Wednesday, May 23, 2007

ചീനവല ഇന്‍ ജപ്പാന്‍ !

ചീനവല എന്നാല്‍ ലോകത്ത് കൊച്ചിയില്‍ മാത്രം കാണുന്ന, ഏത് സായിപ്പ് വന്നാലും "ദേ അങ്ങാട് നോക്ക്, കണ്ടാ..???" എന്ന് പറഞ്ഞ് കൊച്ചിക്കാര്‍ കാട്ടി കൊടുക്കുന്ന വസ്തു എന്നാണ്‍ ഞാന്‍ വിചാരിച്ചിരുന്നത്..പക്ഷേ എന്ത് ചെയ്യാന്‍ ഇവിടുത്തെ അണ്ണന്മാരെ കൊണ്ട് തോറ്റു. ചൈനയില്‍ നിന്ന് ജപ്പാന്‍കാര്‍ ചോപ്സ്റ്റിക്കും,നൂഡിത്സും,കാഞ്ചിയും മറ്റും പൊക്കിക്കൊണ്ടുവന്ന സമയത്ത് ഇതും അടിച്ചുമാറ്റി ഇവിടെ ഇറക്കുമതി ചെയ്തിരുന്നു എന്ന് അറിയില്ലായിരുന്നു..താഴെയുള്ള പടങ്ങള്‍ നോക്കിക്കോ "ജാപ്പനീസ് ചീനവല" കാണാം.


കൊച്ചിയിലെപ്പോലെ ഇത് കായലിലും കടലിലും ഒന്നുമല്ല ഇവനെ സെറ്റപ്പ് ചെയ്തിരിക്കുന്നത്. ഒരു തടാകത്തിന്റെ ഓരത്ത് നാലഞ്ച് മുട്ടുകള്‍ ഒക്കെ കൊടുത്ത് ചെറിയ ഒരു പരിപാടി അത്ര തന്നെ...

കൊച്ചിയിലെ വലകള്‍ പക്ഷേ ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ വലുതാണ്‍. വലിയ കല്ലുകള്‍ കെട്ടിയിട്ട കയറുകള്‍ അഞ്ചാറാളുകള്‍ ചേര്‍ന്ന് ആയാസപ്പെട്ട് വലിച്ചാണ്‍ കൊച്ചിയില്‍ ചീനവല പൊക്കുന്നത് കണ്ടിട്ടുള്ളത്. പക്ഷേ ഇവന്റെ ഒപ്പറേഷന്‍ സിമ്പിള്‍. പ്രത്യേകിച്ച് പണിയൊന്നും ഇല്ലാത്ത ഒരു അപ്പാപ്പന്‍ ഉച്ചകഴിയുമ്പോള്‍ വന്ന് ഈ വലയും താഴ്ത്തി ഒരു സിസ്സറൊക്കെ വലിച്ച് ഇരിയ്ക്കും. പത്തിരുപത് മിനുട്ട് കൂടുമ്പോള്‍ കക്ഷി താഴെക്കാണുന്ന ചിത്രത്തിലേപ്പോലെ ആ ലിവറ് പിടിച്ച് താഴ്ത്തി മീനുണ്ടോ എന്ന് നോക്കും.

കിട്ടുന്ന മീനുകളെ (വല്ലതും കിട്ടിയാല്‍)തത്സമയം ചാകാന്‍ അനുവദിയ്ക്കാതെ തടി പ്ലാറ്റ്ഫോമിന്റെ വശത്തുള്ള മൂന്ന് സ്റ്റോറേജ് വലകളില്‍ സൂക്ഷിക്കും. കിട്ടിയാല്‍ ഊട്ടി ഇല്ലേല്‍ ചട്ടി എന്ന മട്ടില്‍ കക്ഷി വൈകുന്നേരം വരെ ഈ പരിപാടി തുടരും. അഞ്ച് മണിയായാല്‍ അപ്പാപ്പന്‍ ഉള്ള് മീനും പെറുക്കി, വലയും പൊക്കി വച്ച് സാമ്പാറ്വണ്ടിയില്‍ കയറി പോകും.

ഈ വണ്മാന്‍ ഷോ ചീനവല എതായലും കൊള്ളാവുന്ന പണിയാണല്ലോ എന്ന് കരുതി നടന്നപ്പോഴാണ്‍ അതിലും വലിയ ഒരു ടീം‍ കൊറ്റിയേ പോലെ ധ്യനത്തിലിരുന്ന് മീന്‍ പിടിക്കുന്നത് കണ്ടത്. താഴെ നോക്കിയേ ഇരിക്കണ ഇരിപ്പ് കണ്ടോ..:-)

പതിനായിരങ്ങള്‍ വിലയുള്ള ചൂണ്ടയും, മീന്‍ പിടിയ്ക്കനുള്ള ലൈസന്‍സും ഉള്ള ചേട്ടന്മാര്‍ മീന്‍ പിടിയ്ക്കണ കാ‍ണാന്‍ല്ലേ നമുക്ക് പറ്റൂ, അത് കൊണ്ട് വെറുതെ അവിടെ അധികം സമയം ചുറ്റിത്തിരിഞ്ഞ് കാറ്റ് കൊണ്ട് പനി പിടിപ്പിക്കാതെ ഞാ‍ന്‍ വീട്ടിലേക്ക് പോന്നു.

