന്ദറ്ശിച്ച് മനസ്സില്‍ ഒരു വിങ്ങലുമായി തിരിച്ച് പോകുന്നത് വിദേശികളാണെന്ന് തോന്നി. മ്യൂസിയത്തില്‍ ഓരോ വസ്തുക്കളും ചൂണ്ടിക്കാണിച്ച് ചിരിച്ച് കളിച്ച് കടന്ന് പോയ കുറച്ച് ജാപ്പനീസ് സ്കൂള്‍ കുട്ടികളോട് എനിക്കൊരല്‍പ്പം ഈറ്ഷ്യ തോന്നി...ഇവിടുത്തെ പുതിയ തലമുറയുടെ ഒരു പ്രശ്നമായി ഇത് ആരോ പറഞ്ഞതോറ്ക്കുന്നു, സറ്വ സുഖങ്ങളും പിറക്കുമ്പോഴേ അനുഭവിച്ച് വളരുന്ന അവറ്ക്ക് പഴയ കഷ്ടപ്പാടുകള്‍ മുത്തശ്ശിക്കഥ കേള്‍ക്കും പോലെ മാത്രം..അവര്‍ക്ക് മാക് ഫുഡും ഹാര്‍ലി ഡെവിസണും മതി..

അവിടെ കേട്ട ഒരു തമാശ:
കൂടെ ഉണ്ടായിരുന്ന ജപ്പാന്‍കാരന്‍ സുഹൃത്തിനോട്‌ കാഴ്ചകള്‍ കണ്ട ശേഷം ഞാന്‍ ചോദിച്ചു "അമേരിയ്ക്കക്കാര്‍ ആണല്ലോ ഈ ബോംബ്‌ ഇവിടെ ഇട്ടത്‌, ഇന്ന് ഇവിടം സന്ദര്‍ശിക്കാന്‍ കൂടുതല്‍ വരുന്നതും അവര്‍ തന്നെയാണല്ലോ തങ്കള്‍ക്കെന്ത്‌ തോന്നുന്നു?"
അല്‍പ്പ നേരം ആലോചിച്ച ശേഷം കക്ഷി പറഞ്ഞ മറുപടി ഇപ്രകാരമായിരുന്നു "അത്‌ അവര്‍ അന്ന് ടെസ്റ്റ്‌ ചെയ്യാന്‍ കൊണ്ട്‌ വന്നിട്ടതായിരുന്നു..അത്‌ കൊണ്ട്‌ സാരമില്ല!"

ജാമ്യം: വസ്തുതാപരമായ പിഴവുകള്‍ എന്തെങ്കിലും വന്നിട്ടുണ്ടെങ്കില്‍ അറിവുള്ളവര്‍ സാദരം തിരുത്താന്‍ സഹായിക്കുക.

അപ്പോള്‍ മതാ നേ!!!!

Sunday, April 15, 2007

സാക്കുറക്കാഴ്ചകള്‍ -2007

അങ്ങനെ മഞ്ഞും തണുപ്പും ഒക്കെ പോയി. പയ്യെ പയ്യെ ചെടികള്‍ ഉണറ്ത്തെഴുന്നേറ്റു, പുല്‍നാമ്പുകള്‍ തലപൊക്കിത്തുടങ്ങി. പക്ഷേ ആകെ നരച്ച് കിടന്ന പകൃതിയില്‍ പച്ചപ്പെത്തും മുന്‍പേ മറ്റ് നിറങ്ങളുടെ ഉത്സവം തുടങ്ങിയിരുന്നു...ഇത് സാ‍ക്കുറ പൂക്കുന്ന കാലം !. കുറച്ച് സാക്കുറ ചിത്രങ്ങള്‍ ഇവിടെ മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം തൂക്കുന്നു...