ജാമ്യം: കൊച്ചിയിലെ ഓപ്പറേഷന്‍ ചീനവല എതാണ്ട് 8-9 കൊല്ലം മുന്‍പ് കണ്ടതാണ്‍. മുകളില്‍ പറഞ്ഞിരിക്കുന്നതില്‍ എന്തെങ്കിലും പിശകുണ്ടെങ്കില്‍ പറയണേ..എപ്പോ തിരുത്തി എന്ന് ചോദിച്ചാല്‍ മതി.:-)

17 comments:

ഉത്സവം : Ulsavam said...

ചീനവല ചീനവലയേയ്...
ചീനവല ഇന്‍ ജപ്പാന്‍.

Rasheed Chalil said...

നല്ല ചിത്രങ്ങളും വിവരണവും.

അപ്പൂസ് said...

നല്ല പടംസ് & വിവരണംസ്.

പതിനായിരങ്ങള്‍ വിലയുള്ള ചൂണ്ടയും, മീന്‍ പിടിയ്ക്കനുള്ള ലൈസന്‍സും ഉള്ള ചേട്ടന്മാര്‍ മീന്‍ പിടിയ്ക്കണ കാ‍ണാന്‍ല്ലേ നമുക്ക് പറ്റൂ:
ഉത്സവം ചേട്ടാ, ജപ്പാനില്‍ കെ.റ്റി.ഡി.എഫ്.സി ഇല്ലേ? ഒരു നിക്ഷേപം തുടങ്ങൂ.. :)

sandoz said...

ഉം..കൊള്ളാം....
ഉത്സവമേ......
ജപ്പാനില്‍ കൊച്ചിയുണ്ട്‌.
കൊച്ചിയില്‍ ജപ്പാനും...
ജപ്പാന്‍ ഇലട്രോണിക്സ്‌-പള്ളിമുക്ക്‌...
കേട്ടിട്ടില്ലേ......

പിന്നെ......
വലയും ചൂണ്ടയുമൊന്നുമില്ലാതെ മീന്‍ പിടിക്കാന്‍ ഒരു വിദ്യ പറഞ്ഞ്‌ തരാം.
പക്ഷേ തടാകത്തില്‍ പറ്റില്ല.
നല്ല ഒഴുക്കുള്ള വെള്ളത്തിലേ പറ്റൂ.....
മീന്‍ പിടിക്കാനായിട്ട്‌ പോകുമ്പോള്‍ കൈലി ഉടുത്തോണ്ട്‌ പോകുക.
എന്നിട്ട്‌ ഒഴുക്കിനെതിരെ ഉടുമുണ്ടഴിച്ച്‌ വിടര്‍ത്തിപ്പിടിക്കുക.മീന്‍ ഒഴുകിവന്ന് മുണ്ടിനകത്ത്‌ കയറാന്‍ കാത്തിരിക്കുക.അപ്പോള്‍ നല്ല ഒഴുക്കില്‍ മുണ്ട്‌ കൈയില്‍ നിന്ന് വിട്ട്‌ പോകുകയും ഒഴുകിയൊഴുകി ദൂരേക്ക്‌ പോകുകയും ചെയ്യും.
ഉടനേ തന്നെ പുഴക്കരയില്‍ നിന്ന് ഒരു പഴേ ന്യൂസ്‌ പേപ്പര്‍ കഷണം തപ്പിയെടുത്ത്‌ അരയില്‍ ചുറ്റുകയോ....
ഇരുട്ടാവുന്നത്‌ വരെ പുഴയില്‍ മുങ്ങിക്കിടക്കുകയോ ചെയ്യുക....
എന്നിട്ട്‌ ....
ചന്തയില്‍ നിന്ന് അരക്കിലോ മീനും വാങ്ങി വീട്ടില്‍ പോവുക......
കഴിഞ്ഞു......
മീന്‍ പിടുത്തം എന്തെളുപ്പം അല്ലേ.....

വേണു venu said...

തകര്‍പ്പന്‍‍ വിവരണം നല്ല ചിത്രങ്ങള്‍‍.:)

:: niKk | നിക്ക് :: said...