സാക്കുറയേക്കുറിച്ച് അല്‍പ്പം: സാക്കുറ എന്നാല്‍ ചെറി ബ്ലോസ്സം; ചെറി മരങ്ങള്‍ക്ക് പറയുന്ന ജാപ്പനീസ് പേരാണ്‍. വസന്തത്തിന്റെ വരവറിയിക്കുന്ന സാക്കുറ മരങ്ങള്‍, ഇലകള്‍ വരും മുന്‍പേ മുഴുവന്‍ പൂത്തുലഞ്ഞ് മനോഹരമായ ഒരു ദൃശ്യവിരുന്നൊരുക്കുന്നു. നമ്മുടെ നാട്ടില്‍ കൊന്നമരം പൂക്കുന്ന പോലെ. സാക്കുറ പൂത്താല്‍ ജാപ്പനിലുള്ളവര്‍ സാക്കുറ മരങ്ങളുടെ കീഴില്‍ സുഹൃത്തുക്കളും, കുടുംബാഗംങ്ങളുമായി വന്ന് ജാപ്പനീസ്‌ മദ്യമായ "സാക്കെ" ഒക്കെ കുടിച്ച്‌ പൂക്കളുടെ ഭംഗി ഒക്കെ ആസ്വദിച്ച്‌ മടങ്ങും. ഇത്തരത്തില്‍ നടത്തുന്ന പാര്‍ട്ടിയുടെ പേരാണ്‌ "ഹനാമി പാര്‍ട്ടി".സാക്കുറകള്‍ കാഴ്ചവിരുന്നൊരുക്കുന്ന ഈ സമയം ജപ്പാനു വെളിയില്‍ നിന്നും അനേകം സഞ്ചാരികള്‍ ഇതു കാണാന്‍ എത്തിച്ചേരാറുണ്ട്‌. ഒരാഴ്ച മാത്രമാണ്‌ സാക്കുറകള്‍ പൂത്തുനില്‍ക്കുക. ഇവിടെ തെക്ക്‌ മുതല്‍ വടക്ക്‌ വരെ കാലവസ്ഥാ വ്യതിയാനം അനുസരിച്ച്‌ മാര്‍ച്ച്‌ പകുതി മുതല്‍ മെയ്‌ ആദ്യവാരം വരെയാണ്‌ സാക്കുറ പൂക്കുന്ന കാലം.ചിത്രം 1: പിങ്ക് പൂക്കളുള്ള സാക്കുറ മരങ്ങള്‍. സുവ തടാകതീരത്ത് നിന്നുള്ള കാഴ്ച്.


ചിത്രം 2: പിങ്ക് സാക്കുറ പൂക്കള്‍ അടുത്ത് നിന്നുള്ള കാഴ്ച. തലേന്ന് രാത്രി മഴ ചാറിയതിനല്‍ പൂക്കള്‍ അല്‍പ്പം നനഞ്ഞൊട്ടിയാണ്‍ നില്‍പ്പ്.


ചിത്രം 3: വെള്ളപ്പൂക്കളുള്ള സാക്കുറ മരങ്ങള്‍.


ചിത്രം 4: വെള്ളപ്പൂക്കള്‍ ക്ലോസപ്പ്.


ചിത്രം 5: തടാകതീരത്ത് നിന്നുള്ള ദൃശ്യം.


ചിത്രം 6: തടാകതീരത്ത് നിന്നുള്ള ദൃശ്യം.


ചിത്രം 7: ഒരു ജാപ്പനീസ് കാസില്‍


ചിത്രം 8: ചുമ്മാ ക്ലിക്കിയത്.


ചിത്രം 9: കാ‍സിലിന്റെ മുന് വശത്ത് നീന്തിനടക്കുന്ന ഒരു സുന്ദരി. ഇവളുട പേരും സാക്കുറ!!!

മനോഹരമായ കാഴ്ചകള്‍ സമ്മാനിച്ച് ഇക്കൊല്ലത്തെ സാക്കുറ സീസണ്‍ അവസാനിച്ചു.ഇനി അടുത്ത വറ്ഷം കാണും വരെ സയോനര....

Tuesday, January 09, 2007

ചില ചൂടന്‍ ചിത്രങ്ങള്‍

തലക്കെട്ട് കണ്ട് സംശയിച്ച്, സംശയിച്ച് വന്നവരും, ഓടിവന്നവരും, പതുങ്ങി വന്നവരും എല്ലാം ഇപ്പൊ എന്നെ തലയില്‍ കൈ വച്ച് പ്രാകും. എനിക്കറിയാം, എന്നലും സത്യല്ലേ എഴുതാന്‍ പറ്റൂ. ചൂട് ദോശ, ചൂട് ചായ എന്ന പോലെ നല്ല ചൂടന്‍ പടങ്ങള്‍ തന്നെയാ എന്ന് വച്ചാ, ഇപ്പോ അതാ‍യത് ഇന്നലെ എടുത്ത് ഇന്ന് ചൂടാക്കിയ ചിത്രങ്ങള്‍.

ഈ വറ്ഷത്തെ മഞ്ഞ് വീഴ്ച പൂറ്വാധികം ഭംഗിയായിത്തന്നെ ഇവിടെ ആരംഭിച്ചു. രണ്ടേ രണ്ട് ദിവസം കൊണ്ട് തന്നെ സകലയിടവും വൈയിറ്റ് വാഷ് ചെയ്ത് ഭംഗിയാക്കി. അതു കണ്ട്പ്പോള്‍ ഞാന്‍ എന്റെ സെമി പുട്ടു കുറ്റിയുമായി ഒന്ന് കറങ്ങി. അപ്പോള്‍ കിട്ടിയ ചില ചിത്രങ്ങള്‍ ഇവിടേ തൂക്കുന്നു.