ഉത്സവമേ, നമുക്കിത് കൊച്ചിയില്‍ ഇന്‍കോര്‍പ്പറേറ്റ് ചെയ്താലോ? സംഭവമായിരിക്കും :)

പിന്നെ സാന്റോസ് പറഞ്ഞതിനോട് 99% യോജിക്കുന്നു :)

“ജപ്പാനില്‍ കൊച്ചിയുണ്ട്‌.
കൊച്ചിയില്‍ ജപ്പാനും...
ജപ്പാന്‍ ഇലട്രോണിക്സ്‌-പള്ളിമുക്ക്‌...”

:)

മുസ്തഫ|musthapha said...

ഉത്സവമേ അസ്സലായിട്ടുണ്ട് :)

santhosh balakrishnan said...

കൊള്ളാം..നല്ല പടങള്

പുള്ളി said...

ചീനവല ജപ്പാനിലും, ജപ്പാന്‍ ബ്ലാക്ക് ചൈനയിലും ഇതു് രണ്ടും കൊച്ചിയിലും കിട്ടും. ഗ്ലോബലൈസേഷന്‍ പോണ ഒരു പോക്കേയ്!

ഉത്സവം : Ulsavam said...

ചിത്രങ്ങള്‍ കണ്ട് അഭിപ്രായം രേഖപ്പെടുത്തിയ
ഇത്തിരി,
അപ്പൂസ്,
സന്റോ,
വേണുമാഷ്,
നിക്ക്,
അഗ്രു,
സന്തോഷ്,
പുള്ളി,
എന്നിവറ്ക്ക് നന്ദി.

സാന്റോ, ഹോണോലുലു സ്റ്റയില്‍ മീന്‍പിടിത്തം അല്ലേ..:-)
ജപ്പാനിലെ കൊച്ചിയുടെ ഫോട്ടം ദേ ഇവിടെഉണ്ട്.

Sathees Makkoth | Asha Revamma said...

ഉത്സവമേ,
അടിപൊളി വിവരണവും പടങ്ങളും!

ആഷ | Asha said...

ഉത്സവമേ,
വളരെ നന്നായിരിക്കുന്നു. ഒരു ഡൌട്ട് ആ അവസാനപടത്തിലെ ആള്‍ എങ്ങനെയാ ആ പ്ലാറ്റ്ഫോമിലെത്തുന്നത്? നീന്തി ചെന്നു ഇരിക്കുമോ? അതോ കരയില്‍ നിന്നും നീക്കി നീക്കി കൊണ്ടു പോകാവുന്നതാണൊ ആ പ്ലാറ്റ്ഫോം ആലോചിച്ചിട്ടു ഒരു എത്തും പിടിയും കിട്ടുന്നില്ല.

കരീം മാഷ്‌ said...

പുതിയ അറിവും കാഴ്ചയും
നന്നായിരിക്കുന്നു.

absolute_void(); said...

ഉത്സവത്തിന്‍റെ ബ്ലോഗ് ഇതാദ്യമായാണ് ഞാന്‍ സന്ദര്‍ശിക്കുന്നത്. ഇവിടം എനിക്കിഷ്ടപ്പെട്ടു. തിരഞ്ഞെടുത്ത വിഷയവും അവതരിപ്പിച്ച രീതിയും കൊള്ളാം. ജപ്പാനിലെ ചീനവലയും ലക്ഷങ്ങളുടെ ചൂണ്ടയും കാട്ടിത്തന്നതിന് നന്ദി. ഇനിയും വരാം.

ഉത്സവം : Ulsavam said...

ചീനവല കണ്ട് വണ്ടറടിച്ച
സതീശ്,ആഷ,കരീം മാഷ്, SRJ, നന്ദി.
ആഷാ, അവസാന പടത്തിലെ ആ സ്റ്റൂള്‍ ഒരു പോറ്ട്ടബിള്‍ സ്റ്റൂള്‍ ആണ്‍. അവിടെ അധികം ആഴമില്ലാത്ത സ്ഥലമായതിനാല്‍ പയ്യെ ഇറങ്ങി ചെന്ന് സ്റ്റൂളിന്റെ കാല്‍ വെള്ളത്തിന്റെ നിരപ്പിന് അഡ്ജസ്റ്റ് ചെയ്ത് ഇരിയ്ക്കാം :-)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:

അടുത്ത തവണ ഇത്തിരി നേരം കൂടിയിരുന്ന് പിടക്കണ ജപ്പാന്‍ മീനിന്റെ പടം കൂടി പ്ലീസ്....

ഖാന്‍പോത്തന്‍കോട്‌ said...

ഒരുപാട് എഴുതുന്നില്ല ഒരു ആശംസയില്‍ നിര്‍ത്തുന്നു