വീടിന്‍ പുറത്തിറങ്ങി ആദ്യം തന്നെ കണ്ട കാഴ്ച എന്റെ നെഞ്ച് തകറ്ത്തു...എന്റെ ഹാറ്ലി ഡേവിഡ്സണ്‍ (ജിതെന്‍ഷാ എന്ന് ചിലര്‍ പറയും:-)) ...സാന്താക്ലോസിനെ പോലെ..വെള്ളത്താടിയും മീശയുമായി ഇരിയ്ക്കുന്നു...കുമുകുമാന്ന് വീഴുന്ന മഞ്ഞത്ത് ആപ്പിള്‍ തോട്ടത്തിലെ പണിസാധനങ്ങള്‍ വയ്ക്കുന്ന ചെറിയ പുര വെള്ളത്തൊപ്പിയുമായി ..ഇതാണ്‍ ഈ തീയില്‍ കുരുത്തത് , തീയില്‍ കുരുത്തത് എന്ന് പറയുന്നത്. യെവന്‍ മഞ്ഞില്‍ കുരുത്തതണെന്ന് പറയാം. മഞ്ഞ് പെയ്യുമ്പോള്‍ ചുമ്മാ നിലാവത്തെ കോഴിയെ പോലെ...ഇതും തീയില്‍ കുരുത്തത് തന്നെ മഞ്ഞു പെയ്ത് ഐസ്ഫ്രൂട്ട് പോലെയായ ഒരു ആപ്പിള്‍ എങ്ങനേയോ കണ്ട് പിടിച്ച് ലഞ്ച് അടിയ്ക്കുന്ന ഒരു പക്ഷി.മാനം തെളിഞ്ഞേ വന്നാല്‍ ...ഒന്നാന്തരം ഒരു നെല്‍പ്പാടം ആയിരുന്നു കെടക്കണ കെടപ്പ് കണ്ടോ...ക്രാ..ക്രാ‍ാ..ഇതാണ്‍ ഡി റ്റി എസ് സൌണ്ടില്‍ കരയുന്ന ജപ്പാന്‍ കാക്ക. എല്ലാം വെള്ളയായപ്പോള്‍ താന്‍ മാത്രം കറുത്തതായല്ലോ എന്നോറ്ത്ത് പാവം വിഷമിച്ചിരിയ്ക്കുന്നു.അക്കരെപ്പച്ച ഇക്കരെപ്പച്ച അല്ല..അക്കരെ വെള്ള ഇക്കരെയും വെള്ള.!നിറയെ ആപ്പിളുകള് കായ്ച്ച് കിടന്നിരുന്ന എന്റെ, ന്ന്വച്ചാല്‍ എന്റെ അപ്പാറ്ട്ട്മെന്റിന്റെ അടുത്തുള്ള ഒരു ആപ്പിള്‍ത്തോട്ടം കരിഞ്ഞുണങ്ങി മഞ്ഞ് പുതച്ച് ഉറങ്ങുന്നു.ഒരു സവാരി ബോട്ട് മഞ്ഞ് നിറച്ച കുട്ട പോലെ..ചൂടന്‍ പടം എന്നൊക്കെ ഞാന്‍ പറഞ്ഞ് പറ്റിച്ചതല്ലേ ആരും പിണങ്ങേണ്ട..ദേ ഈ ഐസ്സ്റ്റിക്ക് എടുത്തോളൂ..


ഹാവൂ ഇത്രയും പടമൊക്കെ എടുത്തപ്പോഴേയ്ക്കും വെയില്‍ കാരണം എനിക്ക് കണ്ണ് കാണാ‍ന്‍ പറ്റാതായി, വിശപ്പും ഉണ്ടായിരുന്നേ. മഞ്ഞിന്റെ പുറത്ത് തെന്നിത്തെറിച്ച് നടന്ന് ഫോട്ടോ എടുക്കുന്ന എന്നെ കണ്ട് മഞ്ഞ് നീക്കം ചെയ്ത് കൊണ്ടിരുന്ന ഒന്ന് രണ്ട് ചേട്ടന്മാര്‍ "ഇവനിത് എന്തിന്റെ കേടാ..യെവന്‍ നമുക്ക് പണി ഉണ്ടാക്കും" എന്ന രീതിയില്‍ എന്നെ നോക്കി. അതോടെ ഫോട്ടോ പിടുത്തം നിറ്ത്തി പയ്യെ ഞാന്‍ കൂടണഞ്ഞു. ശുഭം!